Skip to main content

തറാവീഹ്

റമദാന്‍ മാസത്തില്‍ നമസ്‌കരിക്കുന്ന വിത്‌റിനെ തറാവീഹ് എന്നും പറഞ്ഞുവരുന്നു. ഇശാ നമസ്‌കാരാനന്തരം ജമാഅത്തായി നമസ്‌കരിക്കുന്ന ഒരു സുന്നത്ത് നമസ്‌കാരമാണ് തറാവീഹ്. ഖിയാമു റമദാന്‍ എന്നും ഇതിനെക്കുറിച്ച് പറയാറുണ്ട്. 'വിശ്രമവേളകള്‍' എന്നാണ് തറാവീഹ് എന്ന പദത്തിന്റെ അര്‍ഥം. രണ്ടു റക്അത്ത് കഴിഞ്ഞാല്‍ അല്ലെങ്കില്‍ നാല് റക്അത്ത് കഴിഞ്ഞാല്‍ കുറച്ചുസമയം വിശ്രമിക്കുന്നതുകൊണ്ടാണ് 'തറാവീഹ്' എന്ന പേര് ഇതിനു ലഭിച്ചത്. റമദാന്‍ മാസത്തില്‍ ഇത് പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. മറ്റു മാസങ്ങളില്‍ ജമാഅത്തായി ഇത് നിര്‍വഹിക്കുന്നതിന് നബിചര്യയില്‍ തെളിവില്ല.

നബി(സ്വ) കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് ജമാഅത്തായി ഇത് നിര്‍വഹിച്ചത്. പിന്നീട് വീട്ടില്‍വെച്ച് തനിയെ നമസ്‌കരിച്ചു. ഫര്‍ദായി നിശ്ചയിക്കപ്പെടുമോ എന്ന ആശങ്ക നിമിത്തമാണ് ജമാഅത്തായി നമസ്‌കരിക്കുന്ന പതിവ് നബി(സ) ഉപേക്ഷിച്ചത്. പിന്നീട് അബൂബക്‌റി(റ)ന്റെ ഖിലാഫത്ത് കാലത്തും ഉമറി(റ)ന്റെ ഖിലാഫത്തിലെ ആദ്യകാലത്തും ആ സ്ഥിതി തുടര്‍ന്നു. ഒരിക്കല്‍ ഉമര്‍(റ) പള്ളിയില്‍ വന്നപ്പോള്‍ ജനങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കും കൊച്ചുസംഘങ്ങളായും നമസ്‌കരിക്കുന്നതു കണ്ടു. അപ്പോള്‍ ഉബയ്യുബ്‌നു കഅ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തില്‍ ജമാഅത്തായി അത് നിര്‍വഹിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. 

തറാവീഹ് പള്ളിയില്‍ വെച്ച് ജമാഅത്തായി നമസ്‌കരിക്കുന്നതാണ് ശ്രേഷ്ഠമെന്ന് ഇമാം അഹ്മദ്, ശാഫിഈ, അബൂഹനീഫ എന്നിവരും മാലികികളിലെ ഒരു പക്ഷവും അഭിപ്രായപ്പെടുന്നു. സംഘമായി നമസ്‌കരിക്കല്‍ 'ഫര്‍ദ് കിഫായ' (സാമൂഹിക ബാധ്യത) ആണെന്ന് ത്വഹാവി (ഹനഫീ പണ്ഡിതന്‍) അഭിപ്രായപ്പെടുന്നു. എന്നാല്‍ തനിയെ നമസ്‌കരിക്കലാണ് ശ്രേഷ്ഠമെന്ന് വലിയൊരു പക്ഷം പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട് (ഫത്ഹുല്‍ബാരി 1:256).

സംഘമായി നമസ്‌കരിക്കാമെന്ന് അഭിപ്രായപ്പെടുന്നവര്‍ ഈ ഹദീസ് തെളിവായി ഉദ്ധരിക്കുന്നു: ''ആഇശ(റ) പറയുകയാണ്: നബി(സ്വ) പള്ളിയില്‍ വെച്ച് നമസ്‌കരിച്ചു. ഒരു വിഭാഗം ജനങ്ങളും നബിയുടെ കൂടെ നമസ്‌കരിച്ചു. രണ്ടാം ദിവസവും നബി(സ്വ) നമസ്‌കരിച്ചു. അപ്പോള്‍ ജനങ്ങള്‍ കൂടി. മൂന്നു ദിവസമോ നാലു ദിവസമോ ജനങ്ങള്‍ ഒരുമിച്ചുകൂടി. പക്ഷേ അന്ന് നബി(സ്വ) നമസ്‌കരിക്കാന്‍ പള്ളിയിലേക്ക് പുറപ്പെട്ടില്ല. നേരം പുലര്‍ന്നപ്പോള്‍ നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ചെയ്തത് ഞാന്‍ കണ്ടിരുന്നു. നിങ്ങള്‍ക്ക് ഈ നമസ്‌കാരം നിര്‍ബന്ധമായിത്തീരുമോയെന്ന ഭയം മാത്രമാണ് നിങ്ങളുടെ അടുത്തേക്ക് വരുന്നതില്‍ നിന്ന് എന്നെ തടഞ്ഞത്. അത് റമദാന്‍ മാസത്തിലായിരുന്നു'' (ബുഖാരി, മുസ്‌ലിം).

ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് പില്‍ക്കാലത്ത് ഉമറുബ്‌നുല്‍ ഖത്വാബ്(റ) ഒരു ഇമാമിന്റെ നേതൃത്വത്തില്‍ ജമാഅത്ത് സംഘടിപ്പിച്ചത്. 

തറാവീഹ് വീട്ടില്‍വെച്ച് നമസ്‌കരിക്കലാണ് ശ്രേഷ്ഠമെന്ന് അഭിപ്രായപ്പെടുന്നവര്‍ താഴെ പറയുന്ന ഹദീസ് തെളിവായി സ്വീകരിക്കുന്നു. ''നിങ്ങളുടെ ഭവനങ്ങളില്‍ വെച്ച് നിങ്ങള്‍ നമസ്‌കരിക്കുക. ഒരാള്‍ നിര്‍ബന്ധ നമസ്‌കാരം ഒഴികെയുള്ളത് തന്റെ വീട്ടില്‍ വെച്ച് നമസ്‌കരിക്കുന്നതാണ് ഉത്തമം''(ബുഖാരി 698).

വിത്‌റ് നമസ്‌കാരത്തിനു പുറമെ റമദാനില്‍ മാത്രമുള്ള ഒരു നമസ്‌കാരമാണ് തറാവീഹ് എന്ന ധാരണ തികച്ചും തെറ്റാണ്. തറാവീഹ് എന്ന പദപ്രയോഗംപോലും നബി(സ്വ)യുടെ കാലത്ത് ഇല്ല. ദീര്‍ഘമായ നമസ്‌കാരവും ഇടയ്ക്ക് വിശ്രമവും ആയതിനാല്‍, പില്ക്കാല പണ്ഡിതന്മാര്‍ നല്കിയ പേരാണ് തറാവീഹ്.

നബി(സ്വ) ഈ നമസ്‌കാരം പതിനൊന്ന് റക്അത്തില്‍ കൂടുതല്‍ റമദാന്‍ മാസത്തിലും അല്ലാത്തപ്പോഴും നമസ്‌കരിച്ചിരുന്നില്ല എന്ന് ആഇശ(റ) പറയുന്നു (മുസ്‌ലിം 738).


 

Feedback