ബസ്വറയിലെ ന്യായാധിപ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ആ പദവിയില്‍ ആരെ നിയമിക്കണമെന്ന ചിന്ത ഖലീഫ ഉമറുബ്നു അബ്ദില്‍ അസീസിനെ ചിന്താകുലനാക്കി. രണ്ടു മുഖങ്ങളാണ് അദ്ദേഹത്തിന്റെ മനസ്സില്‍ തെളിഞ്ഞത്. ഖാസിമുബ്നു റബീഅയും ഇയാസുബ്നു മുആവിയയും.
ഇറാഖ് ഗവര്‍ണറെ വിളിച്ച് ഖലീഫ കാര്യം പറഞ്ഞു. ഗവര്‍ണര്‍ ഇരുവരെയും വിളിപ്പിച്ചു. കൂടിയാലോചന നടത്തി. എന്നാല്‍ ഇരുവരും ആ ഭാരിച്ച പദവി ഏറ്റെടുക്കാന്‍ തയ്യാറായില്ല. അപരനാണ് ആ പദവിക്ക് യോഗ്യനെന്ന് ഇരുവരും പരസ്പരം പറയുകയും ചെയ്തു. കുഴങ്ങിയ ഗവര്‍ണര്‍ ഒടുവില്‍ പറഞ്ഞു: 'ഒരാള്‍ ഈ പദവി ഏറ്റെടുക്കാതെ രണ്ടുപേരെയും ഞാന്‍ പുറത്തു വിടില്ല'.
ഇരുവരും തമ്മില്‍ വാഗ്വാദം മുറുകി. ജഡ്ജി പദവി ഏറ്റെടുക്കാന്‍ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും നിര്‍ബന്ധിക്കുകയും ചെയ്തു. ഒടുവില്‍ ഖാസിമുബ്നു റബീഅ ഇങ്ങനെ പറഞ്ഞു: 'അമീര്‍, അല്ലാഹുവാണ് സത്യം, മതത്തെക്കുറിച്ച് ഇയാസിനുള്ളത്ര പാണ്ഡിത്യം എനിക്കില്ല. നിയമ വിദഗ്ധനുമാണ് ഇയാസ്. ഞാനീചെയ്തത് കള്ളസത്യമാണെങ്കില്‍ ജഡ്ജിയായിരിക്കാന്‍ ഞാന്‍ യോഗ്യനല്ല. ഇത് സത്യമാണെങ്കിലോ, യോഗ്യനായ ഇയാസിനെ ഒഴിവാക്കി അയോഗ്യനായ എന്നെ നിയമിക്കല്‍ അങ്ങക്ക് അനുവദനീയവുമല്ല'.
വാദങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച ഗവര്‍ണര്‍ ഒടുവില്‍ തീര്‍പ്പിലെത്തി. ബസ്വറയിലെ ജഡ്ജി ഇയാസുബ്നു മുആവിയ തന്നെയാകട്ടെ. ഏറെ ആശങ്കയോടെയാണ് ഇയാസ് അവിടെ നിന്നിറങ്ങിപ്പോയത്.
ഹിജ്റ 46ല്‍ നജ്ദിലെ യമാമയിലാണ് ഇയാസിന്റെ ജനനം. പിതാവ് മുആവിയ അല്‍ മുസ്നി. ഇയാസ് കുട്ടിയായിരിക്കെത്തന്നെ കുടുംബം നജ്ദില്‍ നിന്ന് ബസ്വറയിലേക്ക് കുടിയേറി. വിദ്യാഭ്യാസം നേടിയതും ഇവിടെ വെച്ചു തന്നെ.
വിജ്ഞാനം തേടി യൗവനാരംഭത്തില്‍ തന്നെ യാത്ര തുടങ്ങിയ അദ്ദേഹം സമകാലീനരായ സ്വഹാബിമാരെയെല്ലാം നേരില്‍ കാണാന്‍ ശ്രമിച്ചു. ഡമസ്കസായിരുന്നു പ്രധാന കേന്ദ്രം. പ്രവാചക ശിഷ്യരില്‍ പ്രധാനിയായ അനസുബ്നു മാലിക്കുമായി അടുത്ത ബന്ധമുണ്ടായിരുന്നു ഇയാസിന്.
കൗമാരപ്രായത്തില്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ പക്വതയും യുക്തി ബോധവും പ്രകടിപ്പിച്ച ഇയാസിന്റെ നിരവധി സംഭവങ്ങള്‍ ചരിത്രത്തില്‍ കാണാം. കുട്ടിക്കാലത്ത് ഗണിതം അഭ്യസിച്ചിരുന്നത് ജൂത അധ്യാപകനില്‍ നിന്നായിരുന്നു. ഒരിക്കല്‍ അദ്ദേഹം ശിഷ്യരോട് ഇങ്ങനെ പറയുന്നത് ഇയാസ് കേട്ടു: മുസ്ലിംകളുടെ സ്വര്‍ഗത്തില്‍ ഭക്ഷണം യഥേഷ്ടമുണ്ടാവും. എന്നാല്‍ മലമൂത്ര വിസര്‍ജനം ഉണ്ടാവില്ലതാനും. അദ്ഭുതം തന്നെ!
ഉടനെ ഇയാസ് ഇടപെട്ടു: ഗുരോ, ഇവിടെ വെച്ച് നാം കഴിക്കുന്നതു മുഴുവന്‍ മലമൂത്രമാവുന്നില്ലല്ലോ. കൂടുതലും ശരീരത്തിന് പോഷകമാവുകയല്ലേ ചെയ്യുന്നത്. പരലോകത്ത് വെച്ച് നാം കഴിക്കുന്നതു മുഴുവന്‍ പോഷകമാവുന്നു. അതിലെന്ത് അദ്ഭുതം?
ശിഷ്യന്റെ മറുപടി കേട്ട ഗുരു പിന്നൊന്നും പറഞ്ഞില്ല. ന്യായാധിപ പദവിയില്‍ വര്‍ഷങ്ങളോളം സേവനം ചെയ്ത അദ്ദേഹത്തിന് നാനാതരത്തിലുള്ളവരുടെ ആയിരക്കണക്കിന് തര്‍ക്കങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. വാദികളെയും പ്രതികളെയും അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചും കേട്ടുമായിരുന്നു വിധി പറഞ്ഞിരുന്നത്. പ്രമാണങ്ങളെ അദ്ദേഹം വിധികളുടെ ആധാരമാക്കി. ചിലരെ യുക്തിയോടെ നേരിട്ടു, മറ്റു ചിലരോട് തര്‍ക്കിച്ചു.
ഒരിക്കല്‍ ഖുറാസാനിലെ ഒരു പ്രമുഖന് ഇയാസിനെ കാണാനെത്തി. മദ്യത്തിന്റെ വിധി തേടിയാണദ്ദേഹം വന്നത്. മദ്യം നിഷിദ്ധമാണെന്ന് തീര്‍ത്തു പറഞ്ഞു ഇയാസ്. 'വെള്ളവും പഴവും അനുവദനീയം. അവ രണ്ടും തിളപ്പിച്ചുണ്ടാക്കുന്ന മദ്യം നിഷിദ്ധവും. ഇതെന്തു വിധി?' പ്രമുഖന് പറഞ്ഞു.
'ഒരു കപ്പ് വെള്ളമെടുത്ത് ഞാന്‍ താങ്കളുടെ തലയിലൊഴിച്ചാല്‍ താങ്കള്‍ക്ക് നോവുമോ?' ഇയാസ് ചോദിച്ചു.
'ഇല്ല'. അദ്ദേഹം പറഞ്ഞു. 'ഒരു പിടി മണ്ണെടുത്ത് നിങ്ങളെ എറിഞ്ഞാല്‍ നിങ്ങള്‍ക്ക് നോവുമോ?'
'ഇല്ല'.
'എന്നാല്‍ മണ്ണും വെള്ളവും കൂട്ടിക്കുഴച്ച് ഉരുളയാക്കി ഉണക്കി അതുകൊണ്ട് നിങ്ങളെ എറിഞ്ഞാല്‍ വേദനിക്കുമോ?'
'അതെ'.
'എങ്കില്‍ മദ്യത്തിന്റെ കാര്യവും അങ്ങനെത്തന്നെ'- ജഡ്ജിയായ ഇയാസ് പറഞ്ഞു.
എഴുപത്തിയാറാം വയസ്സില്‍ ആ ധന്യജീവിതം അസ്തമിച്ചു.