Skip to main content

ഇറാന്‍

വിസ്തീര്‍ണം : 1,628,771 ചതുരശ്ര കി.മി
ജനസംഖ്യ : 80,697,000 (2017)
അതിരുകള്‍ : വടക്ക് അസര്‍ബൈജാന്‍, തെക്ക് അറേബ്യന്‍ ഉള്‍ക്കടല്‍, കിഴക്ക് പാക്കിസ്താന്‍, പടിഞ്ഞാറ് ഇറാഖ്.
തലസ്ഥാനം : തെഹ്‌റാന്‍
മതം : ഇസ്‌ലാം (ശീഅ ഇസ്‌നാ അശരിയ്യ)
ഭാഷ : പേര്‍ഷ്യന്‍
കറന്‍സി : റിയാല്‍
വരുമാന മാര്‍ഗം : എണ്ണ, പ്രകൃതി വാതകം, കൃഷി
പ്രതിശീര്‍ഷ വരുമാനം : 5383 ഡോളര്‍ (2017)

ചരിത്രം:
പ്രശസ്തരായ ചക്രവര്‍ത്തിമാരും ജേതാക്കളും ജന്മം കൊണ്ട പേര്‍ഷ്യയാണ് പിന്നീട് ഇറാനായി മാറിയത്. മേദിയ, പേര്‍ഷ്യ എന്നീ ആര്യഗോത്രങ്ങള്‍ വസിച്ചിരുന്നതിനാല്‍ ആര്യന്മാരുടെ രാജ്യം എന്നര്‍ഥം വരുന്ന 'ഇറാന്‍' ഉണ്ടായി.

സസാനിയന്‍ ചക്രവര്‍ത്തി യസ്ദജുര്‍ദ് പേര്‍ഷ്യ ഭരിക്കുന്ന ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഉമര്‍(റ) ആയിരുന്നു ഇസ്‌ലാമിക ഖലീഫ. റുസ്തമിന്റെ പടനായകത്വത്തിലെത്തിയ വലിയ സേനയെ സഅ്ദുബ്‌നു അബീ വഖ്ഖാസ്(റ) തകര്‍ത്തു വിട്ടു. തുടര്‍ന്ന് പേര്‍ഷ്യ ഇസ്‌ലാമിനു കീഴിലായി. മജൂസികള്‍ (അഗ്നിയാരാധകര്‍) കൂട്ടത്തോടെ ഇസ്‌ലാമിലേക്കു വന്നു.

ഉമവിയ്യ, അബ്ബാസിയ ഭരണ കാലത്ത് ഇറാനില്‍ സുവര്‍ണ യുഗമായിരുന്നു. പത്ത്, പതിനൊന്ന് ശതകങ്ങളില്‍ ശാസ്ത്രവും സാഹിത്യവും ഇറാനിനെ ലോകത്തിന്റെ കേന്ദ്രബിന്ദുവാക്കി. ഫിര്‍ദൗസിയുടെ 'ശാഹ് നാമ'യും ഇബ്‌നുജരീര്‍ അത്ത്വബ്‌രിയുടെ ചരിത്രഗ്രന്ഥവും ഇബ്‌നുസീനയുടെശസ്ത്രഗ്രന്ഥങ്ങളും അല്‍ ബിറൂനി, ത്വൂസി, ഖുതുബുദ്ദീന്‍ ശീറാസി എന്നിവരുടെ വൈജ്ഞാനിക സംഭാവനകളും അറബി ഭാഷയിലൂടെ ഇറാനില്‍ നിന്നാണ് ലോകത്തിനു ലഭിച്ചത്.

ഇസ്‌ലാമിക സംസ്‌കാരം നിലനിര്‍ത്തിപ്പോന്ന ഇറാനില്‍പക്ഷേ ഷാ ഭരണകൂടം വന്നതോടെ അവസ്ഥ മാറി. 1950കള്‍ക്കു ശേഷം ഇറാനെ നയിച്ച മുഹമ്മദ് മുസ്സദ്ദിഖ് ഇറാനെ മതേതര വത്കരിക്കുകയും ആധുനീകരിക്കുകയും ചെയ്തു. ഇതിനെതിരെ രംഗതു വന്ന അയത്തുല്ല ഖുമൈനിയെ ഷാ നാടുകടത്തി.

ഷാക്കെതിരെ 1979ല്‍ നടന്ന വിപ്ലവം വിജയിക്കുകയും നാടുകടത്തപ്പെട്ട ഖുമൈനി തിരിച്ചെത്തി 1979 ഫെബ്രുവരിയില്‍ പുതിയ ഗവണ്‍മെന്റ് രൂപവത്കരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറാന്റെ ആത്മീയ നേതാവായി ഖുമൈനി അവരോധിക്കപ്പെട്ടു. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. ആര്‍കിടെക്ചര്‍, കരകൗശലം, സാഹിത്യം, സിനിമ മേഖലകളില്‍ ഇറാന് സവിശേഷമായ ഇടമുണ്ട്. 1979 സാംസ്‌കാരിക വിപ്ലവത്തിനു കൂടിയാണ് മണ്ണൊരുക്കിയെന്നു കാണാം.

1979 മുതല്‍ പത്തുവര്‍ഷക്കാലം നീണ്ടുനിന്ന ഇറാഖുമായുള്ള യുദ്ധം ഇറാന് കനത്ത നഷ്ടങ്ങളാണ് വിതച്ചത്. 1989 ജൂണ്‍ മൂന്നിന് ഖുമൈനി മരിച്ചു. തുടര്‍ന്ന് ആയത്തുല്ല ഖാംനഈ പിന്‍ഗാമിയായി, അലി ഹാശിം റഫ്‌സഞ്ചാനി പ്രസിഡന്റുമായി. പിന്നെയാണ് ഇറാന്‍ പുരോഗതിയിലേക്ക് കുതിക്കുന്നത്. മുഹമ്മദ് ഖാതമി, അഹ്മദി നജാദ് എന്നിവരും ഇറാനെ വന്‍ശക്തിയാക്കി മാറ്റി. ഇപ്പോള്‍ (2021) ആയത്തുല്ല ഖാംനഈ ആത്മീയ നേതാവും ഇബ്‌റാഹീം റഈസി പ്രസിഡന്റുമാണ്.

ശീആ ഇസ്‌നാഅശരിയ്യയാണ് ഔദ്യോഗിക മതം. 90 ശതമാനം ജനങ്ങളും ഈ വിഭാഗക്കാരാണ്. അഞ്ചു ശതമാനം സുന്നി(കുര്‍ദ്)കളും.
 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446