മഗ്‌രിബിന്റെ സമയത്ത് കിടക്കരുതെന്നും ആ സമയത്ത് മയ്യിത്ത് പോലും എണീറ്റിരിക്കുന്ന സമയമാണെന്നും പറയുന്നത് സത്യമാണോ?. ആണെങ്കില്‍ ഇതിനുള്ള തെളിവെന്ത്, വിശദീകരിക്കാമോ?
മറുപടി: അല്ലാഹു പറയുന്നു: ''രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. (30 : 23) പരിശുദ്ധ ഖുര്‍ആനില്‍ രാത്രിയിലും പകലിലും ഉറങ്ങാമെന്ന് പറയുന്നു. എന്നാല്‍ ഏതെങ്കിലും ഒരു സമയത്ത് ഉറങ്ങുവാന്‍ പാടില്ലെന്ന് പറയുന്നില്ല. ആരാധനകള്‍ നിര്‍വഹിക്കുവാന്‍ പറയുന്ന സന്ദര്‍ഭങ്ങളില്‍ (ഉദാ: ജുമുഅ നമസ്‌കാരം, അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍) ഉറങ്ങുന്നതും ജീവിത പുരോഗതിക്ക് തടസ്സമാകുന്ന നിലക്ക് ഉറങ്ങുന്നതുമാണ് പരിശുദ്ധഖുര്‍ആന്‍ വിരോധിക്കുന്നത്. ഇതുപോലെ പ്രവാചകന്റെ ഹദീസുകളിലും ഏതെങ്കിലും ഒരു പ്രത്യേക സമയത്ത് ഉറങ്ങുന്നതിനെ വിരോധിക്കുന്നില്ല. പരിശുദ്ധഖുര്‍ആന്‍ വിരോധിച്ച രീതിയില്‍ ഉറങ്ങുന്നതിനെയാണ് വിരോധിക്കുന്നത്.
ആഇശ(റ)യില്‍ നിന്ന് നബി(സ്വ) പ്രസ്താവിച്ചതായി ഇപ്രകാരം ഒരു ഹദീസ് ഉദ്ധരിക്കപ്പെടുന്നു. വല്ലവനും അസ്‌റിനു ശേഷം ഉറങ്ങിയാല്‍ അവന്റെ ബുദ്ധി റാഞ്ചി എടുക്കപ്പെടും. അപ്പോള്‍ അവന്‍ ആക്ഷേപിക്കേണ്ടതില്ല; അവന്റെ സ്വന്തം ശരീരത്തെയല്ലാതെ. (ഇബ്‌നു ഹിബ്ബാന്‍) ഈ ഹദീസ് ഇബ്‌നുഹിബ്ബാന്‍ തന്നെ ദുര്‍ബലമാണെന്ന് പറയുന്നു. ഇതിന്റെ പരമ്പരയില്‍ ഖാലിദ്ബ്‌നു ഖാസിം എന്ന മനുഷ്യനുണ്ട്. ഇയാള്‍ വളരെയധികം നുണ പറയുന്നവനും ഹദീസുകള്‍ സ്വയം നിര്‍മിച്ചുണ്ടാക്കുന്നവനുമാണ്. ഇബ്‌നുജൗസി(റ) പറയുന്നു: ഈ ഹദീസ് മനുഷ്യ നിര്‍മിതമാണ്. ഖാലിദ് വളരെയധികം കളവ് പറയുന്നവനാണ്. (മൗളൂആത്ത്:369) ഇമാം സുയൂഥി(റ)യും ഈ ഹദീസ് മനുഷ്യനിര്‍മിതമാണെന്ന് പറയുന്നു. (അല്ലആലി: 2150) എന്നാല്‍ മഗ്‌രിബിന്റെ സമയത്ത് കിടക്കരുതെന്നും ആ സമയത്ത് മയ്യിത്തുപോലും എണീറ്റിരിക്കുന്ന സമയമാണെന്നും പറയുന്ന ഒരു റിപ്പോര്‍ട്ടുമില്ല. ഇതെല്ലാം മനുഷ്യര്‍ക്കിടയില്‍ കടന്നു കൂടിയ അന്ധവിശ്വാസങ്ങളാണ്. പരിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് കടകവിരുദ്ധവുമാണ്. മനുഷ്യന്റെ ശരീരമെല്ലാം മരണശേഷം എണീറ്റിരിക്കാന്‍ അവശേഷിച്ചിരിക്കുകയില്ല. മണ്ണുമായി ലയിക്കുകയാണത്. ചിലത് അവശേഷിച്ചിരിക്കാം. എന്നാല്‍ അന്ത്യദിനത്തില്‍ അവയും മണ്ണുമായി ലയിച്ച് ചേരുന്നു. ശേഷം അല്ലാഹു അവയെ വീണ്ടും സൃഷ്ടിച്ച് ആത്മാവ് അതിലേക്ക് ഊതുന്ന സന്ദര്‍ഭത്തിലാണ് എണീറ്റിരിക്കുന്നത്. മഗ്‌രിബിന്റെ സമയത്തെല്ലാം ശരീരത്തെ അല്ലാഹു പുതിയയതായി സൃഷ്ടിക്കുകയും ആത്മാവിനെ അതിലേക്ക് എണീറ്റിരിക്കുവാന്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നില്ല.