Skip to main content

നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളെജ്‌, കടവത്തൂര്‍

മതപരവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളില്‍ അധഃപതിക്കുകയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിമപ്പെടുകയും ചെയ്തവരായിരുന്നു വടക്കേ മലബാറിലെ മുസ്‌ലിം സമുദായം. ഈ ദുരവസ്ഥയില്‍ നിന്ന് മുസ്‌ലിം സമുദായത്തെ മോചിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യത്തില്‍ 1956 സെപ്തംബര്‍ 12 ന് കടവത്തൂരില്‍ രൂപീകൃതമായ സംഘമാണ് നുസ്‌റത്തുല്‍ ഇസ്‌ലാം സംഘം. 

അന്ധവിശ്വാസങ്ങളില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കാനുള്ള മാര്‍ഗം മതബോധം വളര്‍ത്തിയെടുക്കുക മാത്രമാണെന്ന് തിരിച്ചറിഞ്ഞ സംഘം നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളെജെന്ന പേരില്‍ ഒരു മതവിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. 1995 ല്‍ കേരള ഗവണ്‍മെന്റ് എയ്ഡഡായി പ്രഖ്യാപിച്ച കോളെജിന് ആദ്യം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരം ലഭിക്കുകയും പിന്നീട് കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലേക്ക് മാറ്റപ്പെടുകയും ചെയ്തു. അഫ്ദലുല്‍ ഉലമ പ്രിലിമിനറി, ബി.എ അഫ്ദലുല്‍ ഉലമ, എം.എ അറബിക് എന്നീ കോഴ്‌സുകളാണ് കോളെജിലുള്ളത്. 2009 ല്‍ യു.ജി.സി യുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

സി.എച്ച് അബ്ദുര്‍റഹ്മാന്‍ മൗലവി, എന്‍.കെ അഹ്മദ് മൗലവി, എടപ്പാറ കുഞ്ഞഹ്മദ് മൗലവി, അമ്മാങ്കോത്ത് അബൂബക്കര്‍ മൗലവി, ഹുസൈന്‍ സലഫി, ഡോ.കെ.കെ സകരിയ്യ സ്വലാഹി എന്നിവര്‍ കോളെജിലെ അധ്യാപകരായിരുന്നു.

കണ്ണൂര്‍ ജില്ലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ലേഡീസ് ഹോസ്റ്റല്‍ സംവിധാനമുള്ള അപൂര്‍വം കോളെജുകളില്‍ ഒന്നാണ് നുസ്‌റത്തുല്‍ ഇസ്‌ലാം. നുസ്‌റത്തുല്‍ ഇസ്‌ലാം സംഘത്തിനു കീഴില്‍ യു.പി സ്‌കൂളും രണ്ട് മദ്‌റസകളും പ്രവര്‍ത്തിച്ചു വരുന്നു. സംഘത്തിനു കീഴിലുള്ള മസ്ജിദുല്‍ അന്‍സ്വാറിലാണ് കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി സ്ത്രീകള്‍ ജുമുഅയിലും ജമാഅത്തുകളിലും പങ്കെടുത്തത്.

വിലാസം:

നുസ്‌റത്തുല്‍ ഇസ്‌ലാം അറബിക് കോളെജ്
കടവത്തൂര്‍ പി.ഒ
കണ്ണൂര്‍ ജില്ല.
പിന്‍:670676
ഫോണ്‍: 0490 2390381
 

Feedback