പ്രായപൂര്‍ത്തിയും വിവേകവും ഉള്ള മുസ്‌ലിമിന് മാത്രമേ ഇസ്‌ലാമിക ശരീഅത്തനുസരിച്ച് സകാത്ത് നിര്‍ബന്ധമുള്ളൂ.
1) മുസ്‌ലിം
സകാത്ത് നല്‍കല്‍ മുസ്‌ലിമിന്നു മാത്രമേ നിര്‍ബന്ധമുള്ളൂ. മുആദ് ബിന്‍ ജബലിനോട് ഇസ്ലാം കാര്യങ്ങളിലെ ഒന്നുംരണ്ടും അംഗീകരിക്കുന്നവരോടാണ് മൂന്നാമത്തേതായി നിങ്ങളുടെ ധനത്തില്‍ ഒരു നിശ്ചിതവിഹിതം സകാത്തായി നല്‍കണം എന്ന് പറയാന്‍ പ്രവാചകന്‍(സ്വ) കല്പിച്ചത്. നമസ്‌കാരവും നോമ്പും പോലെയുള്ള ഒരു ആരാധന കര്‍മമാണ് സകാത്ത് എന്നതുകൊണ്ട് സകാത്ത് അമുസ്‌ലിംകളില്‍ നിന്ന് സ്വീകരിക്കാന്‍ പാടില്ല
2) പ്രായപൂര്‍ത്തിയും വിവേകവും ഉള്ളവര്‍
പ്രായപൂര്‍ത്തിയും വിവേകവും ഉള്ള മുസ്‌ലിം വ്യക്തികള്‍ക്ക് മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ. കുട്ടികളും ശരിയായ മാനസിക നിലയിലല്ലാത്തവരും സകാത്ത് നല്‍കാന്‍ നിര്‍ബന്ധമുള്ളവരല്ല. എന്നാല്‍ അവര്‍ക്ക് സകാത്ത് നല്‍കേണ്ടത്ര ധനമുണ്ടെങ്കില്‍ അവരുടെ സ്വത്തില്‍ നിന്ന് അവരുടെ കൈകാര്യകര്‍ത്താക്കള്‍ സകാത്ത് കൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായക്കാരാണ് .
a) ഒരു സ്വത്തിനും നല്‍കേണ്ടതില്ല
ഇവരുടെ ഒരു സ്വത്തില്‍നിന്നും നല്‍കേണ്ടതില്ല എന്ന് ഒരുവിഭാഗം പണ്ഡിതമാര്‍ അഭി പ്രായപ്പെടുന്നു. ഇവരുടെ തെളിവുകളില്‍ ഒന്നാമത്തേത് പ്രവാചകന്‍(സ്വ)ന്റെ വചനമാണ്. അവിടുന്നു പറഞ്ഞു: മൂന്ന് വിഭാഗം ആളുകളില്‍നിന്നും പേന ഉയര്‍ത്തപ്പെട്ടിരിക്കുന്നു: ഉറങ്ങുന്നവന്‍ ഉറക്കില്‍ നിന്ന് ഉണരുന്നത് വരേയ്ക്കും, കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത് വരേക്കും, ഭ്രാന്തന്മാര്‍ അവരുടെ മാനസിക നില സാധാരണഗതിയിലാകുന്നത് വരേക്കും. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ആരാധനാ കര്‍മങ്ങള്‍ പ്രായപൂര്‍ത്തിയും വിവേകവുമുള്ളവര്‍ക്ക് മാത്രമേ നിര്‍ബന്ധമുള്ളൂ. ആ നിലക്ക് നമസ്‌ക്കാരം, നോമ്പ് ഹജ്ജ് പോലെയുള്ള ഒരു ആരാധനാകര്‍മമായ സകാത്തും പ്രായപൂര്‍ത്തിയും വിവേകവുമുള്ളവര്‍ക്ക് മാത്രമേ നിര്‍ബന്ധമുള്ളൂ.
മറ്റൊരുതെളിവ്. “ഓ പ്രവാചകരേ, അവരുടെ ധനങ്ങളില്‍ നിന്ന് (നിര്‍ബന്ധ)ദാനം നീ വാങ്ങുക. അത് അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതാണ്'' എന്ന ആയത്തിന്റെ അടിസ്ഥാനത്തില്‍ ശുദ്ധീകരണത്തിനും സംസ്‌കരണത്തിനുമാണ് സകാത്ത് നിര്‍ബന്ധമാക്കിയത് എന്ന്. അതനുസരിച്ച് നിഷ്‌കളങ്കരും പാപമുക്തരുമായ കുട്ടികള്‍ക്ക് ശുദ്ധീകരണത്തിന്റെയോ സംസ്‌കരണത്തിന്റെയോ ആവശ്യമില്ല. അതിനാല്‍ അവരുടെ സ്വത്തിനു സകാത്ത് നല്‍കേണ്ടതില്ല.
b) എല്ലാ സ്വത്തിനും നല്‍കേണ്ടതാണ്
മദ്ഹബിന്റെ ഇമാമുമാരായ മാലിക്, ശാഫിഈ, അഹ്മദ് എന്നിവരുടെയും ആധുനിക പണ്ഡിതനായ മുഹമ്മദ് സാലിഹ് ഉസൈമീനെപ്പോലുള്ളവരും അഭിപ്രായപ്പെടുന്നത് ഇതാണ്. ഇവരുടെ തെളിവുകളില്‍ ഒന്നാമത്തേത് പ്രവാചക(സ്വ)ന്റെ വചനമാണ്. അവിടുന്നു പറഞ്ഞു: ആരെങ്കിലും സമ്പത്തുള്ള ഒരു അനാഥകുട്ടിയെ സംരക്ഷിക്കുന്നുവെങ്കില്‍ അവന്റെ (അനാഥക്കുട്ടിയുടെ) സമ്പത്ത് കൊണ്ട് അവന്‍ കച്ചവടം ചെയ്യട്ടെ, (നിര്‍ബന്ധ) ദാനധര്‍മം നല്‍കി അത് തീര്‍ന്നുപോകാനിടവരുത്തരുത് (അദ്ദാറുഖുതുനി). ഈ ഹദീസ് മുര്‍സലാണ് എങ്കിലും ഈ ഹദീസിന്റെ ആശയം സ്വഹാബിമാരുടെ വാക്കുകളിലൂടെ സ്ഥിതീകരിക്കപ്പെടുന്നുണ്ട് എന്നതുകൊണ്ട് ഈ ഹദീസിന്റെ ആശയം ശരിയാണ് എന്നാണു ചിലപണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.
പിതാവ് മരണപ്പെട്ട കുട്ടിയെയാണ് യതീം എന്ന് ഇസ്ലാമില്‍ സാങ്കേതികമായി പറയുക. ആ നിലക്ക് ഈ ഹദീസില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത കുട്ടികളുടെ സകാത്ത് അവരുടെ രക്ഷാധികാരികള്‍ കുട്ടികളുടെ സ്വത്തില്‍ നിന്ന് എടുത്തുകൊടുക്കേണ്ടതാണ് എന്നാണ്. അങ്ങനെ സകാത്ത് നല്‍കി കുട്ടിക്ക് പ്രായ പൂര്‍ത്തിയാകുമ്പോഴേക്കും അവന്റെ സ്വത്ത് തീര്‍ന്നുപോകാന്‍ ഇടവരുത്താതെ അവന്റെ സ്വത്തു കൊണ്ട് കച്ചവടം ചെയ്യണമെന്നുമാണ് പ്രവാചകന്‍(സ്വ) പഠിപ്പിക്കുന്നത്.
പേന ഉയര്‍ത്തപ്പെട്ടു എന്നു പറയുന്ന ഹദീസ്‌കൊണ്ട് ഉദ്ദേശിക്കുന്നത് ശാരീരികമായി നിര്‍വഹി ക്കേണ്ടുന്ന ആരാധനാ കര്‍മങ്ങള്‍ ശാരീരികമായും മാനസികമായും പൂര്‍ണത പ്രാപിച്ചിട്ടില്ലാത്ത കുട്ടികള്‍, അതുപോലെ മാനസികനില തെറ്റിയ ഭ്രാന്തന്മാര്‍ എന്നിവര്‍ക്ക് ശരിയാവണ്ണം നിര്‍വഹി ക്കാന്‍ കഴിയില്ല എന്നത്‌കൊണ്ട് അവരെ നമസ്‌ക്കാരം നോമ്പ് മുതലായ ശാരീരിക ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിന്റെ നിര്‍ബന്ധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട് എന്നാണ്. എന്നാല്‍ സകാത്ത് സമ്പത്ത് മാനദണ്ഡമാക്കിയാണ് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. ശരീരവും മനസ്സും ഉപയോഗിച്ച് നിര്‍വഹിക്കേണ്ടതല്ല. അതിനാല്‍ കുട്ടികളുടെയും മാനസികനില തെറ്റിയവരുടെയും മറ്റു സാമ്പത്തിക ബാധ്യതകള്‍ അവന്റെ സ്വത്തില്‍ നിന്ന് എടുത്തു ചെലവഴിക്കുന്നത് പോലെ ഇതിനും ചെലവഴിക്കേണ്ടതാണ് എന്നാണ് ഈ വിഭാഗം പണ്ഡിതന്മാര്‍ വാദിക്കുന്നത്.
c) വളര്‍ച്ചയുള്ള സ്വത്തിനു മാത്രം നല്‍കേണ്ടതാണ്
കൃഷി, കച്ചവടം പോലെയുള്ള വര്‍ധിച്ചുകൊണ്ടിരിക്കുന്ന സ്വത്തുക്കള്‍ക്കു മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ എന്ന് മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. അവര്‍ തെളിവാക്കുന്നത് മുകളില്‍ ഉദ്ധരിക്കപ്പെട്ട യതീമിന്റെ സ്വത്തുപയോഗിച്ച് കച്ചവടം നടത്തണമെന്ന് പറയുന്ന ഹദീസാണ്. ദാനധര്‍മം നല്‍കി അത് തീര്‍ന്നുപോകാനിടവരുത്തരുത് എന്ന പ്രവാചന്റെ വചനമനുസരിച്ച് കുട്ടി പ്രായപൂര്‍ത്തിയാകുമ്പോഴേക്ക് തീരെ കുറഞ്ഞു പോവുകയോ തീര്‍ന്നു പോവുകയോ ചെയ്‌തേക്കാവുന്ന വളച്ചയില്ലാത്തതും വരുമാനം ലഭിക്കുന്നില്ലാത്ത സ്വര്‍ണം വെള്ളി പോലെയുള്ള സ്വത്തുക്കള്‍ക്കു നല്‍കേണ്ടതില്ലെന്നും കൃഷി, കാലികള്‍, കച്ചവടം, വ്യവസായം തുട ങ്ങിയ സമ്പത്ത് വര്‍ധിക്കുന്നതോ ആദായം ലഭിച്ചുകൊണ്ടിരിക്കുന്നതോ ആയ സ്വത്തുക്കള്‍ക്കു മാത്രം നല്‍കിയാല്‍ മതി എന്നാണു ഈ വിഭാഗം അഭിപ്രായപ്പെടുന്നത്.
മേല്‍ പറഞ്ഞവയില്‍ രണ്ടാമത്തെ അഭിപ്രായമായ, കുട്ടികളുടെയും ഭ്രാന്തന്മാരുടെയും സ്വത്തില്‍ നിന്ന് സകാത്ത് നല്‍കണമെന്നതിന്നാന് ഭൂരിപക്ഷം സഹാബിമാരുടെയും ഇമാമുമാരുടെയും ആധുനികവും പൗരാണികവുമായ പണ്ഡിതന്മാരുടെയും പിന്തുണയുള്ളത്. അതുതന്നെയാണ് പ്രമാണങ്ങള്‍ക്കും യുക്തിക്കും അനുസൃതവും സൂക്ഷ്മതക്ക് ചേര്‍ന്നതും.