Skip to main content

സ്വര്‍ഗവാസികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നവര്‍

സ്വര്‍ഗത്തിലെത്തുന്നവരെ സന്തോഷവാര്‍ത്തകളറിയിച്ചും ശുഭാശംസകള്‍ നേര്‍ന്നും സ്വാഗതം ചെയ്യുന്നത് മലക്കുകള്‍  തന്നെയാണ്.

“അതായത് അനശ്വരസ്വര്‍ഗങ്ങള്‍. അവരും അവരുടെ പിതാക്കന്‍മാരിലും ഇണകളിലും സന്തതികളിലും പെട്ട സദ്‌വൃത്തരായിട്ടുള്ളവരും അതില്‍ പ്രവേശിക്കും. എല്ലാ കവാടങ്ങളിലൂടെയും മലക്കുകള്‍ അവരുടെ അടുക്കല്‍ പ്രവേശിച്ചുകൊണ്ട് പറയും. നിങ്ങള്‍ക്ക് സമാധാനം, നിങ്ങള്‍ ക്ഷമിച്ചവരായതുകൊണ്ടാണിത്, എത്ര നല്ല പര്യവസാനഗേഹം (13:23,24).

അനസ്ബ്‌നു മാലിക്(റ) പറയുന്നു. റസൂല്‍(സ) പറഞ്ഞു: “ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ ഞാന്‍ സ്വര്‍ഗ്ഗ കവാടത്തില്‍ വരും. എന്നിട്ട് തുറക്കാനാവശ്യപ്പെടും, കാവല്‍ക്കാരന്‍ ചോദിക്കും നീ ആരാണ്? അപ്പോള്‍ ഞാന്‍ പറയും, മുഹമ്മദ്. അപ്പോള്‍ അവന്‍(മലക്ക്) പറയും. താങ്കള്‍ക്ക് വേണ്ടിയാണ്-താങ്കള്‍ക്ക് മുമ്പ് ആര്‍ക്ക് വേണ്ടിയും തുറക്കാതിരിക്കാനാണ് എന്നോട് കല്‍പ്പിച്ചിരിക്കുന്നത് (മുസ്ലിം, അഹ്മദ്).

സ്വര്‍ഗത്തിന്റെ കാവല്‍ക്കാരന്‍ ഏതു മലക്കാണെന്ന് ഖുര്‍ആനില്‍ പേര് പരാമര്‍ശിച്ചിട്ടില്ല. സ്വര്‍ഗവാസികളോട് മലക്കുകള്‍ നടത്തുന്ന മറ്റൊരു അഭിവാദ്യവാക്യം ഇപ്രകാരമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു.

'തങ്ങളുടെ രക്ഷിതാവിന്റെ കല്‍പനകളെ അനുസരിച്ച് ജീവിച്ചവര്‍ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടം കൂട്ടമായി നയിക്കപ്പെടും. അങ്ങനെ അതിന്റെ കവാടങ്ങള്‍ തുറന്നുവെക്കപ്പെട്ട നിലയില്‍ അവര്‍ അതിനടുത്ത് വരുമ്പോള്‍, അവരോട് അതിന്റെ കാവല്‍ക്കാര്‍ പറയും, നിങ്ങള്‍ക്ക് സമാധാനം. നിങ്ങള്‍ സംശുദ്ധരായിരിക്കുന്നു. അതിനാല്‍ നിത്യവാസികള്‍ എന്ന നിലയില്‍ നിങ്ങള്‍ അതില്‍ പ്രവേശിച്ചു കൊള്ളുക (39:73).

സ്വര്‍ഗത്തിന്റെ കാവല്‍ക്കാരനായ മലക്കിന്റെ പേര് രിദ്വ്‌വാന്‍ എന്നാണെന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട് (അല്‍ ബിദായ വന്നിഹായ 1:62).

സ്വര്‍ഗത്തിന് എട്ടു കവാടങ്ങളുണ്ടെന്നും, ഓരോ കവാടത്തിലൂടെയും അതില്‍ പ്രവേശിക്കുന്നവരെ മലക്കുകള്‍ സ്വാഗതമോതി സ്വീകരിച്ചുകൊണ്ടിരിക്കുമെന്നും ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നുണ്ട്.
 

Feedback