ന്യൂനത മനുഷ്യസഹജമാണ്. മനുഷ്യന്‍ ചെയ്യുന്ന ഏതു പ്രവര്‍ത്തനവും എത്ര കുറ്റമറ്റതാക്കാന്‍ ശ്രമിച്ചാലും പോരായ്മയുണ്ടാവും. ചെയ്തയാള്‍ക്ക് തിരുത്താവുന്ന കുറവുകളും മറ്റൊരാള്‍ക്ക് സഹായിക്കാവുന്നതും അടുത്ത തലമുറയ്ക്ക് തിരുത്താവുന്നതുമായ കാര്യങ്ങളുണ്ട്. എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ അപാകമോ അപൂര്‍ണമോ കാണില്ല. സമ്പൂര്‍ണന്‍ അല്ലാഹു മാത്രമാണ്.
ഒരു മനുഷ്യന്‍ ഒരു ഗ്രന്ഥം രചിക്കുന്നു എന്നിരിക്കട്ടെ. അയാള്‍ എത്രവലിയ പ്രതിഭാശാലി ആയിരുന്നാലും അതില്‍ ഓരോ പതിപ്പിലും ചേര്‍ക്കാനോ കുറയ്ക്കാനോ മാറ്റാനോ ഉണ്ടാവും. വിശുദ്ധ ഖുര്‍ആന്‍ ഒരു ഗ്രന്ഥമെന്ന നിലയില്‍ മാനുഷികമായ ന്യൂനതകളില്‍ നിന്ന് മുക്തമാണ്. കാരണം അത് അല്ലാഹുവിന്റെ വചനമാണ്. ഭൂതവര്‍ത്തമാനഭാവി അറിയാവുന്ന അല്ലാഹുവിന്റെ വചനങ്ങളില്‍, കാലപ്പകര്‍ച്ച കൊണ്ട് കാലഹരണപ്പെടുന്ന കാര്യങ്ങളുണ്ടാവില്ല. മനുഷ്യന്‍ എത്ര പുരോഗമിച്ചാലും മൂല്യങ്ങള്‍ കാലാതിവര്‍ത്തിയായി നിലകൊള്ളുന്നു.
ഒരു ഗ്രന്ഥത്തില്‍ വരാവുന്ന മറ്റൊരു പ്രയാസം ഭാഷയുടേതാണ്. ഏതു ഭാഷയിലുള്ളതാണെങ്കിലും ഒരു ഗ്രന്ഥം നൂറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ സംവേദനക്ഷമമല്ലാതെ വരുന്നു. കാരണം അത്രമേല്‍ ഭാഷയില്‍ പരിവര്‍ത്തനം വന്നുകഴിഞ്ഞിരിക്കും. ഷെയ്ക്‌സ്പിയര്‍ കൃതികള്‍ മാത്രം മതി ഉദാഹരണത്തിന്. ബൈബിള്‍ 'അവതീര്‍ണമായ' ഭാഷയില്‍ അതിന്റെ കോപ്പികള്‍ പോലുമില്ല. ആ ഭാഷയും ഇല്ലാതായി. ഇന്ത്യന്‍ ക്ലാസിക്കുകളായ 'രാമായണ'വും 'മഹാഭാരത'വും ലക്ഷക്കണക്കിന് സാഹിത്യങ്ങളില്‍ ഉപജീവിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, മൂല ഭാഷ സംസ്‌കൃതം മൃതഭാഷയായി നിലനില്ക്കുന്നു. എന്നാല്‍ ഒരു ഭാഷയിലെ പ്രഥമകൃതി പതിനാലു നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ആ ഭാഷയിലെ ക്ലാസിക്കായി നിലനില്ക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ മാത്രമേയുള്ളൂ. ആ ഭാഷയാകട്ടെ ലോകവ്യവഹാര ഭാഷകളിലൊന്നായി വളരുകയാണിന്നും. അതിനര്‍ഥം ആ ഗ്രന്ഥം ന്യൂനതകളുണ്ടാകാവുന്ന മനുഷ്യരചനയല്ല എന്നാണ്. വിശുദ്ധ ഖുര്‍ആന്‍ സ്രഷ്ടാവിന്റെ വചനങ്ങളാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.
ഒരു ഗ്രന്ഥത്തില്‍ 'അപ്‌ഡേഷന്‍' ആവശ്യം വരുന്നത് ഭൗതിക വിഷയങ്ങളിലുള്ള പരാമര്‍ശങ്ങളായിരിക്കും. വിശിഷ്യ ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ അത്തരത്തിലുള്ള ഏതെങ്കിലും പരാമര്‍ശങ്ങള്‍ തെളിയിക്കപ്പെട്ട ശാസ്ത്ര വസ്തുകകള്‍ക്ക് എതിരായിരിക്കുന്നില്ല. അതിനര്‍ഥം എഡി ആറാം നൂറ്റാണ്ടില്‍ ഇങ്ങനെ കാര്യങ്ങള്‍ പറഞ്ഞുതരാന്‍ കഴിവുള്ള ആരും ഉണ്ടായിരുന്നില്ല എന്നാണ്. അഥവാ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണമായി ഇന്നും നിലനില്ക്കുന്നു. ഇനിയും നിലനില്ക്കും. കാരണം അത് പ്രപഞ്ചസ്രഷ്ടാവിന്റെ വചനങ്ങളാണ്.