ചെറിയ അശുദ്ധിയില്‍ നിന്ന് മുക്തമാവാനാണല്ലോ വുദൂ ചെയ്യുന്നത്. നമസ്‌കാരത്തിനും ത്വവാഫിനും വുദൂ കൂടിയേ തീരൂ. നബി(സ്വ)യുടെയും സ്വഹാബികളുടെയും ജീവിതം പരിശോധിച്ചാല്‍ മിക്ക സമയങ്ങളിലും അവര്‍ക്ക് വുദൂ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. ചില പ്രത്യേകതരം ആഹാരങ്ങള്‍ കഴിച്ചാല്‍ വുദൂ ചെയ്യുന്നതിനെപ്പറ്റി ഹദീസുകളില്‍ ചര്‍ച്ചവരാന്‍ കാരണം അതായിരിക്കാം. എന്നാല്‍ നമസ്‌കാരത്തിനും ത്വവാഫിനും മാത്രമേ നിര്‍ബന്ധമായും വുദൂ വേണ്ടതുള്ളൂ.
വിശുദ്ധ ഖുര്‍ആനിന്റെ ലിഖിതരൂപമായ മുസ്ഹഫ് കൈയില്‍ പിടിക്കുകയോ പാരായണം നടത്തുകയോ ചെയ്യാന്‍ വുദൂ നിര്‍ബന്ധമാണ് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സൂറതുല്‍ വാഖിഅയിലെ 56:79 ആയത്തിലെ 'അല്‍ മുത്വഹ്ഹറൂന്‍'(പരിശുദ്ധന്മാര്‍) ആരാണെന്ന കാര്യത്തെ സംബന്ധിച്ച അവരുടെ വീക്ഷണമാണ് അതിനു കാരണം. അത് ചെറിയ അശുദ്ധിയില്ലാത്തവരാണ്, അഥവാ വുദൂ ഉള്ളവരാണ് എന്ന് ചിലര്‍ പറയുന്നു. പ്രസ്തുത സൂക്തങ്ങളുടെ ആശയമിതാണ്: ''ഇത് ആദരണീയമായ ഒരു ഖുര്‍ആന്‍ തന്നെയാകുന്നു. ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു രേഖയിലാകുന്നു അത്. പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത് സ്പര്‍ശിക്കുകയില്ല'' (56:77-79).
പരിശുദ്ധരായ മലക്കുകളാണ് ഇവിടെ ഉദ്ദേശ്യം എന്നാണ് പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, വുദൂ കൂടാതെ ഖുര്‍ആന്‍ തൊടരുത് എന്ന് നബി (സ്വ)യില്‍ നിന്ന് ഖണ്ഡിതമായി ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വുദൂ ഉണ്ടാകുന്നത് നന്ന് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല.