Skip to main content

വിവിധ പേരുകള്‍

തറാവീഹ്, തഹജ്ജുദ്, വിത്ര്‍, ഖിയാമു റമദാന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത് ഖിയാമുല്ലൈല്‍ എന്ന നമസ്‌കാരം തന്നെയാണെന്ന് സൂക്ഷ്മ ജ്ഞാനികളായ ഹദീസ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. സമയം, കാലം, റക്അത്തിന്റെ എണ്ണം ഒറ്റയാക്കല്‍ എന്നിവ പരിഗണിച്ച് വിവിധ പേരുകളില്‍ അറിയപ്പെടുന്നുവെന്ന് മാത്രം. ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ഓരോ വിഷയത്തിന്റെയും തലക്കെട്ടുകള്‍ക്ക് ചുവടെ ഉദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ ഒന്നു തന്നെയാണെന്ന് സൂക്ഷ്മ പരിശോധനയില്‍ വ്യക്തമാകും. ശൈഖ് ഉബൈദുല്ലാഹില്‍ മുബാറക്പൂരി എഴുതുന്നു:

''തറാവീഹ്, ഖിയാമു റമദാന്‍, രാത്രി നമസ്‌കാരം, തഹജ്ജുദ് നമസ്‌കാരം എന്നിവയെല്ലാം ഒന്നുതന്നെ. ഒരേ നമസ്‌കാരത്തിന്റെ പേരാണിത്. റമദാനില്‍ തഹജ്ജുദ് എന്ന പേരില്‍ തറാവീഹ് അല്ലാത്ത ഒരു നമസ്‌കാരമില്ല. കാരണം സ്വഹീഹായതോ ദുര്‍ബലമായതോ ആയ ഒരു ഹദീസില്‍ നബി(സ്വ) റമദാനിലെ രാത്രികളില്‍ തറാവീഹ്, തഹജ്ജുദ് എന്നിങ്ങനെ രണ്ടു നമസ്‌കാരം നിര്‍വഹിച്ചതായി വന്നിട്ടില്ല. അപ്പോള്‍ തഹജ്ജുദായി മറ്റു മാസങ്ങളില്‍ നിര്‍വഹിക്കുന്നത് തന്നെയാണ് റമദാന്‍ മാസത്തില്‍ തറാവീഹ് ആയി നമസ്‌കരിക്കുന്നത്. അബൂദര്‍റിന്റെ ഹദീസില്‍നിന്ന് വ്യക്തമാകുന്നത് അങ്ങനെയാണ്. ഹനഫീ പണ്ഡിതനായ ശൈഖ് അന്‍വര്‍ഷാ കശ്മീരി തന്റെ ഫൈദുല്‍ബാരിയില്‍ എഴുതുന്നു: ''തറാവീഹും രാത്രി നമസ്‌കാരവും എന്റെ അഭിപ്രായത്തില്‍ ഒന്നു തന്നെയാണ്; അവയുടെ സ്വഭാവം വ്യത്യസ്തമാണെങ്കിലും.

'' റമദാന്‍ മാസത്തിലെ അവസാന പത്തില്‍ നബി(സ്വ) ആരാധനയ്ക്കായി പ്രത്യേകം ഒരുങ്ങുമെന്നും പത്‌നിമാരെ വിളിച്ചുണര്‍ത്തുമെന്നും' ഉദ്ധരിക്കപ്പെട്ട ഹദീസ് വിവരിച്ചുകൊണ്ട് ഹനഫീ പണ്ഡിതനായ ബദ്‌റുദ്ദീന്‍ അല്‍ഐനി പറയുന്നു: ''അതായത് നമസ്‌കാരത്തിലെ റക്അത്തും സുജൂദും റുകൂഉം ദീര്‍ഘിപ്പിക്കും. റക്അ ത്തിന്റെ എണ്ണം വര്‍ധിപ്പിക്കുകയില്ല.'' (ഉംദതുല്‍ ഖാരിഅ് 7:204)

Feedback
  • Friday Apr 4, 2025
  • Shawwal 5 1446