Skip to main content

സാലിമുബ്‌നു അബ്ദില്ലാഹിബ്‌നി ഉമര്‍

ഖലീഫ ഹിശാമുബ്‌നു അബ്ദില്‍ മലിക് ഹജ്ജിന് വന്നതായിരുന്നു.  ത്വവാഫ് ചെയ്യവെ സാലിമുബ്‌നു അബ്ദില്ലയെ കാണാനിടയായി.  മദീനയിലെ താബിഈ പണ്ഡിത നിരയിലെ മഹാനെ നേരില്‍ കണ്ട ഹിശാമിന് അതിയായ സന്തോഷം.  എന്തെങ്കിലും ആവശ്യം ഉന്നയിക്കണമെന്നായി ഖലീഫ.

കഅ്ബയുടെ ചാരത്തുവെച്ച് എന്തെങ്കിലും അല്ലാഹുവിനോടല്ലാതെ ആവശ്യപ്പെടാന്‍ ലജ്ജയുണ്ടെന്നായി സാലിം. സാലിം പുറത്തേക്കിറങ്ങി. പിന്നാലെ ഖലീഫയും വന്നു.
'ഇനി എന്തെങ്കിലും ചോദിക്കൂ?' ഖലീഫ വിട്ടില്ല. 
ഞാന്‍ ഭൗതികമായ ആഗ്രഹം പറയണോ, അതല്ല പാരത്രികമായത് വേണോ?' - സാലിം സംശയമുന്നയിച്ചു.
'ഭൗതികമായ ആഗ്രഹം'  ഖലീഫ.
'ദുന്‍യാവിനെ ഉടമപ്പെടുത്തിയവനോടു പോലും അതില്‍ നിന്ന് ഒന്നും ഞാന്‍ ചോദിച്ചിട്ടില്ല.  പിന്നെങ്ങനെ അതില്‍ നിന്ന് ഒന്നും അധീനപ്പെടുത്താത്ത താങ്കളോട് ഞാന്‍ എന്തെങ്കിലും ആവശ്യപ്പെടും?
ഹിശാം നിശ്ശബ്ദനായി.  പിന്നെ തിരിഞ്ഞു നടന്നു.

ഇതായിരുന്നു സാലിം.  ദുന്‍യാവിനെ സൂക്ഷിച്ച് കൈകാര്യം ചെയ്ത ഉമറിന്റെ പൗത്രന്‍, പരലോകത്തിനു മുന്നില്‍ ഇഹലോകത്തെ അവഗണിച്ച അബ്്ദുല്ല(റ)യുടെ പുത്രന്‍ സാലിം ദൈവഭക്തിയിലും ഭൗതിക വിരക്തിയിലും മദീനക്കാര്‍ക്ക് നേതാവായി.  പാണ്ഡിത്യം കൊണ്ട് അവരുടെ ഇമാമുമായി.

ഉസ്്മാന്‍(റ) ഖലീഫയായിരിക്കെയാണ് മദീനയില്‍ സാലിമിന്റെ ജനനം.  പിതാവില്‍ നിന്നു തന്നെയാണ് ആദ്യപാഠങ്ങള്‍ പഠിച്ചത്.  അബൂഹുറയ്‌റ, റാഫിഉബ്‌നു ഖദീജ്, അബൂറാഫിഅ്, സഈദുബ്‌നുല്‍ മുസയ്യിബ്, സ്വഫിയ ബിന്‍ത് അബീ ഉബൈദ്, അബൂ അയ്യൂബില്‍ അന്‍സ്വാരീ തുടങ്ങിയവരില്‍ നിന്നും ഹദീസുകള്‍ നിവേദനം ചെയ്തു.

മദീനയിലെ ഏഴു പ്രമുഖ പണ്ഡിതരുടെ കൂട്ടത്തില്‍ പെട്ടിരുന്നില്ലെങ്കിലും ആളുകള്‍ മത വിധി ചോദിച്ച് സാലിമിനെ സമീപിക്കാറുണ്ടായിരുന്നു.

മകന്‍ അബൂബക്‌റുബ്‌നുസാലിം, സാലിമുബ്‌നു അബില്‍ ജഅ്ദ്, അംറുബ്‌നു ദീനാര്‍, മുഹമ്മദുബ് നുവാസിഅ് തുടങ്ങി നിരവധിപേര്‍ അദ്ദേഹത്തില്‍ നിന്ന് ഹദീസുകള്‍ ഉദ്ധരിച്ചു.

ഹി. 106 ദുല്‍ഹിജ്ജ മാസത്തില്‍ സാലിം നിര്യാതനായി.


 

Feedback