ആത്മീയ ലോകത്തും ഭൗതിക ലോകത്തും ഒട്ടേറെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനാണ് അല്ലാഹു മലക്കുകളെ സൃഷ്ടിച്ചത്. മനുഷ്യജീവിതവും പ്രകൃതിയുമായി ശക്തമായ ബന്ധവും ആ ചുമതലകള്ക്കുണ്ട്. മലക്കുകളില്‍ അര്‍പ്പിതമായ ചുമതലകള്‍ വസ്തുനിഷ്ഠവും വിശദവുമായി നമുക്ക് പഠിപ്പിക്കപ്പെട്ടിട്ടില്ല. മലക്കുകള്‍ നിര്‍വ്വഹിച്ചുവരുന്ന ചുമതലകളില്‍ ചിലത് വിശുദ്ധ ഖുര്‍ആനിലും നബി(സ) വചനങ്ങളിലും കാണാന്‍ കഴിയും. നമ്മുടെ പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാല്‍ മലക്കുകളുടെ രൂപഭാവങ്ങളും സ്വഭാവ വിശേഷണങ്ങളുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ക്കോ ഗവേഷണത്തിനോ യാതൊരു പഴുതുമില്ല. മലക്കുകളുടെ എണ്ണമോ പേരുകളോ അല്ലാഹുവും അവന്റെ റസൂലും അറിയിച്ചുതന്നത് മാത്രമേ നമുക്ക് അറിവുള്ളൂ.
അല്ലാഹു പറയുന്നു: നിന്റെ രക്ഷിതാവിന്റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല (74:31).