Skip to main content

ജാമിഅ ഇസ്‌ലാമിയ്യ, ശാന്തപുരം

1951ല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത മുള്യാകുര്‍ശി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യയെ തദ്ദേശീയര്‍ ജമാഅത്തെ ഇസ്‌ലാമി സംഘടനയ്ക്ക് വിട്ടു കൊടുത്തു. പ്രസ്തുത മദ്‌റസ 'ശാന്തപുരം ഇസ്‌ലാമിയ കോളെജ്' എന്നു പുനര്‍ നാമകരണം ചെയ്തുകൊണ്ട് 1955ല്‍ കോളേജായി നിലവില്‍ വന്നു.

മത-ഭൗതിക വിജ്ഞാനീയങ്ങളെ കോര്‍ത്തിണക്കിയ ഒരു സിലബസ്സാണ് ഇവിടെ സ്വീകരിച്ചു പോരുന്നത്. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, താരീഖ്, അദബ്, ബലാഗ, മന്‍ത്വിക്, നഹ്‌വ്, സ്വര്‍ഫ് തുടങ്ങിയവക്ക് പുറമെ ഇംഗ്ലീഷ്, ഉര്‍ദു, ഹിന്ദി, മലയാളം, ഭാഷകള്‍ കൂടി പഠിപ്പിക്കുന്നു. വിദ്യാര്‍ഥികളുടെ സര്‍ഗവാസനകളെ പുരോഗതിപ്പെടുത്താന്‍ മൂന്നു മാസംതോറും അല്‍ മജല്ല എന്ന പേരില്‍ ഒരു ത്രൈമാസിക കോളെജ് പുറത്തിറക്കുന്നുണ്ട്.

അബുല്‍ ജലാല്‍ മൗലവി, ടി.ഇസ്ഹാഖലി മൗലവി, കെടി അബ്ദുപ്പുമൗലവി, എന്‍.കെ അബ്ദുല്‍ ഖാദര്‍ മൗലവി, വടക്കാങ്ങര അബ്ദുല്‍ ഖാദര്‍ മൗലവി, എം.മുഹമ്മദ് മൗലവി, എന്‍.എം ശരീഫ് മൗലവി, പി.കെ അബ്ദുല്ല മൗലവി എന്നിവര്‍ ശാന്തപുരത്തെ അധ്യാപകരായിരുന്നു. ഒ.അബ്ദുര്‍റഹ്മാന്‍, സിദ്ദീഖ് ഹസന്‍, ടികെ ഉബൈദ്, ടി.കെ ഇബ്‌റാഹീം, വി.കെ ഹംസ എന്നിവര്‍ അല്‍ ജാമിഅയുടെ ശിഷ്യന്മാരാണ്.

2003ല്‍ ശാന്തപുരം സന്ദര്‍ശിച്ച ലോക മുസ്‌ലിം പണ്ഡിതന്‍ ഡോ.യൂസുഫ് അല്‍കറദാവി അല്‍ ജാമിഅയെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയായി പ്രഖ്യാപിച്ചു. അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഈജിപ്ത്, സൈതൂന യൂനിവേഴ്‌സിറ്റി ടുണീഷ്യ, ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മലേഷ്യ, ഖത്തര്‍ യൂനിവേഴ്‌സിറ്റി, അല്‍ ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി റിയാദ് തുടങ്ങിയവയുമായി അല്‍ ജാമിഅ ധാരണാ പത്രം ഒപ്പു വെച്ചിട്ടുണ്ട്.

ബി.സി.എ, ബി.എ ഇംഗ്ലീഷ്, ബി.എ ഇസ്‌ലാമിക് സ്റ്റഡീസ്, ബി.ബി.എ, ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എസ്.സി സൈക്കോളജി, ബി.എസ്.സി കമ്പ്യുട്ടര്‍ സയന്‍സ്, ബി.എസ്.സി ജിയോഗ്രഫി, എം.എ ഇസ്‌ലാമിക് സ്റ്റഡീസ് എന്നീ കോഴ്‌സുകളാണ് അല്‍ ജാമിഅയില്‍ ഉള്ളത്.


വിലാസം:

അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ 
ശാന്തപുരം, പട്ടിക്കാട്, പി.ഒ
മലപ്പുറം, കേരള, ഇന്ത്യ
പിന്‍: 679325
ഫോണ്‍: 91 4933 270439, 270311, 270312
ഇ-മെയില്‍: mail@aljamia.net
വെബ്‌സൈറ്റ്: www.aljamia.net

 

Feedback