Skip to main content

നബിയുടെ ജന്‍മദിനം

മുഹമ്മദ് നബി(സ്വ) ജനിച്ചത് റബീഉല്‍ അവ്വല്‍ മാസം പന്ത്രണ്ടിനാണെന്ന് പ്രബലമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ടോ ?

മറുപടി : ഇല്ല. നബി(സ്വ) ജനിച്ചത് ഒരു തിങ്കളാഴ്ച്ചയാണെന്ന് മാത്രമേ വിശ്വസനീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ജനിച്ച വര്‍ഷം, മാസം, തീയ്യതി എന്നീ കാര്യങ്ങളൊന്നും പ്രബലമായ ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. 

നബി(സ്വ) ജനിച്ചത് റബീഉല്‍ അവ്വല്‍ മാസത്തിലാണെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായമെന്ന് പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവും ചരിത്രകാരനുമായ ഇബ്‌നു കസീര്‍ അദ്ദേഹത്തിന്റെ ''അല്‍ ബിദായവന്നിഹായ'' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജനിച്ച മാസത്തിന്റെ കാര്യത്തില്‍ യോജിക്കുന്നവര്‍ തന്നെ തീയ്യതിയുടെ കാര്യത്തില്‍ വിയോജിച്ചിരിക്കുന്നു. 

ഇബ്‌നു അബ്ദില്‍ ബര്‍റ്, വാഖിദി എന്നിവരുടെ അഭിപ്രായത്തില്‍ അത് മൂന്നാം തീയ്യതിയാണ്. ഇബ്‌നു ഹസമ്, മാലിക്, ഉഖൈല്‍ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തീയ്യതി എട്ടാണ്. ഈ അഭിപ്രായത്തിന് പലരും മുന്‍ഗണന നല്‍കിയിട്ടുണ്ട്.  റബീഉല്‍ അവ്വല്‍ 10ന് നബി(സ്വ) ജനിച്ചു വെന്നാണ് ഇബ്‌നു ദഹിയ്യ, ഇബ്‌നു അസാകിര്‍ എന്നിവര്‍ രേഖപ്പെടുത്തിയത്. ഇബ്‌നു ഇസ്ഹാഖ്, ഇബ്‌നു അബീശൈബ എന്നിവര്‍ രേഖപ്പെടുത്തിയ തീയ്യതി പന്ത്രണ്ടാണ്. 

ആനക്കലഹ വര്‍ഷത്തില്‍ റബീഉല്‍ അവ്വല്‍ പതിനെട്ടാം തീയ്യതി തിങ്കളാഴ്ചയാണ് നബി(സ്വ) ജനിച്ചതെന്ന് ജാബിര്‍, ഇബ്‌നു അബ്ബാസ്(റ) എന്നീ സ്വഹാബിമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇതാണ് ഭൂരിപക്ഷം സ്വീകരിക്കുന്ന പ്രസിദ്ധമായ അഭിപ്രായമെന്ന് ഇബ്‌നു കസീര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
 

Feedback