പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ സവിശേഷമായ ഗുണനാമങ്ങളില്‍ ഒന്നാണ് സംസാരിക്കുന്നവന്‍ (മുതകല്ലിം) എന്നത്. എന്നാല്‍ അല്ലാഹുവിന്റെ സംസാരം എങ്ങനെയാണെന്നോ അതിന്റെ ഭാഷ ഏതെന്നോ നമുക്കറിയില്ല. അല്ലാഹു അവന്റെ വ്യത്യസ്ത സൃഷ്ടി വര്‍ഗങ്ങളോട് സംസാരിച്ചതായി വിശുദ്ധ ഖുര്‍ആനിലുണ്ട്.
ആദ്യത്തെ മനുഷ്യനെ സൃഷ്ടിച്ച ശേഷം കല്പനാ നിരോധങ്ങളടങ്ങുന്ന നിര്‍ദേശങ്ങള്‍ അല്ലാഹു നല്കുകയും ഭൂമിയില്‍ മനുഷ്യവാസത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി വെക്കുകയും ചെയ്തു. അത് സ്വായത്തമാക്കാനുള്ള ശാരീരികക്ഷമതയും നിരീക്ഷണ പാടവങ്ങളും ധിഷണാശേഷിയും മനുഷ്യന് സ്രഷ്ടാവ് നല്കി. അതേ സമയം ധര്‍മനിഷ്ടമായ ജീവിതം നയിക്കാനാവശ്യമായ നേര്‍മാര്‍ഗം കണ്ടെത്താനുള്ള കഴിവ് മനുഷ്യപ്രകൃതിയിലില്ല. ആ നേര്‍മാര്‍ഗം ദിവ്യസന്ദേശത്തിലൂടെ അല്ലാഹു നല്കുമെന്ന് ഒന്നാമത്തെ മനുഷ്യനോടു തന്നെ പറഞ്ഞു. ഈ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യരിലൂടെയാണ് നല്കപ്പെടുന്നത്. അവര്‍ ദൈവദൂതന്‍മാര്‍ (റസൂല്‍) എന്നറിയപ്പെടുന്നു.
ദൂതന്‍മാരോട് അല്ലാഹു സംസാരിച്ചിട്ടുണ്ട്. അത് മനുഷ്യര്‍ തമ്മില്‍ സംസാരിക്കുന്നതു പോലെയല്ല. ഒരു മറയ്ക്കു പിന്നില്‍ നിന്ന് അശരീരിയായോ മാലാഖയെ ദൂതനായി അയച്ചു കൊടുത്തു കൊണ്ടോ മനസ്സില്‍ തോന്നലായിട്ടോ ആണ് അല്ലാഹുവിന്റെ വചനങ്ങള്‍ ദൂതന്‍മാര്‍ ഗ്രഹിക്കുന്നത് (42:51). ഓരോ ദൂതനോടും അദ്ദേഹത്തിന്റെ മാതൃഭാഷയിലാണ് അല്ലാഹു സംസാരിച്ചിട്ടുള്ളത് (14:4). ദൈവദൂതന്‍മാരില്‍ ചിലര്‍ക്ക് വേദഗ്രന്ഥങ്ങള്‍ നല്കിയിട്ടുണ്ട്. ഇബ്‌റാഹീം നബിക്കു നല്കിയ ഗ്രന്ഥം, മൂസാ നബിക്കു നല്കിയ തൗറാത്ത്, ദാവൂദ് നബിക്കു നല്കിയ സബൂര്‍, ഈസാ നബിക്കു കൊടുത്ത ഇന്‍ജീല്‍ എന്നിവ വേദഗ്രന്ഥങ്ങളാണ്. അവയെല്ലാം അല്ലാഹുവിന്റെ വചനങ്ങളാണ്. പക്ഷേ അവയൊന്നും യഥാര്‍ഥ രൂപത്തില്‍ ഇന്ന് നിലനില്ക്കുന്നില്ല.
മനുഷ്യരിലേക്കയക്കപ്പെട്ട അവസാനത്തെ ദൈവദൂതനാണ് മുഹമ്മദ് നബി. എ.ഡി.ആറാം നൂറ്റാണ്ടില്‍ അറേബ്യയിലാണ് അദ്ദേഹം ജനിച്ചുവളര്‍ന്നതും നബിയായി നിയുക്തനായതും. മുഹമ്മദ് നബി മുഖേന മനുഷ്യരിലേക്ക് അല്ലാഹു അയച്ച സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍. മുഹമ്മദ് നബി അറബിയായിരുന്നു. അറബ് ജനതയായിരുന്നു നബിയുടെ പ്രഥമപ്രബോധിതര്‍. അല്ലാഹു അദ്ദേഹത്തിനു നല്കിയ വിശുദ്ധ ഖുര്‍ആന്‍ ശുദ്ധമായ അറബി ഭാഷയിലാണ് (26:195). ഈ ഗ്രന്ഥം ലോകവസാനം വരെ നിലനില്ക്കണമെന്ന് അല്ലാഹു തീരുമാനിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലൂടെ അറബി ഭാഷയും എന്നും പുഷ്‌കലമായി നില നില്ക്കും. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്.
അല്ലാഹുവിന് പ്രത്യേകം ഭാഷ ആവശ്യമില്ല. മനുഷ്യര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലാണ് അല്ലാഹു സംസാരിക്കുക. മനുഷ്യരാകട്ടെ തങ്ങളുടെ ഭാഷയില്‍ എവിടെ നിന്ന് പറഞ്ഞാലും അല്ലാഹുവിന് മനസ്സിലാവും. മനുഷ്യനെ വിവിധ ഭാഷക്കാരായി സൃഷ്ടിച്ചതു തന്നെ ചിന്തിക്കാനുതകുന്ന ദൃഷ്ടാന്തമാണെന്ന് അല്ലാഹു പറയുന്നു (30:22). വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് ഈ വിശ്വാസം. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ് എന്ന ഗൗരവം കണക്കിലെടുത്തു വേണം അതിനെ സമീപിക്കാന്‍. അല്ലാഹുവിന്റെ വചനങ്ങള്‍ എന്ന ആദരവോടെ അത് പാരായണം ചെയ്യുക, ഹൃദിസ്ഥമാക്കുക, കഴിവതും ജീവിതത്തില്‍ പകര്‍ത്തുക. ഇതാണ് ജീവിത വിജയത്തിനുള്ള മാര്‍ഗം.