Skip to main content

ഇസ്‌റാഫീല്‍

കാഹളത്തില്‍ ഊതുന്ന ജോലി നിര്‍വ്വഹിക്കുന്നത് ഇസ്‌റാഫീല്‍ എന്ന മലക്കാണ്. ഇക്കാര്യം ഹദീസുകളില്‍ നിന്ന് നമുക്ക് ഗ്രഹിക്കാന്‍ കഴിയും. (ഫത്ഹുല്‍ബാരി 11:368, അല്‍ബിദായ വന്നിഹായ 1:59) രണ്ടു തവണയാണ് കാഹളത്തിലൂത്ത് നടക്കുന്നതെന്ന്, ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നു. ഒന്നാമത്തെ ഊത്തോടെ ആകശഭൂമിയിലുള്ളവരെല്ലാം ചലനമറ്റവരാകും. തുടര്‍ന്ന് രണ്ടാമത്തെ ഊത്തോടെ അവരെല്ലാം ഖബ്‌റുകളില്‍ നിന്ന് എഴുന്നേറ്റു വരുന്നു. 

അല്ലാഹു പറയുന്നു: കാഹളത്തില്‍ ഊതപ്പെടും. അപ്പോള്‍ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതില്‍ (കാഹളത്തില്‍) മറ്റൊരിക്കല്‍ കൂടി ഊതപ്പെടും അപ്പോഴതാ അവര്‍ എഴുന്നേറ്റ് നോക്കുന്നു (39:68).

കാഹളത്തില്‍ ഊതാനുള്ള ചുമതല ഏല്‍പ്പിക്കപ്പെട്ടത് മുതല്‍ ഇസ്‌റാഫീല്‍ എന്ന മലക്ക് അല്ലാഹുവിന്റെ അര്‍ശിന് നേരെ കല്‍പനയും പ്രതീക്ഷിച്ച് ഇമവെട്ടാതെ കണ്ണും നട്ടിരിക്കുകയാണെന്ന് നബി(സ) അറിയിക്കുന്നു(ഹാകിം). 

അബൂസഈദുല്‍ ഖുദ്‌രി(റ) പറയുന്നു: നബി(സ) പറഞ്ഞു: എനിക്ക് എങ്ങനെയാണ് സുഖലോലുപനായി കഴിച്ചുകൂട്ടാനാവുന്നത്? കാഹളത്തില്‍ ഊതുന്ന മലക്ക് അത് വായില്‍ പിടിച്ച് നെറ്റി ചുളിച്ച് ചെവി കൂര്‍പ്പിച്ച് ഊതാനുള്ള കല്‍പ്പനയെത്തിയാല്‍ ഊതാമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍! (തിര്‍മിദി).
 

Feedback