Skip to main content

രോഗിയുടെ നമസ്‌കാരം

പ്രായപൂര്‍ത്തിയായാല്‍ മരണം വരെ നമസ്‌കാരം വീഴ്ചകൂടാതെ നിര്‍വഹിക്കണം. രോഗം, യാത്ര, എന്നിങ്ങനെയുള്ളവയൊന്നും നമസ്‌കാരം നിര്‍വഹിക്കുന്നതിന് തടസ്സമാവരുത്; യുദ്ധം പോലും. എന്നാല്‍ ഇത്തരം ഘട്ടങ്ങളില്‍ ചില ഇളവുകള്‍ മതം അനുവദിച്ചിട്ടുണ്ട്. മതത്തിന്റെ പൊതുതത്വത്തിന്റെ അടിസ്ഥാനത്തിലാണത്. 

''അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നിര്‍ബന്ധിക്കുന്നില്ല'' (വി.ഖു. 2:286). ''നിങ്ങള്‍ക്ക് മതകാര്യങ്ങളില്‍ അവന്‍ യാതൊരു ഞെരുക്കവുമുണ്ടാക്കിയിട്ടില്ല'' (വി.ഖു. 22:78).

അതിനാല്‍ സാധാരണ അവസ്ഥയില്‍ നമസ്‌കാരത്തില്‍ പാലിക്കേണ്ട പൊതുനിയമത്തില്‍ രോഗിക്ക് ഇളവുണ്ട്. നമസ്‌കാരത്തിന്റെ രൂപം, സമയം എന്നിവയിലും ജമാഅത്തില്‍ പങ്കെടുക്കുന്നതിലുമാണ് ഇളവുകളുള്ളത്. 

നിന്നുകൊണ്ടാണ് നമസ്‌കരിക്കേണ്ടത്. നില്ക്കാന്‍ കഴിയാത്ത വിധം ക്ഷീണമോ തളര്‍ച്ചയോ പിടിപെട്ടാല്‍ ഇരിക്കാന്‍ കഴിയുമെങ്കില്‍ ഇരുന്നോ അതിനും കഴിയില്ലെങ്കില്‍ കിടന്നോ നമസ്‌കരിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ റുകൂഅ്, ഇഅ്തിദാല്‍, സുജൂദുകള്‍ക്കിടയിലെ ഇരുത്തം, സലാം വീട്ടല്‍ എന്നിവയിലൊക്കെ കുറവുകളും വ്യത്യാസങ്ങളും വരുന്നു. അതുപോലെ മൂത്രവാര്‍ച്ച, ഇസ്തിഹാദ്വത്ത് (രക്തസ്രാവം) എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് രണ്ടുസമയത്തെ നമസ്‌കാരങ്ങള്‍ ഒരു വുദൂകൊണ്ട് നമസ്‌കരിക്കാന്‍ കഴിയുമാറ് ഒന്നിന്റെ സമയം വൈകിപ്പിക്കാം. കിടന്നു കൊണ്ട് നമസ്‌കരിക്കുമ്പോള്‍ റുകൂഇലും സുജൂദിലും മറ്റും ആംഗ്യം കാണിക്കാന്‍ പോലും കഴിയാത്തവന് അതൊക്കെ മനസ്സില്‍ വിചാരിച്ചാല്‍ മതി. 

''ഇംറാനുബ്‌നു ഹുസൈ്വന്‍(റ) പറയുന്നു: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: നീ നിന്നുകൊണ്ട് നമസ്‌കരിക്കുക. അതിനു കഴിയില്ലെങ്കില്‍ ഇരുന്നുകൊണ്ട്. അതിനും കഴിയില്ലെങ്കില്‍ കിടന്നുകൊണ്ട്'' (ബുഖാരി). 

നബി(സ്വ) ഒരിക്കല്‍ കുതിരപ്പുറത്തു നിന്നു വീണ് വലതുഭാഗം ഉരഞ്ഞുവീര്‍ത്തു. അന്ന് നബി(സ്വ) ഇരുന്നു നമസ്‌കരിക്കുകയും സ്വഹാബികള്‍ ഇരുന്നുകൊണ്ട് നബിയെ തുടരുകയും ചെയ്തു (ബുഖാരി, മുസ്‌ലിം).

ഇമാം ദീര്‍ഘമായി നമസ്‌കരിക്കുമ്പോള്‍ അസൗകര്യമനുഭവപ്പെടുന്ന രോഗികള്‍ക്ക് ജമാഅത്തില്‍ നിന്ന് മാറി തനിയെ നമസ്‌കരിക്കാം. 

കിടന്നാണ് നമസ്‌കരിക്കുന്നതെങ്കില്‍ സാധിക്കുന്ന ഏത് ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ടുമാകാം. നബി(സ്വ) പ്രത്യേക ഭാഗം നിര്‍ണയിച്ചിട്ടില്ല. തന്നെയുമല്ല, രോഗവും വേദനയും ഏതെങ്കിലും പ്രത്യേക ഭാഗത്താണെങ്കില്‍ മറുഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് മാത്രമാണല്ലോ നമസ്‌കരിക്കാന്‍ കഴിയുക. 

അപ്രകാരംതന്നെ കിടന്നു നമസ്‌കരിക്കുമ്പോള്‍ ഖിബ്‌ലയും പരിഗണിക്കേണ്ടതില്ല. ചെരിഞ്ഞു കിടന്നുകൊണ്ടോ മലര്‍ന്നു കിടന്നുകൊണ്ടോ നമസ്‌കരിക്കുന്നവര്‍ക്ക് ഖിബ്‌ലയെ ശരിയാംവണ്ണം അഭിമുഖീകരിക്കാന്‍ സാധ്യവുമല്ല. 

ഇരുന്നു നമസ്‌കരിക്കുമ്പോള്‍ റുകൂഅ് അല്പം കുനിഞ്ഞ് നിര്‍വഹിക്കണം. സുജൂദ് യഥാവിധി ചെയ്യാന്‍ കഴിയില്ലെങ്കില്‍ റുകൂഇനേക്കാള്‍ അല്പം കൂടുതല്‍ കുനിഞ്ഞാല്‍ മതി. 

രോഗം ബാധിച്ചത് ശരീരത്തിന്റെ ഏത് അവയവങ്ങള്‍ക്കാണെന്ന് പരിഗണിച്ചുകൊണ്ടാണ് കര്‍മങ്ങള്‍ ചെയ്യുന്നതില്‍ ഇളവുള്ളത്. ചിലര്‍ക്ക് ഇരിക്കാനും കുനിയാനും കഴിയില്ല. എന്നാല്‍ നില്ക്കുന്നതിന് വിഷമവുമില്ല എന്നു വരാം. ഈ സന്ദര്‍ഭത്തില്‍ നിന്നു നമസ്‌കരിക്കാം. റുകൂഇനും സുജൂദിനും ആംഗ്യം കാണിച്ചാല്‍ മതി.

മൂത്രവാര്‍ച്ചാരോഗമുള്ളവരോ മലവും മൂത്രവും കൃത്രിമ ദ്വാരങ്ങളിലൂടെയോ ട്യൂബുകളിലൂടെയോ പുറത്തുവരുന്നവരോ ആയ രോഗികള്‍ക്ക് നമസ്‌കരിക്കുന്നതിന്റെ തൊട്ടുമുമ്പ് വുദൂ എടുത്ത് രണ്ട് നമസ്‌കാരങ്ങള്‍ ഒരേ സമയത്ത് നിര്‍വഹിക്കാവുന്നതാണ്. അതിനു കഴിയുമാറ് ആദ്യ നമസ്‌കാരം വൈകിപ്പിക്കാം. അത്തരക്കാരുടെ ശരീരത്തില്‍ നജസിന്റെ അംശങ്ങള്‍ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് നമസ്‌കാരത്തിനു ഭംഗം വരുന്നില്ല. അതും ഒരിളവുതന്നെ.
 

Feedback
  • Saturday Nov 23, 2024
  • Jumada al-Ula 21 1446