വിശുദ്ധഖുര്‍ആന്‍ പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്‌കാരത്തിന് ഒരുങ്ങിയാല്‍ നിങ്ങളുടെ മുഖവും മുട്ടുവരെ രണ്ടു കൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണി ഉള്‍പ്പെടെ കാലുകള്‍ കഴുകുകയും ചെയ്യുക'' (5:6).
നബി(സ്വ) ഇങ്ങനെ പ്രസ്താവിക്കുന്നു: ''ചെറിയ അശുദ്ധിയായിക്കഴിഞ്ഞാല്‍ ശുദ്ധിയാകാതെ- വുദൂ ചെയ്യാതെ ആരുടെയും നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല'' (ബുഖാരി, മുസ്‌ലിം).
വുദൂഇന്റെ ശ്രേഷ്ഠതയും അനിവാര്യതയും വിശദീകരിക്കുന്ന നിരവധി നബി വചനങ്ങള്‍ വന്നിട്ടുണ്ട്. മറ്റ് അനുഷ്ഠാനകര്‍മങ്ങള്‍ പോലെത്തന്നെ വുദൂഇന്റെ കാര്യത്തിലും വിശുദ്ധ ഖുര്‍ആനില്‍ പൊതുവായി പ്രതിപാദിച്ചത് പ്രവാചകചര്യയിലൂടെയാണ് പ്രാവര്‍ത്തികമായി കാണിച്ചുതരുന്നത്. വുദൂ എന്ന പദപ്രയോഗം തന്നെ പ്രവാചകന്‍(സ്വ) പഠിപ്പിച്ചതാണ്. നബി(സ്വ)യുടെ വുദൂഇന്റെ രൂപം നിരവധി നിവേദക പരമ്പരകളിലൂടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
ഉസ്മാന്‍(റ)വിന്റെ ഭൃത്യന്‍ ഹിംറാന്‍ പറഞ്ഞു: ''ഉസ്മാന്‍(റ) ഒരു പാത്രം വെള്ളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ടദ്ദേഹം വുദൂ ചെയ്തു. അപ്പോള്‍ അദ്ദേഹം തന്റെ കൈപ്പടങ്ങള്‍ മൂന്നു പ്രാവശ്യം കഴുകി. പിന്നെ വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ അല്പം വെള്ളം കയറ്റി വൃത്തിയാക്കുകയും ചെയ്തു. പിന്നെ അദ്ദേഹം മൂന്നുപ്രാവശ്യം മുഖം കഴുകി. പിന്നെ വലതു കൈ, മുട്ടുള്‍പ്പെടെ മൂന്നു പ്രാവശ്യം കഴുകി. അതുപോലെ ഇടതുകൈയും കഴുകി. പിന്നെ അദ്ദേഹം തല തടവി. പിന്നെ നെരിയാണി വരെ വലതുകാല്‍ മൂന്നു പ്രാവശ്യം കഴുകി. ഇടതുകാലും അതുപോലെത്തന്നെ. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്റെ ഈ വുദൂപോലെ നബി(സ്വ) വുദൂ ചെയ്തതായി ഞാന്‍ കണ്ടിട്ടുണ്ട്'' (മുസ്‌ലിം). വുദൂഇന്റെ പൂര്‍ണമായ രൂപം ഈ ഹദീസിലുണ്ട്.
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് മറ്റൊരു റിപ്പോര്‍ട്ടുണ്ട്. ''നബി(സ്വ) തന്റെ തലയും രണ്ടു ചെവികളുടെ അകവും പുറവും (വുദൂഇല്‍) തടവി ''. തലയും ചെവിയും തടവുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടു പെരു വിരലുകള്‍ ചെവിക്കരികെ ചെന്നിയിലും മറ്റു വിരലുകള്‍ വിടര്‍ത്തി തമ്മില്‍ മുട്ടത്തക്കവണ്ണം തലയുടെ മുന്‍ഭാഗത്തും വെക്കുക. മുന്‍കൈകൊണ്ട് പിന്നോട്ടു നീക്കുകയും അതുപോലെ തിരിച്ചുകൊണ്ടുവരികയും ചെയ്യുക. അതോടൊപ്പം തന്നെ ചൂണ്ടുവിരലുകള്‍ ഇരു ചെവിക്കുള്ളിലും ചേര്‍ത്തുവെച്ച് പെരുവിരലുകള്‍കൊണ്ട് ചെവിയുടെ ബാഹ്യഭാഗത്ത് തടവുകയും ചെയ്യുക. ഇതാണ് നബി(സ്വ)യുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്ന രൂപം.
നബി(സ്വ) ഓരോ അവയവവും മൂന്നു പ്രാവശ്യം കഴുകുകയും തലയും ചെവിയും ഒരു പ്രാവശ്യം മാത്രം തടവുകയും ചെയ്തു. കൂടാതെ കൈകാലുകള്‍ കഴുകുമ്പോള്‍ ആദ്യം വലത്തേതും പിന്നെ ഇടത്തേതും എന്ന ക്രമത്തിലാണു കഴുകിയത്. തല തടവിയപ്പോള്‍ രണ്ടുരീതി നബി(സ്വ) സ്വീകരിച്ചതായി ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നു. ഒന്ന്: കൈകൊണ്ട് തല മുഴുവനും തടവുക. രണ്ട്: തലപ്പാവോ മറ്റോ ഉണ്ടെങ്കില്‍ തുറന്നുകിടക്കുന്ന ഭാഗം തടവുകയും ബാക്കിഭാഗം തലപ്പാവിനു മുകളിലൂടെ തടവി പൂര്‍ത്തിയാക്കുകയും ചെയ്യുക.
അബ്ദുല്ലാഹിബ്‌നു സൈദില്‍ നിന്ന്: ''റസൂല്‍(സ്വ) രണ്ടു കൈകൊണ്ടും തല തടവി. രണ്ടു കൈയും മുമ്പില്‍ നിന്നു പിന്നോട്ടും പിന്നില്‍നിന്നു മുന്നോട്ടും നടത്തി. അതായത് തലയുടെ മുന്‍ഭാഗത്തുനിന്നും തുടങ്ങി രണ്ടു കൈയും പിരടി വരെ കൊണ്ടുപോയി. പിന്നെ തുടങ്ങിയ സ്ഥലത്തേക്കു തന്നെ കൈ രണ്ടും മടക്കിക്കൊണ്ടുവന്നു'' (ബുഖാരി, മുസ്‌ലിം).
വുദൂഇല്‍ അവയവങ്ങള്‍ മൂന്നുപ്രാവശ്യം കഴുകുകയും തലയും ചെവിയും ഒരു പ്രാവശ്യം തടവുകയും ചെയ്തതായിട്ടാണ് നബിചര്യയില്‍ നിന്നും വ്യക്തമാവുന്നത്. വുദൂ ചെയ്യുന്ന രൂപം നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ തല തടവുന്ന രീതിയിലും അതിന്റെ എണ്ണത്തിലും ചില കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. തലയുടെ അല്പഭാഗം തടവിയാല്‍ മതിയെന്നും മൂന്നു പ്രാവശ്യം തടവണമെന്നും ചില ഗ്രന്ഥങ്ങളില്‍ കാണാം. നമ്മുടെ നാട്ടിലെ ചിലയാളുകള്‍ വളരെ മോശമായ രീതിയില്‍ ഈ കര്‍മം അനുഷ്ഠിക്കുന്നതായി കാണുന്നു. ഒരു വിരലില്‍ വെള്ളം നനച്ച് നെറ്റിയില്‍ മൂന്നുവട്ടം തോണ്ടുക എന്ന രീതിയാണ് ചിലര്‍ സ്വീകരിക്കുന്നത്. ഇതിനു പ്രമാണങ്ങളുമായി ഒരു ബന്ധവുമില്ല. പ്രവാചകന്‍(സ്വ) പഠിപ്പിച്ച രീതിയില്‍ തന്നെ കര്‍മങ്ങള്‍ അനുഷ്ഠിക്കുമ്പോഴേ അതിനു അല്ലാഹുവില്‍ സ്വീകാര്യതയും പ്രതിഫലത്തിന് അര്‍ഹതയുമുണ്ടാവൂ എന്നു നാം മറക്കരുത്.
മുകളില്‍ കൊടുത്ത ദീര്‍ഘമായ ഹദീസില്‍ നബി(സ്വ)യുടെ വുദൂ വിവരിച്ചപ്പോള്‍ ഓരോ അവയവവും മൂന്നുപ്രാവശ്യം കഴുകണമെന്നു നിര്‍ണയിച്ചു പറയുകയും തല തടവുന്നതില്‍ എണ്ണം പറയാതിരിക്കുകയും ചെയ്തതില്‍ നിന്നും തലതടവല്‍ ഒന്നുമതി എന്നു വ്യക്തമാണ്. മറ്റുചില ഹദീസുകളില്‍ അതു വ്യക്തമാക്കിയിട്ടുമുണ്ട്.
ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: ''ഞാന്‍ റസൂല്‍(സ്വ) വുദൂ ചെയ്യുന്നതു കണ്ടു. അങ്ങനെ എല്ലാം മുമ്മൂന്ന് എന്ന നിലയില്‍ അദ്ദേഹം ഹദീസ് വിവരിച്ചു. നബി(സ്വ) തന്റെ തലയും രണ്ടു ചെവികളും ഒറ്റ തടവല്‍ തടവുകയും ചെയ്തു'' (എന്നും പ്രസ്താവിച്ചു).
ഫത്ഹുല്‍ബാരിയില്‍ ഹാഫിദ് ഇബ്‌നുഹജര്‍ പ്രസ്താവിക്കുന്നു: ''(തല തടവുന്നത്) ഒന്നിലേറെ പ്രാവശ്യം വേണ്ടതില്ല എന്നതിന് ഏറ്റവും പ്രബലമായ തെളിവുകളില്‍ പെട്ടതാണ്, വുദൂഇന്റെ വിവരണത്തില്‍ അബ്ദുല്ലാഹിബ്‌നു അംറിബ്‌നില്‍ ആസ്വ്(റ) വഴിയായി ഉദ്ധരിക്കപ്പെട്ടതും ഇബ്‌നുഖുസൈമയും(റ) മറ്റും ശരിവെച്ചിരിക്കുന്നതുമായ ഹദീസ്. അതില്‍ നബി(സ്വ) വുദൂഇല്‍ നിന്നു വിരമിച്ച ശേഷം ഇപ്രകാരം അരുളി എന്ന് പറഞ്ഞിരിക്കുന്നു: 'വല്ലവനും ഇതിനെക്കാള്‍ കൂടുതലാക്കിയാല്‍ അവന്‍ ദുഷ്‌കൃത്യവും അനാവശ്യവും പ്രവര്‍ത്തിച്ചു.' എന്തെന്നാല്‍ സഈദ്ബ്‌നു മന്‍സ്വൂറിന്റെ റിപ്പോര്‍ട്ടില്‍ തിരുനബി തല ഒരു പ്രാവശ്യമാണ് തടവിയത് എന്നു വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ തല തടവുന്നതില്‍ ഒരു പ്രാവശ്യത്തെക്കാള്‍ കൂടുതലായിരിക്കുന്നത് നബി(സ്വ) ഇഷ്ടപ്പെടാത്തതാണെന്ന് അതു തെളിയിക്കുന്നു.''
ചുരുക്കത്തില്‍ തലയും ചെവിയും ഒന്നിലേറെ തവണ തടവുക എന്നതിന് പ്രമാണങ്ങളുടെ പിന്‍ബലമില്ല. അതുപോലെ ചെവി തടവാന്‍ നബി(സ്വ) പുതിയ വെള്ളം എടുക്കാറുണ്ടായിരുന്നില്ല.
വുദൂ ചെയ്യുമ്പോള്‍ നിര്‍ദിഷ്ട അവയവങ്ങള്‍ അല്പം നീട്ടിക്കഴുകല്‍ നബി ഇഷ്ടപ്പെട്ടിരുന്നു. ''നിങ്ങള്‍ വുദൂ പൂര്‍ണമാക്കി ചെയ്യുന്നതിനാല്‍ അന്ത്യദിനത്തില്‍ മുഖം പ്രശോഭിക്കുന്നതും കൈകാലുകള്‍ തിളങ്ങുന്നതുമാകും. അതിനാല്‍ നിങ്ങളില്‍ വല്ലവരും കഴിയുമെങ്കില്‍ തന്റെ മുഖവും കൈകാലുകളും കഴുകുന്നത് നീട്ടി ചെയ്തുകൊള്ളട്ടെ'' എന്ന് റസൂല്‍ അരുളിയിരിക്കുന്നു. ഈ ഹദീസിന്റെ അവസാനഭാഗം സ്വഹാബിയുടെ അഭിപ്രായമാണെന്ന് ചില പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അഭിപ്രായത്തിനാണ് പിന്‍ബലം.
വുദൂഇല്‍, അവയവങ്ങളില്‍ എല്ലായിടത്തും വെള്ളം എത്തത്തക്കവണ്ണം സൂക്ഷിച്ചു കഴുകണം. പ്രത്യേകിച്ചും കാല്‍, മടമ്പ് (ഉപ്പൂറ്റിയുടെ പാര്‍ശ്വം) നനയാതിരിക്കാന്‍ സാധ്യതയുണ്ട്. അത് സൂക്ഷിക്കാന്‍ നബി(സ്വ) ഉപദേശിക്കാറുണ്ടായിരുന്നു.
ധൃതിപിടിച്ച് വുദൂ ചെയ്തപ്പോള്‍ മടമ്പുകള്‍ നനയാതിരുന്ന ചില ആളുകളോട് പ്രവാചകന്‍(സ്വ) ഓര്‍മിപ്പിച്ചു: ''മടമ്പുകള്‍ക്ക് നരകമെന്ന വിപത്തുണ്ട് (സൂക്ഷിക്കണം)'' (മുസ്‌ലിം).