Skip to main content

വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവര്‍

വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക എന്നത് മലക്കുകളുടെ പ്രവര്‍ത്തനമായി ഖുര്‍ആന്‍ വിവരിക്കുന്നു. 'അധികാരപീഠം ചുമക്കുന്നവരും അതിന്റെ ചുറ്റിലും ഉള്ളവരും തങ്ങളുടെ നാഥനെ സ്തുതികീര്‍ത്തനം ചെയ്യുകയും, അവനില്‍ വിശ്വാസം കൊള്ളുകയും ചെയ്യുന്നവരാണ്. സത്യവിശ്വാസികളുടെ പാപമോചനത്തിന് വേണ്ടി അവര്‍ പ്രാര്‍ത്ഥിക്കും. നാഥാ നിന്റെ അനുഗ്രഹവും അറിവും എല്ലാറ്റിനെയും ഉള്‍ക്കൊള്ളുംവിധം പ്രവിശാലം തന്നെ. അതിനാല്‍ ഖേദിച്ചു മടങ്ങുകയും നിന്റെ മാര്‍ഗ്ഗം പിന്തുടരുകയും ചെയ്യുന്നവര്‍ക്ക് നീ പൊറുത്തുകൊടുക്കുകയും നരക ശിക്ഷയില്‍ നിന്ന് അവരെ കാക്കുകയും ചെയ്യേണമേ, ഞങ്ങളുടെ നാഥാ, അവരെയും അവരുടെ സദ്‌വൃത്തരായ പിതാക്കള്‍, ഇണകള്‍, സന്തതികള്‍ എന്നിവരെയും അവരോട് വാഗ്ദാനം ചെയ്ത അനശ്വര സ്വര്‍ഗ്ഗത്തില്‍ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ, നീ തന്നെയാണ് പ്രതാപശാലിയും യുക്തിമാനും. ആ ദിനത്തിലെ തിന്മകളില്‍ നിന്ന് ഏതൊരാള്‍ക്ക് നീ സംരക്ഷണം നല്‍കുന്നുവോ, അവനോട് തീര്‍ച്ചയായും നീ കരുണ കാണിച്ചിരിക്കുന്നു. അതുതന്നെയാണ് മഹത്തായ ഭാഗ്യം (40:7-9).

അല്ലാഹുവിന്റെ അടുക്കല്‍ നിന്നുള്ള സഹായവും വിജയവും ബദ്‌റിലെ വിശ്വാസികള്‍ക്കുണ്ടായതിനെ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പരാമര്‍ശിക്കുന്നു: 'നിങ്ങള്‍ നിങ്ങളുടെ നാഥനോട് സഹായം ആവശ്യപ്പെട്ട സന്ദര്‍ഭം ഓര്‍ക്കുക, തുടരെത്തുടരെയായി അയച്ചുകൊണ്ടിരിക്കുന്ന ആയിരം മലക്കുകളെക്കൊണ്ട് നിങ്ങളെ സഹായിക്കുന്നവന്‍ തന്നെയാണ് ഞാന്‍ എന്നത്രെ അവന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കിയത് (8:9).

ഓരോ പ്രഭാതത്തിലും രണ്ട് മലക്കുകള്‍ വന്ന് ഇപ്രകാരം പ്രാര്‍ഥിക്കുമെന്ന്് നബി(സ) പറഞ്ഞിട്ടുണ്ട്. ഒരാള്‍ പറയും. അല്ലാഹുവേ, പിശുക്ക് കാണിക്കുന്നവന് നീ നാശം നല്‍കേണമേ, മറ്റൊരു മലക്ക് പറയും ചെലവഴിക്കുന്നവന് അല്ലാഹുവേ നീ പകരം നല്‍കേണമേ (മുസ്‌ലിം).

സത്യവിശ്വാസികളുടെ നമസ്‌കാരവേളകളിലും ജുമുഅകളിലുമെല്ലാം മലക്കുകളുടെ സാന്നിദ്ധ്യമുണ്ടായിരിക്കും. റസൂല്‍(സ) പറഞ്ഞു: ഇമാം ആമീന്‍ എന്ന് പറയുമ്പോള്‍ നിങ്ങള്‍ ആമീന്‍ പറയുക. മലക്കുകളും ആമീന്‍ പറയുന്നതാണ്. ഇമാം ആമീന്‍ എന്ന് പറയുമ്പോള്‍ മലക്കുകളുടെ ആമീന്‍ ചൊല്ലലുമായി ആരുടെയെങ്കിലും ആമീന്‍ ഒത്തുവന്നാല്‍ അവന്‍ ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടും (അഹ്മദ്, അബൂദാവൂദ്).

മലക്കുകളുടെ അനുഗ്രഹ പ്രാര്‍ത്ഥനക്ക് അര്‍ഹരാകുന്ന പ്രധാനപ്പെട്ടൊരു വിഭാഗമാണ് വിജ്ഞാന സമ്പാദനത്തിനും വിജ്ഞാന വിതരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍. നബി(സ) പറഞ്ഞതായി അബുദ്ദര്‍ദാഅ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. വിജ്ഞാനം നേടുന്നവര്‍ക്ക് മീതെ മലക്കുകള്‍ ചിറകു വിരിക്കും. അവരുടെ പ്രവര്‍ത്തനത്തിലുള്ള സംതൃപ്തിയാണ് കാരണം  (അബൂദാവൂദ്).
 

Feedback