സകാത്ത് എന്ന പദത്തിന് ഭാഷാപരമായി വര്‍ധനവ്, വികാസം, ശുദ്ധീകരണം തുടങ്ങിയ അര്‍ഥങ്ങളാണ് ഉള്ളത്. കര്‍മശാസ്ത്ര നിര്‍വചനം പ്രകാരം നിര്‍ണിതമായ ചില സമ്പത്തുകളില്‍ നിന്ന് നിര്‍ബന്ധവും നിര്‍ണിതവുമായ ഒരു വിഹിതം, നിശ്ചിത അവകാശികള്‍ക്ക് നല്‍കുന്നതിനെയാണ് സകാത്ത് എന്ന് പറയുന്നത്.
സകാത്തിന്റെ ഭാഷാര്‍ഥമായ വര്‍ധനവ്, വികാസം, ശുദ്ധീകരണം തുടങ്ങിയ അര്‍ഥങ്ങള്‍ സകാത്തിന്റെ പാരത്രികമായ അതിന്റെ നേട്ടങ്ങളെയും ഭൗതികമായ അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും സൂചിപ്പിക്കുന്നു.
ദാനധര്‍മങ്ങള്‍ അത് നല്‍കുന്ന ആളുടെ പ്രതിഫലം പല മടങ്ങായി വര്‍ധിപ്പിക്കുന്നു. അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യ മണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉത്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു''(2:261).
സകാത്ത് നല്‍കുന്ന ആളെ അത് ശുദ്ധീകരിക്കുന്നു അല്ലാഹു പറയുന്നു: ''ഓ പ്രവാചകരേ, അവരുടെ ധനങ്ങളില്‍ നിന്ന് (നിര്‍ബന്ധ) ദാനം നീ വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതാണ്''(9:103).
ഇനി സകാത്തിന്റെ ഭാഷാര്‍ഥം ഭൗതികമായി പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് സകാത്ത് നല്കുന്നയാള്‍ക്കു ഭൗതികമായി ലഭിക്കുന്ന ഗുണവിശേഷണങ്ങളെയും അത് പ്രതിഫലിപ്പിക്കുന്നു എന്നാണ്.
മേല്‍ സൂക്തത്തിലെ 'അവരെ ശുദ്ധീകരിക്കുക' എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് ധനികരില്‍ സാധാരണ കണ്ടുവരാറുള്ള പിശുക്ക്, ധനത്തോടുള്ള അത്യാര്‍ത്തി, അല്പത്തരം, പാവപെട്ടവരോട് അനുകമ്പയില്ലാതിരിക്കല്‍ തുടങ്ങിയ ദുര്‍ഗുണങ്ങളില്‍ നിന്ന് അവരെ ശുദ്ധീകരിക്കുന്നു എന്നാണ്. അപ്രകാരം തന്നെ സകാത്ത് നല്‍കുകവഴി തനിക്കും തന്റെ സമൂഹത്തിനും സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയും ഉണ്ടാകും എന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ കൂടി അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടതാണ്.