Skip to main content

റക്അത്തുകള്‍-വിവിധ വീക്ഷണങ്ങള്‍

രാത്രിനമസ്‌കാരത്തിന്റെ(തറാവീഹ്) എണ്ണത്തെപ്പറ്റി മൂന്ന് അഭിപ്രായമാണ് പണ്ഡിതന്മാര്‍ക്കുള്ളത്. 

1.  പതിനൊന്ന് റക്അത്ത്. ഹദീസ് പണ്ഡിതന്മാരും സൂക്ഷ്മജ്ഞാനികളുമാണ് ഈ അഭിപ്രായക്കാര്‍.
2. ഇരുപത് റക്അത്ത് തറാവീഹും പുറമെ വിത്‌റും. ശാഫിഈ, അബൂഹനീഫ, അഹ്മദുബ്‌നു ഹമ്പല്‍ എന്നിവരുടെ അഭിപ്രായം. 
3.    മുപ്പത്താറ് റക്അത്തും പുറമെ വിത്‌റും. ഇമാം മാലികിന്റെ അഭിപ്രായം.

ഒന്നാമത്തെ അഭിപ്രായക്കാരുടെ തെളിവ്: 
ആഇശ(റ) പറയുന്നു: ''നബി(സ്വ) റമദാന്‍ മാസത്തിലോ അല്ലാത്തപ്പോഴോ പതിനൊന്നു റക്അത്തില്‍ കൂടുതല്‍ നമസ്‌കരിച്ചിട്ടില്ല. അവിടുന്ന് നാലു റക്അത്ത് നമസ്‌കരിക്കും. അതിന്റെ മേന്മയെക്കുറിച്ചോ ദൈര്‍ഘ്യത്തെക്കുറിച്ചോ നീ ചോദിക്കരുത്. പിന്നീട് നാലു റക്അത്ത് നമസ്‌കരിക്കും. അതിന്റെ മേന്മയെക്കുറിച്ചോ ദൈര്‍ഘ്യത്തെക്കുറിച്ചോ നീ ചോദിക്കരുത്. പിന്നീട് മൂന്നു റക്അത്ത് നമസ്‌കരിക്കും'' (ബുഖാരി, മുസ്‌ലിം). 

ജാബിര്‍(റ) പറയുന്നു: ''നബി(സ്വ) ഞങ്ങളുമായി റമദാന്‍ മാസത്തില്‍ എട്ടു റക്അത്ത് നമസ്‌കരിച്ചു. പിന്നീട് വിത്‌റും നമസ്‌കരിച്ചു.'' ഇതിന്റെ നിവേദക പരമ്പരയിലെ ഈസബ്‌നു ജാരിയ എന്ന വ്യക്തി വിശ്വാസയോഗ്യനാണെന്ന് ഇബ്‌നുഹിബ്ബാനും ബലഹീനനാണെന്ന് ഇബ്‌നു മഈനും അഭിപ്രായപ്പെട്ടിരിക്കുന്നു. (മജ്മഉസ്സവാഇദ് 2:173) ഇമാം ദഹബി(റ), ഈ ഹദീസ് മധ്യനിലവാരം പുലര്‍ത്തുന്നതാണെന്ന് പറയുന്നു (മീസാന്‍).

ഇരുപത് റക്അത്തുകാരുടെ തെളിവുകള്‍
നബി(സ്വ) ഇരുപത് റക്അത്ത് നമസ്‌കരിച്ചുവെന്ന ഇബ്‌നു അബ്ബാസി(റ)ല്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് ഈ അഭിപ്രായത്തിന് നിദാനം.

ഈ ഹദീസ് പ്രമാണയോഗ്യമല്ല. ഈ ഹദീസിന്റെ പരമ്പരയിലെ അബൂശൈബ അസ്വീകാര്യനായതിനാല്‍ ഈ ഹദീസ് സ്വീകാര്യമല്ലെന്ന് സൈലഗി പറയുന്നു. അബൂശൈബ അയോഗ്യനാണെന്ന കാര്യത്തില്‍ മുഹദ്ദിസുകള്‍ ഏകാഭിപ്രായക്കാരാണ്. തന്നെയുമല്ല, ആഇശ(റ)യുടെ ഏറ്റവും സ്വഹീഹായ ഹദീസിന്ന് വിരുദ്ധവുമാണിത്. ഹൈസമി പറയുന്നു: ത്വബ്‌റാനിയുടെ കബീറിലും ഔസത്തിലും ഈ ഹദീസുണ്ട്. അബൂശൈബ എന്ന വ്യക്തി ഇതിന്റെ പരമ്പരയിലുണ്ട്. അദ്ദേഹം ദുര്‍ബലനാണ്. ഇബ്‌നുഹജറില്‍ അസ്ഖലാനി അബൂശൈബ അസ്വീകാര്യനാണെന്നും ഇബ്‌നുഹുമാം അദ്ദേഹം ദുര്‍ബലനാണെന്നും അഭിപ്രായപ്പെടുന്നു. അബൂശൈബ ദുര്‍ബലനാണെന്ന് ഇമാം ബൈഹഖിയും പറയുന്നു. അനഭിമതനായ അബൂശൈബയുടെ റിപ്പോര്‍ട്ടുകളില്‍ പെട്ടതാണിതെന്നാണ് മീസാനില്‍ ഹാഫിദുദ്ദഹബി രേഖപ്പെടുത്തിയത്. 

സ്വഹാബിമാരിലേക്ക് ചേര്‍ക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍:


''സാഇബുബ്‌നു യസീദില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഒരു റിപ്പോര്‍ട്ടില്‍ ഇരുപത് റക്അത്ത് നമസ്‌കരിച്ചിരുന്നുവെന്നുണ്ട്.'' അതുപോലെ അബൂഅബ്ദില്ലാ ഹുസൈനുബ്‌നു ഫന്‍ജവൈഹി മുഖേന ഇമാം ബൈഹഖി ഉദ്ധരിച്ച ഒരു ഹദീസിലും ഇരുപത് റക്അത്ത് നമസ്‌കരിച്ചുവെന്നുണ്ട്. 

ഈ രണ്ട് റിപ്പോര്‍ട്ടുകളുടെ നിവേദക പരമ്പരയെ നിരൂപണം ചെയ്ത 'മിര്‍ഖാത്തുല്‍ മഫാത്തീഹി'ന്റെ കര്‍ത്താവ് പറയുന്നു: ഈ പരമ്പരകളില്‍ ഹുസൈനുബ്‌നു ഫന്‍ജവൈഹി, അബൂഉസ്മാന്‍ അംറുബ്‌നു അബ്ദില്ലാഹില്‍ ബസ്വരി എന്നിവരുണ്ട്. ഇവര്‍ രണ്ടുപേരും ആരാണെന്ന് ഇതുവരെ ആര്‍ക്കും മനസ്സിലായിട്ടില്ല. 

''യസീദുബ്‌നു റൂമാന്‍ പറയുന്നു: ഉമറി(റ)ന്റെ കാലത്ത് ജനങ്ങള്‍ ഇരുപത്തിമൂന്ന് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു.'' ഹദീസിന്റെ സാങ്കേതിക നിയമപ്രകാരം ഈ റിപ്പോര്‍ട്ട് 'മുന്‍ഖത്തിഅ്' ആകുന്നു. അതായത് യസീദുബ്‌നു റൂമാന്‍ ഉമറി(റ)നെ കണ്ടിട്ടില്ല. ഹിജ്‌റ 130ലാണ് യസീദിന്റെ മരണം. പ്രായക്കൂടുതലുളള ഇബ്‌നുസുബൈര്‍, അനസ്, സ്വാലിഹുബ്‌നു അബ്ദില്ല എന്നീ സ്വഹാബിമാരെ മാത്രമേ അദ്ദേഹം കണ്ടിട്ടുള്ളൂ. ആ നിലക്ക് യസീദിന് ഇപ്രകാരം ഉദ്ധരിക്കാന്‍ നിര്‍വാഹമില്ല.  

''ഉമര്‍(റ) ഒരാളോട് ജനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ട് ഇരുപത് റക്അത്ത് നമസ്‌കരിക്കാന്‍ കല്പിച്ചു.'' ഇതിന്റെ നിവേദക പരമ്പരയിലെ യഹ്‌യബ്‌നു സഈദ് ഉമറുബ്‌നുല്‍ ഖത്വാബിനെ കണ്ടിട്ടില്ലെന്നു മാത്രമല്ല, സ്വഹാബിമാരില്‍ അനസി(റ)ല്‍ നിന്നല്ലാതെ ഹദീസുകളൊന്നും ഉദ്ധരിച്ചിട്ടുമില്ല. 

''ഉബയ്യുബ്‌നു കഅ്ബ്(റ) മദീനയില്‍ ജനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ട് ഇരുപത് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു. മൂന്നു റക്അത്ത് വിത്‌റാക്കിയും നമസ്‌കരിക്കും.

ഈ റിപ്പോര്‍ട്ടിന്റെ നിവേദക പരമ്പരയിലെ അബ്ദുല്‍അസീസുബ്‌നു റഫീഅ് ഉബയ്യി(റ)നെ കണ്ടിട്ടില്ല. ഉബയ്യ്(റ) മരണപ്പെട്ടത് ഹിജ്‌റ 32ലും അബ്ദുല്‍അസീസ് മരണപ്പെട്ടത് ഹിജ്‌റ 130ലുമാണ്. 

''ഇബ്‌നു മസ്ഊദ്(റ) ഇരുപത് റക്അത്തും (തറാവീഹ്) മൂന്നു റക്അത്തും (വിത്ര്‍) നമസ്‌കരിക്കാറുണ്ടായിരുന്നു.''

ഈ കാര്യം ഉദ്ധരിക്കുന്ന അഅ്മശ് ഇബ്‌നുമസ്ഊദിനെ കണ്ടിട്ടില്ല. 

''അലി(റ) ഒരാളോട് അഞ്ച് വിശ്രമവേളകളിലായി ഇരുപത് റക്അത്ത് നമസ്‌കരിക്കാന്‍ കല്പിച്ചു.'' ഇത് നിവേദനം ചെയ്യുന്ന ബൈഹഖി തന്നെ പറയുന്നു: ''ഈ നിവേദനത്തിന് ദുര്‍ബലതയുണ്ട്. നിവേദക പരമ്പരയിലെ അബുല്‍ഹസന്‍ അജ്ഞാതനാണെന്ന് തഖ്‌രീസില്‍ ഇബ്‌നു ഹജറില്‍ അസ്ഖലാനി പറഞ്ഞിരിക്കുന്നു.''

ഇതുപോലെ ഇരുപത് റക്അത്ത് തറാവീഹ് നമസ്‌കരിച്ചിരുന്നുവെന്ന് ഉദ്ധരിക്കുന്ന വേറെയും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാം പലവിധ ന്യൂനതകളുള്ളവര്‍ ഉദ്ധരിച്ചവയാണ്. 

ഉമറുബ്‌നുല്‍ ഖത്വാബ് ഉബയ്യുബ്‌നു കഅ്ബി(റ)ന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നമസ്‌കാരം ഇരുപതായിരുന്നുവെന്നാണ് ഏറെ പറഞ്ഞുകേള്‍ക്കാറുള്ളത്. യസീദുബ്‌നു റൂമാനിന്റെ 'മുന്‍ഖത്വിഅ്' ആയ മേലുദ്ധരിച്ച ഒറ്റ റിപ്പോര്‍ട്ട് മാത്രമാണതിന് തെളിവ്. ആ റിപ്പോര്‍ട്ട് ഹദീസ് നിദാനശാസ്ത്ര(ഉസൂലുല്‍ ഹദീസ്)പ്രകാരം സ്വീകാര്യമല്ല. വാസ്തവത്തില്‍ ഉബയ്യുബ്‌നു കഅ്ബ് നമസ്‌കരിച്ചത് പതിനൊന്നു റക്അത്തു മാത്രമാണെന്ന് ഇമാം മാലിക് തന്റെ മുവത്വയില്‍ തന്നെ ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്. ''സാഇബുബ്‌നു യസീദ്(റ) പറയുന്നു: ഉമറുബ്‌നുല്‍ ഖത്വാബ്(റ) ഉബയ്യുബ്‌നു കഅ്ബിനോടും തമീമുദ്ദാരിയോടും ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാന്‍ കല്പിച്ചു. നൂറുക്കണക്കിന് ആയത്തുകളുള്ള സൂറത്തുകളായിരുന്നു ഖാരിഅ് (ഇമാം) ഓതിയിരുന്നത്. അങ്ങനെ ദീര്‍ഘമായി നിന്ന് ക്ഷീണിച്ചതിനാല്‍ വടികളില്‍ ഞങ്ങള്‍ ഊന്നിനില്ക്കാറുണ്ടായിരുന്നു. പുലരിയോടടുത്ത സമയത്തായിരുന്നു ഞങ്ങള്‍ പിരിഞ്ഞു പോകാറുണ്ടായിരുന്നത്.''

ഇതേ റിപ്പോര്‍ട്ട് സഈദുബ്‌നു മന്‍സ്വൂര്‍ തന്റെ സുനനില്‍, സാഇബുബ്‌നു യസീദില്‍നിന്ന് മുഹമ്മദുബ്‌നു യൂസുഫും അദ്ദേഹത്തില്‍നിന്ന് അബ്ദുല്‍അസീസുബ്‌നു മുഹമ്മദും വഴി ഉദ്ധരിച്ചിട്ടുണ്ട്.

പരമ്പരയിലെ മുഹമ്മദുബ്‌നു യൂസുഫ് സാഇബുബ്‌നു യസീദിന്റെ സഹോദരീ പുത്രനാണ്. അദ്ദേഹം വിശ്വസ്തനായി അംഗീകരിക്കപ്പെട്ട വ്യക്തിയാണ്. ഇമാം മാലികിന്റെ ഗുരുനാഥനാണ്. ഹിജ്‌റ 140കളിലാണ് മരണപ്പെട്ടത്. ഇമാം ബുഖാരിയും മുസ്‌ലിമും അദ്ദേഹം സ്വീകാര്യനാണെന്ന് പറഞ്ഞിട്ടുണ്ട്. സാഇബുബ്‌നു യസീദാവട്ടെ സ്വഹാബിയാണ്. കുട്ടിയായിരുന്നപ്പോള്‍ നബി(സ്വ)യോടൊപ്പം ഹജ്ജ് ചെയ്തിട്ടുണ്ട്. ഈ ഹദീസ് ആഇശ(റ)യും ജാബിറും(റ) ഉദ്ധരിച്ച ഹദീസുകളോട് യോജിച്ചിട്ടുണ്ട്. അതിനാല്‍ യഥാര്‍ഥത്തില്‍ ഉമര്‍(റ) രണ്ടു സ്വഹാബിമാരോട് കല്പിച്ചതും പതിനൊന്ന് റക്അത്ത് നമസ്‌കാരത്തിന് നേതൃത്വം നല്കാന്‍ തന്നെയാണെന്ന് വ്യക്തം. 

ഉമര്‍(റ) ഇപ്രകാരം ചെയ്യാന്‍ കല്പിച്ച സംഭവം ഇമാം ബുഖാരിയും ഉദ്ധരിക്കുന്നുണ്ട്. ആ ഹദീസില്‍ റക്അത്തുകളുടെ എണ്ണത്തെക്കുറിച്ചുള്ള പരാമര്‍ശം ഒന്നും തന്നെയില്ല. അതിപ്രകാരമാണ്: ''അബ്ദുര്‍റഹ്മാനിബ്‌നു അബ്ദില്‍ഖാരിഅ് പറയുന്നു: ഒരു റമദാനില്‍ ഞാന്‍ ഉമറി(റ)ന്റെ കൂടെ പള്ളിയിലേക്ക് പുറപ്പെട്ടു. അപ്പോള്‍ അവിടെ ജനങ്ങള്‍ അസംഘടിതരായി വെവ്വേറെ നമസ്‌കരിച്ചുകൊണ്ടിരിക്കുന്നു. ഒരാള്‍ തനിയെ. ചിലര്‍ കൊച്ചു സംഘങ്ങളായി ഒരു ഇമാമിനോടൊപ്പം. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: ഇവരെ ഒരു ഇമാമിന്റെ കീഴില്‍ ഒന്നിപ്പിച്ചാല്‍ അതായിരിക്കും ഏറ്റവും ഉത്തമം. തുടര്‍ന്ന് അദ്ദേഹം അങ്ങനെ തീരുമാനിക്കുകയും ഉബയ്യുബ്‌നുകഅ്ബി(റ)ന്റെ നേതൃത്വത്തില്‍ അവരെ ഒന്നിപ്പിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു ദിവസം അദ്ദേഹത്തിന്റെ കൂടെ ഞാന്‍ പുറപ്പെട്ടു. അവര്‍ ഒരു ഇമാമിന്റെ കീഴില്‍ നമസ്‌കരിക്കുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഈ രീതി നല്ലത് തന്നെ. അവര്‍ നമസ്‌കരിക്കാതെ ഉറങ്ങുന്ന സമയമാണ് അവര്‍ നമസ്‌കരിക്കുന്ന സമയത്തേക്കാള്‍ ഉത്തമം. രാത്രിയുടെ അവസാന ഭാഗത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചിരുന്നത്. ജനങ്ങള്‍ (അധികവും) രാത്രിയുടെ ആദ്യഭാഗത്തിലായിരുന്നു നമസ്‌കരിച്ചിരുന്നത്. 

ഇമാം ബുഖാരി ആഇശ(റ)യില്‍ നിന്ന് നബി(സ്വ)യുടെ നടപടി പതിനൊന്ന് റക്അത്താണെന്ന് ഉദ്ധരിച്ചിട്ടുണ്ട്. അതല്ലാതെ ഇരുപത് റക്അത്തിന്റെ ഒറ്റ റിപ്പോര്‍ട്ടും ബുഖാരിയിലില്ല. അതിനാല്‍ ഉമറി(റ)ന്റെ നടപടി പതിനൊന്ന് റക്അത്താണെന്ന് ബോധ്യമായതുകൊണ്ടായിരിക്കാം റക്അത്തിന്റെ എണ്ണം പറയാതെ ഈ സംഭവം മാത്രം ബുഖാരി ഉദ്ധരിച്ചത്. 

മാലികി(റ)ന്റെ അഭിപ്രായം 36 റക്അത്ത് 
ഇമാം മാലികിന്റെ അഭിപ്രായമാണിത്. ഹിജ്‌റ 100നു ശേഷമുണ്ടായ നടപടിയാണിത്. ഇമാം മാലിക് പറയുന്നു: ''തറാവീഹിന്റെ എണ്ണം ക്ലിപ്തമല്ല. അത് നമസ്‌കരിക്കുന്നവന്റെ ഉത്സാഹത്തിനനുസരിച്ച് ദീര്‍ഘിപ്പിക്കാം.''

നാല്പത്തൊന്ന് റക്അത്ത് (വിത്ര്‍ അടക്കം) നമസ്‌കരിച്ചതായി തിര്‍മിദിയുടെ ഒരു റിപ്പോര്‍ട്ടിലുണ്ട്. അസ്‌വദുബ്‌നു യസീദില്‍നിന്ന് ഇബ്‌നു അബ്ദില്‍ ബര്‍റ് ഉദ്ധരിച്ച ഒരു റിപ്പോര്‍ട്ടില്‍ നാല്പത് റക്അത്ത് തറാവീഹും ഏഴു റക്അത്ത് വിത്‌റും നമസ്‌കരിച്ചതായി കാണാം. 

മക്കക്കാര്‍ ഈരണ്ടു റക്അത്ത് കഴിഞ്ഞാല്‍ കഅ്ബയെ ത്വവാഫ് ചെയ്യാറുണ്ടായിരുന്നുവെന്നും അതിന്നവസരമില്ലാത്ത മദീനക്കാര്‍ ത്വവാഫിനു പകരം നാലു റക്അത്ത് കൂടുതല്‍ നമസ്‌കരിച്ചിരുന്നുവെന്നും അങ്ങനെ റക്അത്തിന്റെ എണ്ണം കൂടിയതാണെന്നും ഇമാം നവവിയും മറ്റും പറഞ്ഞിട്ടുണ്ട് (ശറഹുല്‍മുഹദ്ദബ് 3:527). 

നബി(സ്വ) കാണിച്ചുതന്ന മാതൃക ഒഴിവാക്കിയപ്പോഴാണ് ഇത്തരം വ്യത്യസ്ത രീതികള്‍ തറാവീഹില്‍ കാണപ്പെട്ടത്. അതിനാല്‍ മുഹദ്ദിസുകള്‍ വ്യക്തമാക്കിയതുപോലെ പതിനൊന്ന് റക്അത്ത് നമസ്‌കരിക്കലാണ് നബിചര്യയോട് യോജിച്ചത്.

സ്വുബ്ഹിനു മുമ്പുള്ള രണ്ടു റക്അത്ത് അടക്കം പതിമൂന്ന് റക്അത്ത് നബി(സ്വ) നമസ്‌കരിച്ചിരുന്നുവെന്ന് ആഇശ(റ)യില്‍നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്. ''ഉര്‍വത്തുബ്‌നു സുബൈറി(റ)നോട് ആഇശ(റ) പറയുകയുണ്ടായി: പ്രഭാത നമസ്‌കാരത്തിനു മുമ്പുള്ള രണ്ടു റക്അത്ത് അടക്കം നബി(സ്വ) പതിമൂന്ന് റക്അത്ത് നമസ്‌കരിക്കാറുണ്ടായിരുന്നു'' (മുസ്‌ലിം: 737).


 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446