Skip to main content

ഐച്ഛിക ദാനധര്‍മങ്ങള്‍

നിര്‍ബന്ധദാനമായ സകാത്തിന് പുറമെ ഐച്ഛിക ദാനധര്‍മങ്ങള്‍ (സ്വദഖ) നല്‍കാന്‍ ഇസ്ലാം ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. സമ്പത്ത് അല്ലാഹുവിന്റേതാണ്  അവനാണത് നല്‍കുന്നതും തടയുന്നതും. അല്ലാഹു നല്‍കുന്ന ആ സമ്പത്ത്, അവന്റെ മാര്‍ഗത്തില്‍, അവന്റെ പ്രതിഫലം ആഗ്രഹിച്ചു ചെലവഴിക്കണം. ഖുര്‍ആന്‍ പറയുന്നു: ''വിശ്വാസികളായ എന്റെ ദാസന്‍മാരോട് നീ പറയുക: അവര്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, നാം അവര്‍ക്കു നല്‍കിയ ധനത്തില്‍ നിന്ന് യാതൊരു ക്രയവിക്രയവും ചങ്ങാത്തവും നടക്കാത്ത ഒരു ദിവസം വരുന്നതിന് മുമ്പായി രഹസ്യമായും പരസ്യമായും അവര്‍ (നല്ലവഴിയില്‍) ചെലവഴിക്കുകയും ചെയ്തുകൊള്ളട്ടെ'' (വി.ഖു:14:31).

മനുഷ്യരുടെ നിലനില്പിന് ആധാരമാണ് ധനമെന്നും അത് അനുവദനീയമായ മാര്‍ഗത്തിലൂടെ വേണം സമ്പാദിക്കാനെന്നും അത് ധൂര്‍ത്തടിച്ച് കളയുകയോ ചെലവഴിക്കാതെ പിശുക്കി സൂക്ഷിച്ച് വെക്കുകയോ ചെയ്യരുതെന്നും ഇസ്‌ലാം കര്‍ശനമായി പഠിപ്പിക്കുന്നു.  അല്ലാഹു പറയുന്നു: ''നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിക്കപ്പെട്ടതാക്കരുത്. അത്(കൈ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്നപക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടി വരും''(വി. ഖു.17:29)

പരമകാരുണികനായ റബ്ബിന്റെ അടിമകളുടെ ഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത് അവരുടെ ഒരു ഗുണമായി അല്ലാഹു എടുത്തുപറഞ്ഞിട്ടുള്ളത്, ''അവര്‍ ചെലവ് ചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കി പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരി ക്കുന്നവരുമാകുന്നു അവര്‍''(വി.ഖു:25:67).

ധനത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനായ അല്ലാഹു  മനുഷ്യര്‍ക്ക് ഒരു പരീക്ഷണമാക്കിയിട്ടുള്ള ധനം അവര്‍ എങ്ങനെ സമ്പാദിക്കുന്നു എന്നും എങ്ങനെ  ചെലവഴിക്കുന്നു എന്നും പരലോകത്തുവെച്ച് വിചാരണ ചെയ്യുന്നതാണെന്നും പ്രവാചകന്‍(സ്വ) പഠിപ്പിക്കുന്നു. അവിടുന്നു പറയുന്നു: ''അഞ്ച് കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യാതെ പുനരുത്ഥാന നാളില്‍ മനുഷ്യന്റെ കാലുകള്‍ മുന്നോട്ടു നീങ്ങുകയില്ല. ആയുസ്സ് എന്തില്‍ വിനിയോഗിച്ചു? യുവത്വം എന്തില്‍ ഉപയോഗപ്പെടുത്തി? സമ്പത്ത് എവിടെനിന്ന് എങ്ങനെ സമ്പാദിച്ചു? എന്തില്‍ ചെലവഴിച്ചു? പഠിച്ചതുകൊണ്ട് എന്ത് പ്രവര്‍ത്തിച്ചു?'' (തിര്‍മിദി).

രഹസ്യമായും പരസ്യമായും ദാനധര്‍മങ്ങള്‍ നല്കുന്നവര്‍ക്കുള്ള നേട്ടങ്ങളെക്കുറിച്ചു അല്ലാഹു പറയുന്നു: ''രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കു ന്നതാണ്. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല'' (2:274).

ദാനധര്‍മം മൂലം അല്ലാഹുവിന്റെ തൃപ്തിക്കു പാത്രീഭൂതരായിത്തീരും. അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവ് ചെയ്യുക. (പിശുക്കും ഉദാസീനതയുംമൂലം) നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുകതന്നെ ചെയ്യും''(വി.ഖു.2:195).

അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്നതിനെ അല്ലാഹുവിന് കടംകൊടുക്കുന്നതായിട്ടാണ് ഉപമിച്ചിട്ടുള്ളത്. ''അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ധിപ്പിച്ചു കൊടുക്കുന്നതാണ്. (ധനം) പിടിച്ചുവെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും'' (വി.ഖു. 2:245) .

ദാനധര്‍മങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു നമുക്ക് പ്രവാചക(സ്വ)ന്റെ വചനങ്ങളിലും കാണാം. അവിടുന്നു പറഞ്ഞു: മുകളിലുള്ള കൈയാകുന്നു താഴെയുള്ള കൈയിനെക്കാളും ഉത്തമം (അഥവാ കൊടുക്കുന്ന കൈയ്യാണ് വാങ്ങുന്ന കൈയ്യിനേക്കാള്‍ ഉത്തമം), നീ നിര്‍ബന്ധമായും ചെലവ് ചെയ്യേണ്ടവരില്‍ നിന്ന് ആദ്യം തുടങ്ങുക. ഏറ്റവും ഉത്തമമായ ധര്‍മം ധന്യാവസ്ഥയിലുള്ളത് തന്നെയാണ്. ചാരിത്ര്യം കാത്ത്‌സൂക്ഷിക്കുന്നവനെ അല്ലാഹു വിശുദ്ധനാക്കും. സംതൃപ്തി പ്രകടിപ്പിക്കുന്നവനെ അല്ലാഹു സംതൃപ്തനാക്കും (ബുഖാരി).

ദാനം ചെയ്യാന്‍ വലിയ സാമ്പത്തിക ശേഷിയൊന്നും ആവശ്യമില്ല. അതാണ് പ്രവാചകന്റെയും സ്വഹാബികളുടെയും ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ഉള്ളതില്‍നിന്ന് ദാനം ചെയ്യുക എന്നതായിരുന്നു അവരുടെ പതിവ്. ഒരിക്കല്‍ സ്വദഖ നല്‍കാനുള്ള പ്രവാചകന്റെ ആഹ്വാനം കേട്ട ഉമര്‍(റ) അബൂബക്ര്‍(റ)നേക്കാളും തനിക്കു ഇത്തവണ ദാനം നല്‍കണമെന്ന് കരുതി തന്റെ സ്വത്തിന്റെ പകുതിയും  പ്രവാചകന് നല്‍കി. തുടര്‍ന്ന് അബൂബക്ര്‍(റ) വന്നു. തന്റെ ദാനവും പ്രവാചകന് നല്‍കി. അപ്പോള്‍ പ്രവാചകന്‍(സ്വ) ചോദിച്ചു: താങ്കള്‍ താങ്കളുടെ കുടുംബത്തിന് എന്താണ് കരുതിവെച്ചതു. അദ്ദേഹം പറഞ്ഞു: അല്ലാഹുവെയും അവന്റെ റസൂലിനെയും,  ഇതായിരുന്നു സ്വഹാബികളുടെ ദാനധര്‍മരീതി.

ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു നബി(സ്വ). ആരെങ്കിലും വല്ലതും ചോദിച്ചുവന്നാല്‍ എന്തെങ്കിലും കൊടുക്കാതെ പ്രവാചകന്‍ തിരിച്ചയാക്കാറുണ്ടായിരുന്നില്ല. റമദാനില്‍ ഈ സ്വഭാവം കൂടുതല്‍ പ്രകടമായിരുന്നു.  ഇബ്നു അബ്ബാസ്(റ) പറയുന്നു: ''നബി(സ്വ) ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു. റമദാനില്‍ ജിബ്രീലുമായി സംഗമിക്കുമ്പോഴാണ് അദ്ദേഹം അത്യുദാരനായിരുന്നത്. ജിബ്രീലാകട്ടെ, റമദാനിലെ എല്ലാ രാവുകളിലും നബിയുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്‍ആന്‍ പാഠങ്ങളുടെ പരിശോധന നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. ജിബ്രീല്‍വന്നു കാണുമ്പോഴൊക്കെ റസൂല്‍ അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരനാകുമായിരുന്നു'' (ബുഖാരി, മുസ്‌ലിം).

ജാബിര്‍(റ) പറയുന്നു: നബി(സ്വ)യോട് ആരെങ്കിലും എന്തെങ്കിലും ചോദിച്ചിട്ട് അവിടുന്ന് ഇല്ല എന്നു പറഞ്ഞിട്ടില്ല (ബുഖാരി, മുസ്‌ലിം).

ദാനധര്‍മങ്ങള്‍ നല്‍കാതെ പിശുക്കുകാണിച്ചാല്‍ അവര്‍ക്കു പരലോകത്തു മാത്രമല്ല ശിക്ഷ ലഭിക്കുക. മറിച്ച്, ഇഹലോകത്ത് അവന്റെ ജീവിതം ഞെരുക്കമുള്ളതും കുടുസ്സായതുമായിരിക്കും. അല്ലാഹു പറയുന്നു: ''എന്നാല്‍ ആര്‍ പിശുക്കുകാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും, ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൗകര്യമൊരുക്കികൊടുക്കുന്നതാണ്'' (വി.ഖു:92:8-10).

 

ഇസ്‌ലാം കവാടം സകാത്ത് കാല്‍ക്കുലേറ്റര്‍


 

Feedback