കൂമന്‍ മൂളിയാല്‍ കുടുംബത്തിലോ മറ്റോ മരണം സംഭവിക്കുമെന്നും കൂമന്‍ ശകുനപ്പിഴയാണെന്നും ആളുകള്‍ പറഞ്ഞു കേള്‍ക്കുന്നു. മതപ്രസംഗത്തില്‍നിന്ന് കേട്ടതാണ് ഇക്കാര്യം എന്നും ചിലര്‍ പറയുന്നു. ഇതു ശരിയാണോ?
മറുപടി: അദൃശ്യമാര്‍ഗത്തിലൂടെ വ്യക്തി, വസ്തു, സ്ഥലം, സമയം, ജീവികള്‍ മുതലായവയില്‍നിന്ന് തിന്‍മ ഭയപ്പെടുന്നതിന്നാണ് ശകുനം എന്ന് പറയുക. നഹ്‌സ് എന്നും ഇതിനു പറയും. അദൃശ്യമാര്‍ഗത്തിലൂടെ അല്ലാഹുവില്‍നിന്ന് മാത്രമേ തിന്‍മ വരികയുള്ളൂ. (അഅ്‌റാഫ്:131) ഇതു തന്നെ മനുഷ്യന്റെ കര്‍മഫലമായിട്ടാണെന്നും പരിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കുന്നു. (ഇസ്‌റാഅ്, യാസീന്‍) ശകുനത്തിലുള്ള വിശ്വാസം ശിര്‍ക്കാണെന്ന് നബി(സ്വ) പറയുന്നു. (അബൂദാവൂദ്, ബുഖാരി).
നബി(സ്വ) അരുളി: ഇസ്‌ലാമില്‍ 'ഹാമതി'ലുള്ള വിശ്വാസം ഇല്ല. (ബുഖാരി, മുസ്‌ലിം) ഹാമത് എന്നത് കൂമന്‍ പോലെയുള്ള ഒരു പക്ഷിയാണ്. കൂമനും ഉദ്ദേശിക്കപ്പെടുന്നു. ഈ പക്ഷി വീട്ടിലെ മുകളില്‍ ഇരുന്ന് കരഞ്ഞാല്‍ ആ വീട്ടില്‍ മരണം ഉണ്ടാകുമെന്ന് ജാഹിലിയ്യാ കാലത്തു ജീവിച്ചിരുന്നവര്‍ വിശ്വസിച്ചിരുന്നു. ഈ വിശ്വാസം ശിര്‍ക്കാണെന്ന് നബി(സ്വ) പ്രഖ്യാപിക്കുകയാണ്. (ശര്‍ഹു മുസ്‌ലിം: 14215)
അദൃശ്യമാര്‍ഗത്തിലൂടെ അല്ലാഹുവിനെ മാത്രം ഭയപ്പെടുക എന്നത് തൗഹീദിന്റെ ഒരു പ്രധാന വശമാണ്. ഇതുകൊണ്ടാണ് ലാഇലാഹ ഇല്ലല്ലാഹ് എന്നു പ്രഖ്യാപിച്ച ഉടനെ അതിനാല്‍ നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുകയെന്ന് ഖുര്‍ആനില്‍ പ്രസ്താവിക്കുന്നത്. കൂമന്‍ തലക്കു കൊത്തുമോ എന്ന് ഭയപ്പെടുന്നതിന്നു വിരോധമില്ല. കാരണം ഇത് അദൃശ്യമാര്‍ഗത്തിലൂടെയുള്ള ഭയമല്ല. എന്നാല്‍ അതിലെ ശബ്ദത്തെ ഭയപ്പെടലും ശകുനപ്പിഴയായി ദര്‍ശിക്കലും അദൃശ്യമായ മാര്‍ഗത്തില്‍ അതിനെ ഭയപ്പെടലാണ്. ഇതു അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണ്. സത്യവിശ്വാസികളെ സംബന്ധിച്ച് ഖുര്‍ആന്‍ വിവരിക്കുമ്പോള്‍ അവര്‍ അദൃശ്യത്തിലൂടെ അവരുടെ രക്ഷിതാവിനെ മാത്രം ഭയപ്പെടുന്നവരാണെന്ന് ധാരാളം സൂക്തങ്ങളിലൂടെ പ്രഖ്യാപിക്കുന്നത് കാണാം. ശകുനം എന്തെങ്കിലും ഉദ്ദേശിച്ചതില്‍ നിന്നോ യാത്രയില്‍നിന്നോ പിന്തിരിപ്പിച്ചാല്‍ ആ മനുഷ്യന്‍ അല്ലാഹുവില്‍ പങ്കുചേര്‍ത്തുവെന്നും നബി(സ്വ) പ്രസ്താവിക്കുകയുണ്ടായി. ശകുനത്തില്‍ വിശ്വസിക്കുന്നവര്‍ ജീവിതവിജയം കരസ്ഥമാക്കുകയില്ലെന്ന് തിരുമേനി(സ്വ) ഉണര്‍ത്തി. ഇസ്‌ലാമിന്റെ ഏകദെവവിശ്വാസം മനുഷ്യര്‍ക്കു നിര്‍ഭയത്വം ഉണ്ടാക്കുമെന്ന് ഖുര്‍ആന്‍ പറയുന്നത് ഇത്തരത്തിലുള്ള ഭയത്തില്‍ നിന്നാണ്. അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ നാം അല്ലാഹുവിനെ മാത്രം ഭയപ്പെട്ടാല്‍ മതി.