രാത്രി ഉറങ്ങിക്കഴിഞ്ഞതിനു ശേഷം എഴുന്നേറ്റ് നമസ്‌കരിക്കുന്നതിന് തഹജ്ജുദ് അഥവാ ഉറക്കമിളച്ച രാത്രി നമസ്‌കാരം എന്നുപറയുന്നു. വിത്ര്‍ നമസ്‌കാരം തന്നെയാണിത്. ഉറക്കത്തിനു ശേഷമായതുകൊണ്ട് തഹജ്ജുദ് എന്നും റക്അകളുടെ എണ്ണം ഒറ്റയാക്കി അവസാനിപ്പിക്കുന്നതുകൊണ്ട് വിത്ര്‍ എന്നും പറയുന്നുവെന്നു മാത്രം. 'തഹജ്ജുദാ'യി നമസ്‌കരിച്ചാല്‍ രണ്ടു പ്രതിഫലവുമായി. ഈ നമസ്‌കാരം നബി(സ്വ)ക്ക് നിര്‍ബന്ധമായിരുന്നു. അവിടുന്ന് രാത്രിയുടെ പകുതിയിലേറെ സമയം തഹജ്ജുദ് നമസ്‌കരിച്ചിരുന്നു. ദീര്‍ഘമായി നിന്നതിനാല്‍ അവിടുത്തെ രണ്ടു പാദങ്ങള്‍ നീരെടുത്തു വണ്ണംവെച്ചിരുന്നു. പ്രവാചകന്റെ ഈ സ്ഥിതി കണ്ട് ആഇശ(റ) ചോദിക്കുകയുണ്ടായി: ''അങ്ങയുടെ കഴിഞ്ഞതും വരാനുള്ളതുമായ പാപങ്ങള്‍ മുഴുവന്‍ അല്ലാഹു പൊറുത്തുതന്നതല്ലേ; പിന്നെ എന്തിനാണിങ്ങനെ ക്ലേശിക്കുന്നത്?'' അതിനു നബി(സ്വ) പറഞ്ഞ മറുപടി: ''ആഇശാ, ഞാന്‍ ഒരു നന്ദിയുള്ള അടിമ ആകേണ്ടയോ?'' എന്നായിരുന്നു.
നബി(സ്വ)ക്ക് തഹജ്ജുദ് നമസ്‌കാരം നിര്‍ബന്ധമാക്കിക്കൊണ്ട് അല്ലാഹു പറഞ്ഞു: രാത്രിയില്‍നിന്ന് അല്പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ഖുര്‍ആന്‍ പാരായണത്തോടെ) നമസ്‌കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള പുണ്യകര്‍മമാകുന്നു. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം"(വി.ഖു. 17:79).
''ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ, രാത്രി അല്പസമയം ഒഴിച്ച് എഴുന്നേറ്റുനിന്ന് പ്രാര്‍ഥിക്കുക. അതിന്റെ (രാത്രിയുടെ) പകുതി. അല്ലെങ്കില്‍ അതില്‍നിന്ന് അല്പം കുറച്ചുകൊള്ളുക. അല്ലെങ്കില്‍ അതിനേക്കാള്‍ വര്‍ധിപ്പിച്ചുകൊള്ളുക. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക'' (73:1-4).
സ്വര്‍ഗാവകാശികളായ സത്യവിശ്വാസികളെ പുകഴ്ത്തിക്കൊണ്ട് അല്ലാഹു പറഞ്ഞു: ''രാത്രിയില്‍ അല്പം ഭാഗമേ അവര്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു'' (51: 17, 18).
''തങ്ങളുടെ രക്ഷിതാവിന് പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും നിന്നു നമസ്‌കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമായിരുന്നു അവര്‍'' (25: 64).
''ഭയത്തോടും പ്രത്യാശയോടുംകൂടി തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കുവാനായി കിടന്നുറങ്ങുന്ന സ്ഥലങ്ങള്‍ വിട്ട് അവരുടെ പാര്‍ശ്വങ്ങള്‍ അകലുന്നതാണ്. അവര്‍ക്ക് നാം നല്‍കിയതില്‍നിന്ന് അവര്‍ ചെലവഴിക്കുകയും ചെയ്യും'' (32: 16).
നബി(സ്വ) പറഞ്ഞു: ''മനുഷ്യരേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുക, ഭക്ഷണം നല്‍കുക, കുടുംബബന്ധം ചേര്‍ക്കുക, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ എഴുന്നേറ്റ് നമസ്‌കരിക്കുക. എങ്കില്‍ സ്വര്‍ഗത്തില്‍ സമാധാനപൂര്‍വം പ്രവേശിക്കാം'' (തിര്‍മിദി, ഇബ്‌നുമാജ).