എല്ലാ സമയത്തും വുദൂവിലായിരിക്കുക എന്നത് നബി(സ) പ്രോത്സാഹിപ്പിച്ച കാര്യമാണ്. ഇതു കൂടാതെ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ നബി(സ) വുദൂ നിര്‍വഹിച്ചതും നിര്‍ദേശിച്ചതും കാണാം.
ഉറങ്ങാന്‍ ഒരുങ്ങുമ്പോള്‍ നബി(സ്വ) വുദൂ ചെയ്യാറുണ്ടായിരുന്നു. ബറാഅ്(റ) പറയുന്നു: ''നബി(സ്വ) പറഞ്ഞു: നീ നിന്റെ ശയ്യയെ സമീപിച്ചാല്‍ നമസ്‌കാരത്തിനു വേണ്ടി എന്നതുപോലെ വുദൂ ചെയ്യുക'' (ബുഖാരി).
ഭാര്യാ-ഭര്‍തൃ ലൈംഗിക ബന്ധത്തിനു ശേഷം ഉറങ്ങുകയാണെങ്കില്‍ വുദൂ ചെയ്യല്‍ നബി(സ്വ)യുടെ പതിവായിരുന്നു. ആഇശ(റ) പറയുന്നു: ''നബി(സ്വ) ജനാബത്തുള്ളപ്പോള്‍ ഉറങ്ങാന്‍ ഉദ്ദേശിച്ചാല്‍ തന്റെ ഗുഹ്യസ്ഥാനം കഴുകുകയും നമസ്‌കാരത്തിനെന്ന പോലെ വുദൂ ചെയ്യുകയും ചെയ്യുമായിരുന്നു'' (ബുഖാരി).
നബി(സ്വ) കുളിക്കുന്നതിന് മുമ്പായി വുദൂ ചെയ്യുമായിരുന്നു. അതുപോലെത്തന്നെ വേവിച്ച ആഹാരം കഴിച്ച ശേഷം ചിലപ്പോള്‍ വുദൂ ചെയ്യാറുണ്ടായിരുന്നു. ഖുര്‍ആന്‍ പാരായണം, ബാങ്കുകൊടുക്കല്‍, പള്ളിയില്‍ പ്രവേശിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം വുദു ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഇതൊന്നും നിര്‍ബന്ധമായ വുദൂ അല്ല; മറിച്ച് സുന്നത്താണ് എന്ന് നമുക്ക് മനസ്സിലാക്കാം.