ഇശാ നമസ്‌കാരത്തിലെ മുമ്പായി ഉറങ്ങല്‍ വിരോധമാണോ?
മറുപടി: സ്വഹീഹുല്‍ ബുഖാരിയില്‍ ഇശാ നമസ്‌കാരത്തിന് മുമ്പ് ഉറങ്ങല്‍ വെറുക്കപ്പെട്ടതാണ് എന്ന് പറയുന്ന ഒരു അധ്യായം കാണാം. ശേഷം ഉദ്ധരിക്കുന്ന ഹദീസ് കാണുക. അബൂബക്കര്‍(റ) പറയുന്നു: ഇശാ നമസ്‌കാരത്തിന്നു മുമ്പ് ഉറങ്ങുന്നതും അതിനുശേഷം വര്‍ത്തമാനം പറയുന്നതും നബി(സ്വ) വെറുത്തിരുന്നു. (ബുഖാരി, ഹദീസ് നമ്പര്‍ 567) ഉറക്കം കീഴ്‌പെടുത്തിയാല്‍ ഇശാക്ക് മുമ്പ് ഉറങ്ങല്‍ എന്നൊരു അധ്യായവും ശേഷം ബുഖാരിയില്‍ കാണാം. സ്വഹാബിമാര്‍ ഇശാ നമസ്‌കാരത്തിന്നു മുമ്പ് ഉറങ്ങിയ ധാരാളം സംഭവങ്ങള്‍ ശേഷം ഇമാം ബുഖാരി ഉദ്ധരിക്കുന്നു. ചുരുക്കത്തില്‍ ഇശാ നമസ്‌കാരത്തിന്നു മുമ്പ് ഉറങ്ങുന്നതിനു വിരോധമില്ല. ഇശാ നമസ്‌കാരത്തിന്ന് പ്രതിബന്ധമാകുമെന്ന് വിചാരിച്ചാണ് നബി(സ്വ) അതിനെ നിരുത്‌സാഹപ്പെടുത്തിയത്. ഇതു തന്നെ ഇശാ നമസ്‌കാരത്തിന്റെ സമയമായിക്കഴിഞ്ഞാല്‍ മാത്രമാണ്. സമയമാകുന്നതിന്റെ മുമ്പ് ഉറങ്ങല്‍ കറാഹത്തുപോലും ഇല്ലെന്നാണ് പ്രസിദ്ധ ഹദീസ് പണ്ഡിതനായ ഇമാം ത്വഹാവി(റ) പോലെയുള്ളവര്‍ പറയുന്നത്.