Skip to main content

ജാമിഅ നിസാമിയ, ഹൈദരാബാദ്

ജാമിഅഃ എന്ന അറബി വാക്കിന്റെ അര്‍ത്ഥം യൂണിവേഴ്‌സിറ്റി എന്നാണ്, എന്നാല്‍ യൂണിയന്‍ ഗ്രാന്റ്‌സ് കമ്മീഷന്‍ ഒരു യൂണിവേഴ്‌സിറ്റിക്ക് വേണ്ടി നിശ്ചയിച്ച അളവുകോലുകള്‍ മുഴുവനും ഇല്ലാതിരുന്നിട്ടുകൂടി ഒരു യൂണിവേഴ്‌സിറ്റിയായി (സ്വതന്ത്ര) എണ്ണപ്പെടുന്ന സ്ഥാപനമാണ് ഹൈദരാബാദിലെ ജാമിഅ നിസാമിയ്യ.

1876-ല്‍ ഫദ്വീലത് ജന്‍ക് എന്ന നാമധേയത്തിലറിയപ്പെട്ടിരുന്ന ശൈഖുല്‍ ഇസ്‌ലാം ഇമാം മുഹമ്മദ് അന്‍വറുല്ലാഹ് ഖാന്‍ ഫാറൂഖിയാണ് ഈ വിജ്ഞാനഗേഹം സ്ഥാപിക്കുന്നത്. ഹൈദരാബാദില്‍ ഭരണാധികാരിയായിരുന്ന നൈസാം ആണ് അദ്ദേഹത്തിന് ഫദ്വീലത് ജന്‍ക് എന്ന ബഹുമാന നാമം നല്‍കിയത്. ഇസ്‌ലാമിനെയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളെയും ആഴത്തില്‍ പഠന വിധേയമാ ക്കുകയും ഗവേഷണ പഠനങ്ങള്‍ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ജന്മം കൊണ്ടത്.

സ്വന്തമായി ഒരു അംഗീകൃത യൂണിവേഴ്‌സിറ്റി അല്ലെങ്കിലും ജാമിഅ നിസാമിയ്യയുടെ കോഴ്‌സുകളായ മൗലവി, ആലിം, ഫാദില്‍, കാമില്‍ തുടങ്ങിയവയ്ക്ക് ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ അംഗീകാരമുണ്ട്. ഡിഗ്രി ഫാദില്‍ കോഴ്‌സിന്റെ കൂടെ ഇംഗ്ലീഷ് ഭാഷയും പാസായാല്‍ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ പി.ജി കോഴ്‌സിന് പ്രവേശനം ലഭിക്കുന്നതാണ്. കൂടാതെ ഇന്ത്യക്കകത്ത് അലിഗഢ് സര്‍വകലാശാലയും ഇന്ത്യക്ക് പുറത്ത് ഈജിപ്തിലെ അല്‍ അസ്ഹര്‍, മക്കയിലെ ഉമ്മുല്‍ ഖുറാ, മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, കുവൈത്തിലെ യൂണിവേഴ്‌സിറ്റി ഓഫ് കുവൈത്ത് തുടങ്ങിയ സര്‍വകലാശാലകളുമൊക്കെ ജാമിഅ: നിസാമിയ്യയുടെ കോഴ്‌സുകള്‍ അംഗീകരിച്ചിട്ടുണ്ട്.

ഫത്‌വാ വിഭാഗമാണ് ജാമിഅ നിസാമിയ്യ കൈകാര്യം ചെയ്യുന്ന ഏറ്റവും ശ്രദ്ധേയമായ വിഭാഗം. 2000ത്തിലധികം ഫത്‌വകള്‍ ഓരോ വര്‍ഷവും ജാമിഅ: നല്‍കാറുണ്ട്. വിവിധ മാധ്യമങ്ങളിലെ ചോദ്യോത്തര പംക്തികളിലും ജാമിഅ ഫത്‌വ നല്‍കാറുണ്ട്. ദാറുല്‍ ഫത്‌വ എന്ന പേരിലാണ് ഫത്‌വാ വിഭാഗം അറിയപ്പെടുന്നത്.

ഒറ്റനോട്ടത്തില്‍

·    സ്ഥാപിതം- 1876
·    സ്ഥാപകന്‍-ഇമാം മുഹമ്മദ് അന്‍വറുല്ലാഹ് ഖാന്‍ ഫാറൂഖി.
·    ലൊക്കേഷന്‍- ഹൈദരാബാദ്, തെലങ്കാന, ഇന്ത്യ.
·    വെബ് സൈറ്റ്-www.jamianizamiya.org

Feedback
  • Saturday Nov 23, 2024
  • Jumada al-Ula 21 1446