സമൂഹ ജീവിയായ മനുഷ്യന്‍ ജീവിതത്തില്‍ പരസ്പരമുള്ള പരിഗണനയും അംഗീകാരവും ആഗ്രഹിക്കുന്നവനാണ്. ബന്ധങ്ങളുടെ ഭദ്രതയ്ക്കും സന്തോഷവും സമാധനവും നിറഞ്ഞ ജീവിതത്തിനും വ്യക്തികള്‍ പരസ്പരം പരിഗണിച്ച് കൊണ്ടുള്ള സഹവര്‍ത്തനം അനിവാര്യമാണ്. പരിഗണനയില്‍ അധിഷ്ഠിതമായ പെരുമാറ്റ രീതിയും ജീവിത ശൈലിയും വിശ്വാസികള്‍ സ്വീകരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു, പ്രായംകൊണ്ട് മുതിര്‍ന്നവരേയും, പാണ്ഡിത്യംകൊണ്ട് ഉന്നത സ്ഥാനീയരേയും അര്‍ഹിക്കുന്ന ആദരവോടെ കാണണമെന്ന് പഠിപ്പിക്കുന്നു. പ്രായത്തില്‍ ഇളയവരെ സ്‌നേഹിച്ചും, അനാഥര്‍, അഗതികള്‍, ദുര്‍ബലര്‍ തുടങ്ങിയവരോട് അനുകമ്പ കാണിച്ചും മാതാപിതാക്കളോട് കാരുണ്യവും ബഹുമാനവും പ്രകടിപ്പിച്ചും ജീവിക്കണമെന്ന് നബി(സ്വ) കല്പിച്ചത് ഒരോരുത്തര്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാനാണ്.
നബി(സ്വ) പറഞ്ഞു: നമ്മിലെ ഇളയവരോട് കാരുണ്യം കാണിക്കാത്തവരും, മുതിര്‍ന്നവരോട് ബഹുമാനം കാണിക്കാത്തവരും നമ്മില്‍ പെട്ടവനല്ല(തിര്‍മിദി). മനുഷ്യ ജീവിതത്തിന്റെ ഗതി മാറ്റത്തില്‍ യുവത്വം പിന്നീട് വാര്‍ധക്യത്തിലെത്തുമ്പോള്‍ അവശതയുടെ പ്രായഘട്ടത്തില്‍ അര്‍ഹമായ പരിഗണനയും ആദരവും വൃദ്ധര്‍ക്ക് ലഭിക്കേണ്ടതുണ്ട്. നബി(സ്വ) പറഞ്ഞു. 'ഒരു യുവാവ് ഒരു വൃദ്ധനെ അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച് ആദരിച്ചാല്‍ ഈ യുവാവ് വൃദ്ധനാകുമ്പോള്‍ അവനെ ആദരിക്കുന്നവരെ അല്ലാഹു ഉണ്ടാക്കുന്നതാണ്'(തിര്‍മിദി).
നമസ്‌കാരത്തിന് നേതൃത്വം നല്‍കുന്നവര്‍ ദുര്‍ബലനായ ആളുകളെയും പ്രായം ചെന്നവരെയും ചെറിയ കുട്ടികളെയും പരിഗണിച്ച് നമസ്‌കാരം ലഘൂകരിക്കണമെന്ന് നബി(സ്വ) നിര്‍ദേശിച്ചിട്ടുണ്ട് (ബുഖാരി).
അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ) വിശുദ്ധ ഖുര്‍ആന്‍ കേട്ട് പഠിക്കാനായി വളരെ താത്പര്യപൂര്‍വം നബി(സ്വ)യുടെ സന്നിധിയിലെത്തി. അപ്പോള്‍ നബി(സ്വ) ഉത്ബ, ശൈബ തുടങ്ങിയ പ്രമാണിമാരും ധനാഢ്യരുമായ ആളുകളോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കാനുള്ള വ്യഗ്രത നബി(സ്വ) കാണിച്ചു. അവര്‍ ഇസ്‌ലാമിലേക്ക് കടന്നു വന്നിട്ടില്ലെങ്കിലും ചുരുങ്ങിയ പക്ഷം അവര്‍മുഖേനയുള്ള ഉപദ്രവങ്ങള്‍ ലഘൂകരിച്ച് നീതി കിട്ടുകയെങ്കിലും ചെയ്‌തേക്കുമല്ലോ എന്ന് വിചാരിച്ച് പ്രവാചകന്‍(സ്വ) ക്ക് അവരുടെകാര്യത്തില്‍ പ്രത്യേക താത്പര്യമുണ്ടായിരുന്നു. ആ സമയത്ത് അവിടെയെത്തിയ അന്ധനായ അബ്ദുല്ലാഹിബ്‌നു ഉമ്മി മക്തൂം(റ)നെ റസൂല്‍(സ്വ) വേണ്ടത്ര പരിഗണിച്ചില്ല. റസൂല്‍(സ്വ)യുടെ ഈ നിലപാടിനെ ആക്ഷേപിച്ച് കൊണ്ട് സൂറത്തു അബസയിലെ 16 സൂക്തങ്ങള്‍ അവതരിച്ചു. 'അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞു കളഞ്ഞു. അദ്ദേഹത്തിന്റെ (നബിയുടെ) അടുത്ത് ആ അന്ധന്‍ വന്നതിനാല്‍. (നബിയേ) നിനക്ക് എന്തറിയാം? അയാള്‍ (അന്ധന്‍) ഒരുവേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ' (80-1,2,3).
അന്ധനായ സ്വഹാബിക്ക് അര്‍ഹമായ പരിഗണന റസൂല്‍(സ്വ)യില്‍ നിന്ന് ലഭിക്കാതെ പോയതില്‍ അല്ലാഹു പ്രവാചകനെ ഇവിടെ തിരുത്തുന്നു. വീഴ്ച തിരുത്തി നബി(സ്വ) പിന്നീടുള്ള സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ പ്രത്യേകം പരിഗണിക്കുകയും അര്‍ഹമായ ആദരവ് നല്‍കുകയും ചെയ്തു.
സ്‌നേഹം, ആദരവ്, ദയ, അംഗീകാരം ഇവയൊക്കെ വിശ്വാസിയുടെ ജീവിതത്തില്‍ നില നിര്‍ത്തിപ്പോരേണ്ട സദ്ഗുണങ്ങളാണ്. പണ്ഡിതര്‍, ഇസ്‌ലാമിന് വേണ്ടി ത്യാഗം അനുഷ്ഠിച്ചവര്‍, എന്നിവരെ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ നബി(സ്വ) പരിഗണിച്ചത് അവര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് ലഭിക്കാനാണ്.
ഉഖ്ബ(റ) നിവേദനം. നബി(സ്വ) അരുളി: ജനങ്ങള്‍ക്ക് ഇമാം നില്‍ക്കേണ്ടത് അവരില്‍ അല്ലാഹുവിന്റെ ഖുര്‍ആന്‍ കൂടുതല്‍ മനഃപാഠമുള്ളവരാണ്. ഖുര്‍ആനില്‍ അവര്‍ സമമായാല്‍ സുന്നത്തില്‍ കൂടുതല്‍ പാണ്ഡിത്യമുള്ളവര്‍ നില്‍ക്കുന്നു. സുന്നത്തിലും അവര്‍ സമന്മാരായാല്‍ കൂടുതല്‍ പ്രായമുള്ളവര്‍ നില്‍ക്കണം എന്നാല്‍ ഒരാള്‍ മറ്റൊരാളുടെ അധികാരത്തില്‍ ഇമാമാവുകയോ അയാളുടെ വീട്ടില്‍ ശ്രേഷ്ഠമായ ഇരിപ്പിടത്തില്‍ അനുവാദമില്ലാതെ ഇരിക്കുകയുമരുത് (മുസ്‌ലിം 673).