വുദൂ ചെയ്യുമ്പോള്‍ ഷൂ, ബൂട്‌സ് തുടങ്ങിയ പാദരക്ഷകള്‍ ഓരോ സമയത്തും അഴിച്ചുമാറ്റണമെന്നില്ല. കാല്‍ കഴുകുന്നതിനു പകരം ഷൂസിന്റെ മുകളില്‍ തടവിയാല്‍ മതി. മനുഷ്യര്‍ക്ക് വിഷമം ഇല്ലാതിരിക്കുവാന്‍ വേണ്ടി അല്ലാഹു നല്‍കിയ ഇളവുകളില്‍ ഒന്നത്രെ ഇത്. നബി(സ്വ)യും സ്വഹാബികളും സാധാരണ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നുവെന്ന് വിവിധ ഹദീസുകളില്‍ കാണാം. ഈ വിഷയത്തില്‍ കാര്യമായ അഭിപ്രായവ്യത്യാസവുമില്ല. എങ്കിലും സാധാരണക്കാര്‍ പലരും ഇതു മനസ്സിലാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ പ്രാവര്‍ത്തികമാക്കാന്‍ പലര്‍ക്കും മടിയാണു താനും.
''ജരീര്‍(റ) മൂത്രിച്ചതിനു ശേഷം വുദൂചെയ്തു. തന്റെ രണ്ടു പാദരക്ഷകളില്‍ തടവുകയും ചെയ്തു. ഇങ്ങനെയാണോ താങ്കള്‍ ചെയ്യുന്നത് എന്ന് അദ്ദേഹത്തോട് ചോദിച്ചു. 'അതേ, റസൂല്‍(സ്വ) മൂത്രിച്ചതിനു ശേഷം വുദൂ എടുക്കുകയും തന്റെ രണ്ടു പാദരക്ഷകളിന്മേല്‍ തടവുകയും ചെയ്യുന്നത് ഞാന്‍കണ്ടിട്ടുണ്ട് എന്നദ്ദേഹം മറുപടി നല്‍കി'' (ബുഖാരി, മുസ്‌ലിം).
''ബിലാല്‍(റ) പറയുന്നു: "നബി(സ്വ) കാല്‍ കഴുകുന്നതിനു പകരം രണ്ട് ഷൂസുകളിലും (തല തടവുന്നതിനു പകരം) ശിരോവസ്ത്രത്തിന്മേലും തടവുന്നതു ഞാന്‍ കണ്ടിട്ടുണ്ട്.''
മുഗീറതുബ്‌നു ശുഅ്ബ(റ) പറയുന്നു: ''റസൂല്‍(സ്വ) വുദൂ ചെയ്തിട്ട് (കാല്‍ കഴുകുന്നതിനു പകരം) രണ്ടു സോക്‌സിന്മേലും ചെരുപ്പിന്മേലും തടവി.''
ഇതും മറ്റു റിപ്പോര്‍ട്ടുകളും അടിസ്ഥാനപ്പെടുത്തി ഷൂസും സോക്‌സും ആണെങ്കിലും അതിന്മേല്‍ തടവിയാല്‍മതി എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. ഈ അഭിപ്രായത്തിനാണ് ഹദീസിന്റെ പിന്‍ബലം. വുദൂഇല്‍ കാല്‍ കഴുകുന്നതിനു പകരം ഷൂസുകളില്‍ തടവണമെങ്കില്‍ അത് ധരിക്കുന്ന സമയത്ത് വുദൂ ഉണ്ടായിരിക്കണം.
മുഗീറതുബ്‌നു ശുഅ്ബ(റ) പറയുന്നു: ''ഒരു യാത്രയില്‍ രാത്രി ഞാന്‍ നബിയോടൊത്ത് ഉണ്ടായിരുന്നു. അപ്പോള്‍ ഒരു ചെറിയ പാത്രത്തില്‍ നിന്ന് അദ്ദേഹത്തിന് ഞാന്‍ വെള്ളം ഒഴിച്ചുകൊടുത്തു. അദ്ദേഹം തന്റെ മുഖവും രണ്ടു കൈയും കഴുകുകയും തല തടവുകയും ചെയ്തു. പിന്നെ അദ്ദേഹത്തിന്റെ ബൂട്‌സ് കാലില്‍ നിന്ന് അഴിച്ചെടുക്കുവാനായി ഞാന്‍ കുനിഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'അതു വിട്ടേക്കുക. ശുദ്ധിയുള്ള നിലയ്ക്കാണ് ഞാന്‍ അവ ധരിച്ചത്.' എന്നിട്ട് അതു രണ്ടിന്മേലും അദ്ദേഹം തടവുകയും ചെയ്തു'' (ബുഖാരി, മുസ്‌ലിം).
വുദൂഇല്‍ കാല്‍ കഴുകാതെ ബൂട്‌സിന്റെ മുകളില്‍ തടവാനുള്ള അനുവാദം യാത്രക്കാരന് മൂന്നു ദിവസവും, നാട്ടില്‍ താമസിക്കുന്നവന് ഒരു ദിവസവുമാണ്.
വുദൂ ചെയ്യുമ്പോള്‍ കാല്‍ കഴുകുന്നതിനു പകരം പാദരക്ഷമേല്‍ തടവിയാല്‍ മതി എന്നു പറയുന്നത് അവയുടെ അടിയില്‍ ഉണ്ടാകാവുന്ന അഴുക്കുകള്‍ നീക്കാനല്ല, വുദൂഇന്റെ പൂര്‍ത്തീകരണത്തിന് സൗകര്യവും ഇളവും നല്‍കിയതാണ്. തടവേണ്ടത് പാദരക്ഷയുടെ അടിഭാഗത്തല്ല. അലി(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസ് ഈ കാര്യം വ്യക്തമാക്കുന്നു:
''അഭിപ്രായം(യുക്തി) അനുസരിച്ചായിരുന്നു മതകാര്യങ്ങള്‍ നിശ്ചയിക്കപ്പെട്ടിരുന്നെതങ്കില്‍ പാദരക്ഷയുടെ അടിഭാഗമാണ് മേല്‍ഭാഗത്തെക്കാള്‍ തടവാന്‍ കൂടുതല്‍ അര്‍ഹതപ്പെട്ടത്. എന്നാല്‍ റസൂല്‍(സ്വ) അദ്ദേഹത്തിന്റെ രണ്ടു പാദരക്ഷകളുടെ മുകളില്‍ തടവിയതായിട്ടാണ് ഞാന്‍ കണ്ടത്.''
പാദരക്ഷ അഴിച്ചുമാറ്റുക, കാലാവധി അവസാനിക്കുക, വലിയ അശുദ്ധിയുണ്ടാവുക എന്നീ കാരണങ്ങളുണ്ടായാല്‍ വീണ്ടും വുദൂ ചെയ്തിട്ടുവേണം പാദരക്ഷ ധരിക്കാന്‍. എങ്കില്‍ മാത്രമേ തടവാന്‍ പറ്റൂ. എന്നാല്‍ പാദരക്ഷയില്‍ തടവുകയും നമസ്‌കരിക്കുന്നതിനു മുമ്പ് അഴിക്കുകയും ചെയ്താല്‍ വുദൂ മുറിയുകയില്ലെന്ന് പണ്ഡിതന്മാര്‍ പറയുന്നു.
നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നത് മണല്‍പ്പരപ്പിലെ യാത്രയും മണല്‍ വിരിച്ച പള്ളിയും ഒക്കെയായിരുന്നു. ഷൂസിട്ടുകൊണ്ട് നമസ്‌കരിക്കലും സാധാരണമായിരുന്നു. ഇന്നത്തെ പരിതസ്ഥിതിയില്‍ ആരും പള്ളിയില്‍ ഷൂസിട്ട് നമസ്‌കരിക്കാറില്ല. എന്നാല്‍ സോക്‌സിട്ട് നമസ്‌കരിക്കാറുണ്ട്. അതുകൊണ്ട് നമുക്കും ഇത് ബാധകമാണ്. മാത്രമല്ല, യാത്രാവേളയിലും മറ്റും പുല്‍ത്തകിടിയിലോ കടപ്പുറത്തോ മറ്റു മൈതാനങ്ങളിലോ വെച്ച് നമസ്‌കരിക്കേണ്ടിവരുമ്പോള്‍ പാദരക്ഷ ധരിച്ച് നമസ്‌കരിക്കാം. പട്ടാളക്കാര്‍, പോലീസുകാര്‍, ഫാക്ടറി തൊഴിലാളികള്‍ തുടങ്ങി ഷൂസ് ധരിക്കല്‍ നിര്‍ബന്ധമായ ആളുകള്‍ നമുക്കിടയിലുണ്ടല്ലോ. ഏതു പരിതസ്ഥിതിയിലും, വുദൂ ചെയ്യലും നമസ്‌കരിക്കലും സത്യവിശ്വാസിക്ക് ഒരു പ്രയാസമായിത്തീരാന്‍ അല്ലാഹു ഇടവരുത്തിയിട്ടില്ല. അതാണ് ഇത്തരം ഇളവുകള്‍കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അതിനാല്‍ ഏതവസ്ഥയിലും നമസ്‌കാരം നിര്‍ബന്ധമായും അനുഷ്ഠിക്കണം.