Skip to main content

ബറാഅത്ത് രാവ്

'നിശ്ചയം നാം വിശുദ്ധ ഗ്രന്ഥം ഇറക്കിയത് അനുഗൃഹീത രാത്രിയിലാകുന്നു'വെന്ന ഖുര്‍ആന്‍ സൂക്തത്തിന് ഇമാം ഇക്‌രിമ(റ)യെ പോലുള്ള തഫ്‌സീര്‍ വ്യാഖ്യാതാക്കള്‍ ബറാഅത്ത് രാവാണ് അതു കൊണ്ട് വിവക്ഷ എന്ന് അഭിപ്രായപ്പെട്ടത് ഈ രാത്രിയുടെ മഹത്വത്തെ വിളിച്ചോതുന്നു. അന്നത്തെ രാത്രി ആവശ്യങ്ങള്‍ ചോദിച്ചു കൊണ്ട് അള്ളാഹുവിനെ ധ്യാനിക്കുന്നവര്‍ക്ക് അവ അള്ളാഹു നിറവേറ്റിക്കൊടുക്കുമെന്ന് ധാരാളം ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇമാം തിര്‍മിദി, ബൈഹഖീ, ത്വബ്‌റാനീ, ബസ്സാര്‍, ഹസന്‍ ബസ്വരി തുടങ്ങിയവര്‍ ഇതു സംബന്ധമായി ഹദീസ് ഉദ്ധരിച്ച പണ്ഡിതന്‍മാരാണ്.

ഈ വിവരണത്തിന്റെ യാഥാര്‍ഥ്യമെന്ത്?

മറുപടി : പ്രശസ്തരായ നൂറുക്കണക്കിന് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഹദീസ് പണ്ഡിതന്‍മാരും കര്‍മശാസ്ത്ര പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുള്ളത് സൂറത്തുദ്ദുഖാനിലെ ലൈലത്തുന്‍ മുബാറക എന്ന് പറഞ്ഞതും സൂറത്തുല്‍ ഖദ്‌റില്‍ ലൈലത്തുന്‍ ഖദ്ര്‍ എന്ന് പറഞ്ഞതും ഒരേ രാത്രി യെക്കുറിച്ച് തന്നെയാണ് എന്നത്രെ. ഖുര്‍ആന്‍ വ്യാഖ്യാതാവായ കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ല്യാരും ഈ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കിയത്. കേരളത്തിലെ പൂര്‍വിക പണ്ഡിതന്‍മാരില്‍ പ്രമുഖനായ സൈനുദ്ദീന്‍ മഖ്ദൂം, അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥമായ്ര ഫത്ഹുല്‍ മുഈനില്‍ ബറാത്ത് രാവില്‍ പ്രത്യേകമായ മതാനുഷ്ഠാനങ്ങളൊന്നും അനുശാസിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഒറ്റപ്പെട്ട അഭിപ്രായങ്ങളും വിശ്വാസ്യതയില്ലാത്തവര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളും പരിഗണിക്കാതിരിക്കുക എന്നതാണ് എക്കാലത്തും ആര്‍ജ്ജവമുള്ള പണ്ഡിതന്‍മാര്‍ സ്വീകരിച്ചു പോന്ന നിലപാട്. ഖുര്‍ആന്‍ അവതരിച്ചത് ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയിലല്ല റമദാനിലെ ലൈലത്തുല്‍ ഖദ്‌റിലാണ് എന്നു വ്യക്തമാക്കിയ ധാരാളം പണ്ഡിതന്‍മാരുടെ കൂട്ടത്തില്‍ ശാഫീ മദ്ഹബുകാരായ കുറേ പേരുമുണ്ട്. ദുര്‍ബലമായ ഹദീസുകള്‍ ഉദ്ധരിച്ച് ബറാഅത്ത് എന്ന അനാചാരത്തെ ന്യായീകരിക്കുന്നത് സത്യസന്ധമായ നിലപാടല്ല. ഈ ഹദീസുകളൊക്കെ കണ്ട പണ്ഡിതന്‍മാര്‍ തന്നെയാണ് അവ പ്രാമാണികമല്ലെന്ന് മനസ്സിലാക്കി ശഅ്ബാന്‍ പതിനഞ്ചിലെ പ്രത്യേക ആചാരങ്ങള്‍ക്ക് തെളിവില്ലെന്ന് രേഖപ്പെടുത്തിയത്.

Feedback