Skip to main content

നമസ്‌കാരം ആവര്‍ത്തിക്കല്‍

ഒരിക്കല്‍ നിര്‍വഹിച്ച നമസ്‌കാരം വീണ്ടും നിര്‍വഹിക്കാമോ? അങ്ങനെ ചെയ്യാമെന്നാണ് പ്രവാചകന്റെ അരുളപ്പാട്. അതായത് ഒരാള്‍ തനിച്ച് നമസ്‌കരിച്ചു. പിന്നീട് ആ നമസ്‌കാരത്തിന്റെ സമയത്ത് തന്നെ ഒരു ജമാഅത്ത് നമസ്‌കാരം കണ്ടാല്‍ അവരോടൊപ്പം വീണ്ടും നമസ്‌കരിക്കാം. 

ജാബിറുബ്‌നു യസീദ് തന്റെ പിതാമഹനില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ഞാന്‍ നബി(സ്വ)യോടൊപ്പം ഹജ്ജില്‍ പങ്കെടുത്തു. ഖൈഫിലെ പള്ളിയില്‍വെച്ച് നബിയോടൊപ്പം ഞാന്‍ പ്രഭാത നമസ്‌കാരം നിര്‍വഹിച്ചു. ഞാന്‍ അന്ന് ഒരു ചെറുപ്പക്കാരനായിരുന്നു. നമസ്‌കാരം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്കു പിറകില്‍ രണ്ടാള്‍ നില്ക്കുന്നു. അവര്‍ നമസ്‌കരിച്ചിട്ടില്ല. നബി(സ്വ) പറഞ്ഞു: അവരെ എന്റെ അടുത്തു കൊണ്ടുവരിക. അവരെ നബി(സ്വ)യുടെ അടുത്തേക്ക് കൊണ്ടു വന്നു. അവരുടെ പേശികള്‍ വിറക്കുന്നുണ്ടായിരുന്നു. നബി(സ്വ) ചോദിച്ചു: ഞങ്ങളോടൊപ്പം നമസ്‌കരിക്കുന്നതിനു നിങ്ങള്‍ക്കെന്താണ് തടസ്സമായത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഞങ്ങളുടെ തമ്പുകളില്‍ വച്ച് നമസ്‌കരിച്ചിട്ടുണ്ട്. നബി(സ്വ) പറഞ്ഞു: അങ്ങനെ ചെയ്യരുത്. നിങ്ങളുടെ തമ്പുകളില്‍ വച്ച് നിങ്ങള്‍ നമസ്‌കരിച്ചശേഷം ജമാഅത്തു നടക്കുന്ന പള്ളിയില്‍ നിങ്ങള്‍ വന്നാല്‍ അവരോടൊപ്പം നിങ്ങള്‍ നമസ്‌കരിക്കുക. അത് നിങ്ങള്‍ക്ക് ഐച്ഛികമായ പുണ്യകര്‍മമായിരിക്കും'' (അബൂദാവൂദ്, തിര്‍മിദി). 

ഈ ഹദീസിന്റെയും ഇതേ അര്‍ഥത്തിലുള്ള മറ്റു ഹദീസുകളുടെയും വെളിച്ചത്തില്‍ ഒരു ഫര്‍ദ് നമസ്‌കാരം മറ്റൊരു വലിയ ജമാഅത്തിന്റെ കൂടെ ആവര്‍ത്തിച്ചു നിര്‍വഹിക്കാവുന്നതാണ്.


 

Feedback