''നിങ്ങളുടെ ഭാര്യമാര്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. നിങ്ങളുടെ കൃഷിയിടത്തില്‍ നിങ്ങള്‍ ഇഷ്ടാനുസരണം ചെല്ലുക. നിങ്ങളുടെ ഭാവിക്ക് വേണ്ടി മുന്‍കരുതലെടുക്കുകയും ചെയ്യുക. അല്ലാഹുവെ സൂക്ഷിക്കുകയും ഉറപ്പാക്കുകയും അവനെ കണ്ടുമുട്ടുന്നവരാണെന്നറിയുകയും ചെയ്യുവിന്‍. സത്യവിശ്വാസികള്‍ക്ക് സുവിശേഷമറിയിക്കുക'' (2:223).
ദാമ്പത്യ ബന്ധത്തിന്റെ പവിത്രതയും മഹത്വവും ലക്ഷ്യവും വ്യക്തമാക്കുന്ന, ലളിതമായ ഒരു ഉപമയാണ് ഈ വചനത്തിലുള്ളത്. ഓരോ ഉപമയ്ക്കും ഓരോ പശ്ചാത്തലമുണ്ടായിരിക്കും. ഒരു കര്‍ഷകനും അയാളുടെ കൃഷിഭൂമിയും തമ്മിലുള്ള ബന്ധം കര്‍ഷകര്‍ക്ക് ഏറെ ഉള്‍ക്കൊള്ളാനാവും. കര്‍ഷകന്റെ പ്രഭാതോദയം കൃഷിഭൂമിയെപ്പറിയുള്ള ചിന്തയിലാവും. അതിന്റെ പരിചരണം അയാള്‍ക്ക് ജീവിതപ്രശ്‌നമാണ്. പലരും വെറുക്കുന്ന മണ്ണിന്റെയും ചെളിയുടെയും മണം കര്‍ഷകന് പക്ഷേ, നിര്‍വൃതി നല്‍കുന്നു. ദൂരെപ്പോകേണ്ടിവന്നാല്‍ കൃഷിയിടം നോക്കാന്‍ സംവിധാനമുണ്ടാക്കുന്നു. ഈയൊരു ആത്മബന്ധം ദാമ്പത്യത്തിന്റെ മഖമുദ്രയാണെന്ന് ഒരുപമയിലൂടെ ഖുര്‍ആന്‍ വിശദീകരിച്ചു. ശരീരത്തോടൊട്ടി നില്‍ക്കുന്ന വസ്ത്രമായും ഇണകളെ വിശുദ്ധ ഖുര്‍ആനില്‍ ഉപമിച്ചിട്ടുണ്ട്.
കൃഷിയിറക്കുന്നത് ഭാവിദിനങ്ങള്‍ സുഭിക്ഷവും സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞതാകാന്‍ വേണ്ടിയാണ്. തങ്ങള്‍ക്കു ജനിക്കുന്ന മക്കള്‍ ഭാവിയില്‍ ഈ ലോകത്ത് തങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നവരും, പരലോകജീവിതത്തിലേക്ക് എന്നെന്നും ഗുണം നല്‍കിക്കൊണ്ടിരിക്കുന്നവരുമായിരിക്കേണ്ടതാണ്. മക്കളെ ഉത്തമ ശിക്ഷണം നല്‍കി വളര്‍ത്തിയാല്‍ അവര്‍ പരലോകത്തേക്കുള്ള വിലയേറിയ മുതല്‍ക്കൂട്ടായി മാറും. മക്കളുടെ പ്രാര്‍ഥനയും സത്കര്‍മങ്ങളും മാതാപിതാക്കള്‍ക്ക് മരണാനന്തരവും തുടരുന്ന നന്മകളായി നിലനില്‍ക്കും. അതിനാലാണ് 'നിങ്ങള്‍ നിങ്ങളുടെ ഭാവിക്ക് വേണ്ടി മുന്‍കരുതലെടുക്കുക' എന്ന് ഈ ഉപമയ്ക്കിടയില്‍ ഓര്‍മപ്പെടുത്തുന്നത്. വേട്ടക്കാരന്‍ വനത്തെ കാണുന്നതുപോലെയല്ല, കര്‍ഷകന്‍ കൃഷിഭൂമിയെ കാണുന്നതു പോലെയാണ് ഇണയെ കാണേണ്ടത്. കൃഷിസംരക്ഷിക്കാന്‍ ധാരാളം കരുതലുകള്‍ എടുക്കാറുണ്ട്. ഇണയുടെ സംരക്ഷണം ഇതിനേക്കാള്‍ പ്രധാനമാണ്.