Skip to main content

അല്‍ ഗഫൂര്‍

തിന്മകളിലേക്ക് വഴുതിവീഴുക എന്നത് മനുഷ്യസഹജമാണ്. അജ്ഞതയാലോ അബദ്ധം സംഭവിച്ചോ തിന്മകള്‍ ചെയ്തുപോയാല്‍ ആത്മാര്‍ഥതയോടെ അത് ഏറ്റുപറയുകയും ആ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു പൊറുത്തു കൊടുക്കാന്‍ സന്നദ്ധനാണെന്ന് വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഒരാളുടെ പാപഭാരം പരലോകത്ത് മറ്റൊരാള്‍ ഏറ്റെടുക്കേണ്ടി വരികയില്ല. അതുകൊണ്ട് തന്നെ സ്വയം രക്ഷക്കുള്ള മാര്‍ഗം പാപവിമുക്തിയിലൂടെ അന്വേഷിക്കേണ്ടത് വിശ്വാസിയുടെ ബാധ്യതയാണ്. കുറ്റബോധത്തോടെ പശ്ചാത്താപത്തിന്റെ വഴിസ്വീകരിച്ച് മാപ്പ്‌തേടുന്നവനോട് അല്ലാഹുവിന് ഏറെ ഇഷ്ടമാണെന്ന് നബി(സ്വ) ഒരു ഉപമയിലൂടെ വ്യക്തമാക്കിയതായി കാണാം.

മരുഭൂമിയിലെ മരത്തണലില്‍ വിശ്രമിക്കുന്ന ഒരാള്‍ ഉറങ്ങിപ്പോകുന്നു. ഉണര്‍ന്നു നോക്കിയപ്പോള്‍ തന്റെ ഭക്ഷണപാനീയങ്ങളും മറ്റു വസ്തുക്കളുമെല്ലാം വഹിക്കുന്ന ഒട്ടകത്തെ കാണാനില്ല. ഒട്ടകത്തെ തിരഞ്ഞ് ദാഹവിവശനായി അറ്റമില്ലാത്ത മരുഭൂയില്‍ കണ്ണുനട്ടിരിക്കുമ്പോള്‍ അയാളുടെ മുന്‍പില്‍ തന്റെ കാണാതെ പോയ ഒട്ടകം പ്രത്യക്ഷപ്പെടുന്നു, അപ്പോള്‍ അയാള്‍ക്കുണ്ടാകുന്ന സന്തോഷം എത്രയായിരിക്കും! അതിന്റെ എത്രയോ മടങ്ങാണ് പാപിയായ ദാസന്‍ പശ്ചാത്തപിക്കുമ്പോള്‍ അല്ലാഹുവിനുണ്ടാകുന്ന സന്തോഷം.

ഗഫ്ഫാര്‍(അത്യധികം മാപ്പുനല്‍കുന്നവന്‍), തവ്വാബ്(പശ്ചാത്താപം സ്വീകരിക്കുന്നവന്‍), വദൂദ്(ദാസന്മാരോട് വളരെയധികം ദയയുള്ളവന്‍). കരീം(അത്യുദാരന്‍), ലത്വീഫ്(ദയാപുരസ്സരം പ്രവര്‍ത്തിക്കുന്നവന്‍) എന്നീ ദൈവിക നാമങ്ങള്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. അര്‍റഹ്മാന്‍, അര്‍റഹീം എന്നിവക്ക് പുറമെ ഇവയെല്ലാം അല്ലാഹുവിന്റെ അങ്ങേയറ്റത്തെ ദയാവായ്പിനെയും കാരുണ്യത്തെയും സൂചിപ്പിക്കുന്നു. ജീവിതത്തില്‍ താന്‍ ചെയ്തു കൂട്ടിയ പാപങ്ങളെല്ലാം പൊറുക്കപ്പെടുക എന്നതിനേക്കാള്‍ വലിയ ഒരു നേട്ടവും വിശ്വാസിക്ക് കൈവരിക്കാനില്ല, ഒരു മുസ്‌ലിമിന് ബാധിക്കുന്ന ദുഃഖവും പ്രയാസങ്ങളും ദൈവ പ്രീതി പ്രതീക്ഷിച്ച് ക്ഷമിച്ചാല്‍ അവന്റെ പാപങ്ങള്‍ മായ്ക്കപ്പെടാന്‍ അത് കാരണമായിത്തീരുമെന്ന് നബി(സ്വ) പറഞ്ഞു തരുന്നു. വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷകൈവിടാതെ ജീവിക്കാനുള്ള പ്രചോദനവും സുവാര്‍ത്തയുമാണിത്.

അബുഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു. ‘ഒരു മുസ്‌ലിമിന് ക്ഷീണമോ രോഗമോ മനോവ്യഥയോ ദുഃഖമോ ഉപദ്രവങ്ങളോ എന്തെങ്കിലും പ്രയാസമോ ശരീരത്തില്‍ ഒരു മുള്ള് തറയ്ക്കുന്നത് പോലുമോ ബാധിക്കുകയാണെങ്കില്‍ അത് കാരണമായി അവന്റെ പാപങ്ങള്‍ അല്ലാഹു മായ്ച്ചു കൊടുക്കാതിരിക്കുകയില്ല’(ബുഖാരി, മുസ്‌ലിം).

Feedback