നോബല്‍ പുരസ്‌കാരം നേടിയ ആദ്യ മുസ്‌ലിം വനിതയും ഇറാന്‍ പൗരയുമാണ് ഷിറിന്‍ ഇബാദി. ഇറാനിലെ യാഥാസ്ഥിതിക ഭരണകൂടത്തെ പുരോഗമനാശയങ്ങളുയര്‍ത്തി എതിര്‍ത്തതിനാല്‍ വര്‍ഷങ്ങളായി ലണ്ടനിലാണ് ഇബാദി താമസിക്കുന്നത്.
1947 ജൂണ്‍ 21ന് ഇറാനിലെ ഹമദാനിലാണ് ഷിറിന്‍ ഇബാദിയുടെ ജനനം. പിതാവ് മുഹമ്മദലി ഇബാദി. ശീഈ മുസ്‌ലിമാണ്. ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തരബിരുദം നേടിയ ഷിറിന്‍ ടെഹ്‌റാന്‍ഡ സിറ്റി കോടതി അധ്യക്ഷയായി ചുമതലയേറ്റു. ഇറാനിലെ പ്രഥമ വനിതാ ന്യായാധിപയാണ് ഇവര്‍.
മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുകയും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംഘടന രൂപീകരിക്കുകയും ചെയ്തു. അസോസിയേഷന്‍ ഫോര്‍ സപ്പോര്‍ട്ട് ഓഫ് ചില്‍ഡ്രന്‍ റൈറ്റ്‌സ് സ്ഥാപിച്ചത് ഷിറിന്‍ ഇബാദിയാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് 2003ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അവരെ തേടിയെത്തിയത്.
2004ല്‍ ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലോകചരിത്രത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഷിറിന്‍ ഇബാദിയും ഇടം പിടിച്ചു.