മരണത്തോട് കൂടി തുടങ്ങുകയും, പുനരുത്ഥാനത്തോടെ അവസാനിക്കുകയും ചെയ്യുന്ന ഖബ്ര്‍ അല്ലെങ്കില്‍ ബര്‍സഖ് ജീവിതത്തില്‍ മനുഷ്യന് ചില ചോദ്യങ്ങളെ നേരിടേണ്ടിവരികയും നന്മ-തിന്മകള്ക്കനുസരിച്ച് ചില രക്ഷാ-ശിക്ഷകള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇവിടെ ചോദ്യം ചെയ്യാനായി രണ്ട് മലക്കുകള്‍ വരുമെന്ന് നബി(സ) അറിയിച്ചിട്ടുണ്ട്. (ബുഖാരി, മുസ്ലിം) ഈ മലക്കുകളുടെ പേര് മുന്കര് എന്നും നകീര്‍ എന്നും ആണെന്നും അവര്‍ കറുത്ത നീലവര്ണ്ണമുള്ളവരായിരിക്കുമെന്നും തിര്‍മിദിയുടെ ഒരു റിപ്പോര്‍ട്ടില്‍ വന്നിരിക്കുന്നു (സില്‍സില സ്വഹിഹ് 1391 അല്‍ബാനി).
ഖബ്റിലെ ചോദ്യത്തെക്കുറിച്ച് വന്ന ഒരു റിപ്പോര്‍ട്ട് ഇങ്ങനെ: ഖബറടക്കിയ ഉടനെ രണ്ട് മലക്കുകള്‍ വന്ന് ഇരിക്കുന്നു. എന്നിട്ടവര്‍ ചോദിക്കും, നിന്റെ റബ്ബ് ആരാണ്? നിന്റെ മതമേതാണ്? നിന്റെ നബിയാരാണ്? ഇതാണ് വിശ്വാസി അനുഭവിക്കുന്ന അവസാനത്തെ പരീക്ഷണം. അവന് മറുപടി പറയും: 'എന്റെ റബ്ബ് അല്ലാഹുവാണ്. എന്റെ മതം ഇസ്ലാം. എന്റെ നബി മുഹമ്മദ്(സ).' അപ്പോള്‍ ആകാശത്തുനിന്ന് വിളിച്ചുപറയപ്പെടും, എന്റെ ദാസന് സത്യം പറഞ്ഞിരിക്കുന്നു. അവിശ്വാസിയെ-ദുര്‍മാര്‍ഗിയെക്കുറിച്ച് അവിടുന്ന് പറഞ്ഞു. രണ്ടു മലക്കുകള്‍ വന്നിരുന്ന് അവനോട് ചോദിക്കും നിന്റെ റബ്ബ് ആരാണ്? അവന് പറയും ഹാഹ്...ഹാഹ് എനിക്കറിയില്ല. പിന്നെ അവനോട് ചോദിക്കും നിന്റെ മതമേതാണ്? അവന് പറയും ഹാഹ്...ഹാഹ് എനിക്കറിയില്ല. പിന്നെയും അവര്‍ രണ്ടുപേരും അവനോട് ചോദിക്കും നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ഈ മനുഷ്യനെക്കുറിച്ച് എന്തുപറയുന്നു? അപ്പോള്‍ അവന് അദ്ദേഹത്തിന്റെ പേര് പറയാനറിയില്ല. മുഹമ്മദ് എന്ന് അവരോട് പറയപ്പെടുമ്പോള്‍ അവന് പറയും ഹാഹ്...ഹാഹ് എനിക്കറിയില്ല. അതോടെ ആകാശത്തുനിന്നും വിളംബരമുണ്ടാകുന്നു. എന്റെ അടിമയുടെ വാക്കുകള്‍ അസത്യമാണ് (അഹ്മദ്).
ഖബ്റിലെ ചോദ്യോത്തര വേളയില്‍ മരിച്ചവര്‍ക്ക് പുറത്തു നിന്ന് ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ഒരു ദുഷിച്ച സമ്പ്രദായം ചില സ്ഥലങ്ങളില്‍ നിലവിലുണ്ട്. ഇതിന് പ്രാമാണികമായ തെളിവുകളൊന്നുമില്ല.