Skip to main content

റൂഹ് ഊതുന്ന മലക്ക്

ഗര്‍ഭാശയത്തില്‍ വെച്ച് മനുഷ്യ സൃഷ്ടിപ്പിന്റെ പ്രഥമദശയില്‍ റൂഹ് (ആത്മാവ്) ഊതുന്ന കാര്യം നിര്‍വ്വഹിക്കുന്നത് ഒരു മലക്കാണ്. പ്രസ്തുത മലക്കിന്റെ പേര് ഖുര്‍ആനും ഹദീസും വ്യക്തമാക്കിയിട്ടില്ല. ഇങ്ങനെയുള്ള ഒരു ഊത്തിനെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.

“താന്‍ സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍. മനുഷ്യന്റെ സൃഷ്ടി അവന്‍ കളിമണ്ണില്‍ നിന്ന് ആരംഭിച്ചു. പിന്നെ അവന്റെ സന്തതികളെ നിസ്സാരമായ ഒരു വെള്ളത്തിന്റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. പിന്നെ അവനെ ശരിയായ രൂപത്തിലാക്കുകയും തന്റെ വകയായുള്ള ആത്മാവ് അവനില്‍ ഊതുകയും ചെയ്തു. നിങ്ങള്‍ക്കവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിത്തരുകയും ചെയ്തു. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ (32:7-9).

ഇതിന് പുറമെ, ഗര്‍ഭാശയത്തില്‍ വെച്ച് നടക്കുന്ന സൃഷ്ടിപ്പിന്റെ വിവിധദശകളിലും മലക്കിന്റെ സാന്നിധ്യമുള്ളതായി നബി(സ) അറിയിക്കുന്നു. ഭക്ഷണം, ആയുസ്സ് തുടങ്ങിയ കാര്യങ്ങളുടെ തീരുമാനം അല്ലാഹുവിന്റെ കല്‍പ്പനാനുസൃതം രേഖപ്പെടുത്തുന്നതും മലക്കുകളത്രെ (ബുഖാരി 65:95).
 

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446