മുസ്‌ലിംകളുടെ പല പരിപാടികളിലും തുടക്കത്തില്‍ ദുആ നടത്തുന്നതിന്റെ മുന്നോടിയായി ഫാത്തിഹയും മറ്റും ഓതി മറ്റുള്ളവര്‍ക്ക് ഹദ്‌യ ചെയ്യുന്നതായി കാണുന്നു. ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്താല്‍ കൂലി കിട്ടുമോ ?
മറുപടി : നബി(സ്വ) ജീവിച്ചിരിക്കേ അനുചരന്‍മാരില്‍ പലരും മരിച്ചു പോയിട്ടുണ്ടല്ലോ. അവരില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു. എന്നാല്‍ ഒരിക്കലെങ്കിലും അദ്ദേഹം ഖുര്‍ആന്‍ ഓതി അതിന്റെ പ്രതിഫലം അവര്‍ക്ക് ഹദ്‌യ ചെയ്തതായി അഥവാ ആ പ്രതിഫലം അവര്‍ക്ക് നല്‍കണമേ എന്ന് അള്ളാഹുവോട് പ്രാര്‍ഥിച്ചതായി പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. പ്രവാചക ശ്രേഷ്ഠനും ആദര്‍ശ പിതാവുമായ ഇബ്രാഹീം നബി(അ)ക്കോ മൂസാ നബി(അ)ക്കോ മറ്റോ ഇതു പോലെ മുഹമ്മദ് നബി(സ്വ) ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്തതായും കാണുന്നില്ല. ഇന്ന് ചില ആളുകള്‍ ചെയ്യുന്നതുപോലെയുള്ള 'ഇലാഹളറത്തിന്നബിയ്യി-അല്‍ ഫാതിഹ' എന്ന് പറഞ്ഞു കൊണ്ട് ഫാതിഹയും മറ്റും ഓതി അതിന്റെ പ്രതിഫലം മരിച്ചു പോയ മഹാന്‍മാരുടെ സന്നിധിയില്‍ എത്തിച്ചു കൊടുക്കണമെന്ന് അല്ലാഹുവോട് ആവശ്യപ്പെടുന്ന സമ്പ്രദായം സ്വഹാബികളുടെ കാലത്ത് ഉണ്ടായിരുന്നതായി ഹദീസുകളിലോ ചരിത്ര ഗ്രന്ഥങ്ങളിലോ കാണുന്നില്ല.