Skip to main content

അത്വാഉബ്‌നു അബീറബാഹ്

അബൂമുഹമ്മദ് എന്ന പേരില്‍ വിശ്രുതനായ അത്വാഉബ്‌നു അബീറബാഹ് അസ്‌ലമുബ്‌നു സഫ്‌വാന്‍ താബിഈ പണ്ഡിത നിരയിലെ അതുല്യ വ്യക്തിയായിരുന്നു. ക്രി.വ.647 (ഹി.27)ല്‍, ഖലീഫ ഉസ്മാന്റെ ഭരണകാലത്ത്, മധ്യ യമനിലെ ജുന്‍ദ് പട്ടണത്തിലാണ് ജനനം. തിരുദൂതരുടെ പ്രബോധകനായ മുആദുബ്‌നു ജബലാ(റ)ണ് ഇവിടെ ഇസ്‌ലാമിക സന്ദേശമെത്തിക്കുന്നത്.


അമവി ഭരണകാലത്ത് ജീവിച്ച അത്വാഇന്റെ പഠനവും തുടര്‍ജീവിതവും മക്കയില്‍. അതും മസ്ജിദുല്‍ ഹറാമില്‍. പ്രമുഖ സ്വഹാബി അബ്ദുല്ലാഹിബ്‌നു അബ്ബാസിന്റെ ശിഷ്യന്‍. ഹദീസ്, ഹദീസ് നിദാനശാസ്ത്രം, കര്‍മശാസ്ത്രം എന്നീ മേഖലകളില്‍ ആഴമേറിയ വിജ്ഞാനത്തിനുടമ. തന്റെ കാലത്തെ  മക്കയിലെ ആധികാരിക മുഫ്തി. അമവി ഖലീഫമാരുടെ ബഹുമാനാദരവുകള്‍ക്ക് പാത്രമായ പണ്ഡിത പ്രതിഭ.
അത്വാഉബ്‌നു അബീറബാഹിന് വിശേഷണങ്ങളേറെയാണ്. എന്നിട്ടും ജീവിതത്തില്‍ ഭൗതിക വിരക്തിയും അതീവ ലാളിത്യവും കാത്തുസൂക്ഷിച്ചു അബൂ മുഹമ്മദ്. അഞ്ചു ദിര്‍ഹമില്‍ കൂടിയ വസ്ത്രം അദ്ദേഹം ജീവിതത്തില്‍ ധരിച്ചില്ല. അമവി ഖലീഫ ഹിശാമുബ്‌നു അബ്ദില്‍ മലിക്ക് നല്‍കുന്ന സമ്മാനങ്ങള്‍ അദ്ദേഹം സ്‌നേഹപൂര്‍വം നിരസിച്ചിരുന്നു. 'എനിക്കുള്ള പ്രതിഫലം അല്ലാഹുവിന്റെ പക്കലാണെന്നായിരുന്നു' (ഖുര്‍ആന്‍, 26: 109) അത്വാഇന്റെ മറുപടി.


ജീവിതത്തില്‍ ഏറെ യാതനകള്‍ അനുഭവിച്ച അത്വാഅ് ബാല്യത്തില്‍ ഒരു വീട്ടിലെ സേവകനായിരുന്നു. വീട്ടുജോലിക്കും ആരാധനകള്‍ക്കും ഒപ്പം വിജ്ഞാന സമ്പാദനത്തിനും സമയം നീക്കിവെച്ചു അത്വാഅ്. അക്കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്ന സഹാബിമാരെയെല്ലാം നേരില്‍ കണ്ട് അവരില്‍ നിന്ന് വിജ്ഞാനം നേടി.
തന്റെ സേവകന്റെ വിജ്ഞാന തൃഷ്ണ അറിഞ്ഞ വീട്ടുകാരി അവനെ സ്വതന്ത്രനാക്കി. അങ്ങനെയാണ് അത്വാഅ് മസ്ജിദുല്‍ ഹറാമിലെത്തുന്നത്. പിന്നീട് അദ്ദേഹത്തിന്റെ വീടും പള്ളിയും പള്ളിക്കൂടവും എല്ലാം ഹറം പള്ളി തന്നെയായിരുന്നു. ഹറമിന്റെ മുഫ്തിയുമായി അദ്ദേഹം. ഹജ്ജിനെത്തുന്ന ഖലീഫമാര്‍ അദ്ദേഹത്തിന്റെ വിജ്ഞാനസദസ്സില്‍ ശിഷ്യരായി ഇരുന്നു.

ഹദീസുകള്‍ സ്വീകരിക്കുന്നതിലും നിവേദനം ചെയ്യുന്നതിലും അതീവ സൂക്ഷ്മത കാട്ടി അദ്ദേഹം. പ്രമുഖരായ ആഇശ(റ), അബൂഹുറയ്‌റ(റ), ഉമ്മുസലമ(റ), ഉമ്മുഹാനീ(റ), ഇബ്‌നു അബ്ബാസ്(റ), ഇബ്‌നു ഉമര്‍(റ), ജാബിര്‍(റ), മുആവിയ(റ) തുടങ്ങിയവരില്‍ നിന്നാണ് അത്വാഅ് ഹദീസുകള്‍ ഉദ്ധരിച്ചത്. അദ്ദേഹത്തിന്റെ ശിഷ്യരും പ്രമുഖരായിരുന്നു. ഔസാഈ, ഇബ്‌നു ജുറൈജ്, ഖതാദ, അബൂഹനീഫ, ലൈസ് തുടങ്ങി പേരെടുത്ത പണ്ഡിതര്‍ അത്വാഇല്‍ നിന്ന് ഹദീസുകള്‍ സ്വീകരിച്ചവരായിരുന്നു.
ക്രി.വ. 732 (ഹി.114)ല്‍ അദ്ദേഹം നിര്യാതനായി.

Feedback