Skip to main content

വിവാഹവും പ്രായവും

ഒരാള്‍ വിവാഹിതനാവുന്നതോടുകൂടി പുതിയ ഒരു ജീവിതക്രമത്തിലേക്ക് ചുവടുവെയ്ക്കുകയാണ് ചെയ്യുന്നത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള യോജിപ്പും കൂട്ടുജീവിതവും മാത്രമാണ് എന്ന് അതിനെ പരിമിതപ്പെടുത്താവുന്നതല്ല. രണ്ട് ഭിന്നജീവിത സാഹചര്യങ്ങളില്‍നിന്ന് വളര്‍ന്നുവന്ന വ്യക്തികള്‍ ഒന്നായിച്ചേരുമ്പോള്‍ ദമ്പതികള്‍ തമ്മിലുള്ള മാനസിക ഐക്യവും പൊരുത്തവും നിലനിന്നെങ്കില്‍ മാത്രമേ ഈണവും ഇമ്പവുമുള്ള കുടുംബജീവിതം മുന്നോട്ടുപോവുകയുള്ളൂ. വിവാഹത്തിനായി പുരുഷനും സ്ത്രീയും ഒരുങ്ങുമ്പോള്‍ അവരുടെ പ്രായപരിധിയെക്കുറിച്ച് കാഴ്ചപ്പാട് വേണമെന്ന് പറയുന്നത് ദമ്പതികളാവുന്നവരുടെ ബന്ധത്തിന് ഊഷ്മളത കിട്ടാനാണ്. വിവാഹത്തില്‍ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളില്‍ പ്രായവും ഇസ്‌ലാം പ്രാധാന്യപൂര്‍വം ഉണര്‍ത്തിയിട്ടുണ്ട് എന്ന് വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രവാചകവചനങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. സ്ത്രീ പുരുഷ രഹസ്യം മനസ്സിലാവുന്നവിധം വിവേകവും ബുദ്ധിയും പ്രാപിച്ച പ്രായഘട്ടത്തില്‍ വിവാഹമാകാമെന്ന് ഇസ്‌ലാം നിഷ്‌ക്കര്‍ഷിക്കുന്നു. അല്ലാഹു പറയുന്നു: ''അനാഥക്കുട്ടികളെ നിങ്ങള്‍ പരീക്ഷിച്ചുനോക്കുക. അങ്ങനെ അവര്‍ വിവാഹപ്രായം എത്തുകയും അവരില്‍ പക്വത നിങ്ങള്‍ കാണുകയും ചെയ്താല്‍ അവരുടെ ധനം അവര്‍ക്ക് നിങ്ങള്‍ വിട്ടുകൊടുക്കുവിന്‍'' (4:6).

വിവാഹത്തിന് സ്ത്രീയുടെ അനുവാദം കൂടി പരിഗണിക്കണമെന്നതാണ് ഇസ്‌ലാമിന്റെ ശക്തമായ നിര്‍ദേശം. അവള്‍ക്ക് അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്. കന്യകയാണെങ്കില്‍ ലജ്ജ കാരണം മൗനം ദീക്ഷിച്ചാല്‍ അതും അനുവാദമായി പരിഗണിക്കണമെന്നതാണ് പണ്ഡിതാഭിപ്രായം. പക്വമതിയായ സ്ത്രീയാണെങ്കിലും വിവാഹത്തിന് അനുവാദം നല്‍കിക്കൊണ്ട് ലജ്ജ കാരണം മൗനവലംബിക്കുക എന്നത് സ്വാഭാവികമാണ്. നബി(സ്വ), അല്ലയോ യുവസമൂഹമേ (യാ മഅ്ശറശ്ശബാബ്) എന്ന് വിളിച്ചാണ് വിവാഹം ചെയ്യാന്‍ നിര്‍ദേശിക്കുന്നത്. വിവാഹപ്രായമെത്തിയാല്‍ മക്കളെ വിവാഹം ചെയ്തുകൊടുക്കണമെന്നാണ് നബി(സ്വ) നിര്‍ദേശിക്കുന്നത്. വിവാഹം നേരത്തെ നടന്നുവെങ്കിലും പ്രവാചകന്‍(സ്വ) ആഇശ(റ)യുമായി ഭാര്യഭര്‍തൃ ബന്ധം സ്ഥാപിച്ചത് അവര്‍ പ്രായപൂര്‍ത്തിയെത്തിയ ശേഷമായിരുന്നു എന്നത് ശ്രദ്ധേയമാണ്. വിവാഹത്തിന് നിശ്ചിത പ്രായപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും ഇസ്‌ലാം ശൈശവവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
 

Feedback
  • Thursday Apr 3, 2025
  • Shawwal 4 1446