Skip to main content

സന്താനനിയന്ത്രണവും ഗര്‍ഭഛിദ്രവും

സന്താനലബ്ധി അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാണ്. വിവാഹിതരായാല്‍ ഒരുകുഞ്ഞ് ജനിച്ചുകാണാന്‍ കൊതിക്കുന്നവരാണ് ദമ്പതികളെല്ലാവരും. അതിനുണ്ടാകുന്ന കാലതാമസം അവരെ ഉത്കണ്ഠാകുലരാക്കുകയും ചെയ്യുന്നു. സന്താനലബ്ധിയുടെ കാര്യത്തില്‍ മനുഷ്യര്‍ക്ക് ഇച്ഛകളുണ്ടാവുമെങ്കിലും എല്ലാം അല്ലാഹുവിന്റെ ഇച്ഛയ്ക്കനുസൃതമായി മാത്രമേ സംഭവിക്കുന്നുള്ളൂ. 

ഭാര്യാഭര്‍ത്താക്കന്മാരുടെ ശാരീരികബന്ധം പ്രകൃതിപരമായ ഒരാവശ്യത്തിന്റെ പൂര്‍ത്തീകരണം മാത്രമല്ല, ഒരു കുഞ്ഞിന്റെ ജന്മം സാധിപ്പിക്കുന്ന അതിശ്രേഷ്ഠമായ ഒരു പ്രക്രിയ കൂടിയായിട്ടാണ് മതം പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ നാമം (ബിസ്മി) ചൊല്ലി പ്രാര്‍ഥനയോടെയാണ് അതില്‍ പ്രവേശിക്കേണ്ടതെന്ന് നബി(സ്വ) പഠിപ്പിച്ചു. 'അല്ലാഹുവിന്റെ നാമത്തില്‍, ഞങ്ങളില്‍ നിന്ന് പിശാചിനെ അകറ്റേണമേ, ഞങ്ങള്‍ക്ക് തന്നതില്‍ നിന്നും നീ പിശാചിനെ അകറ്റേണമേ''. ഇങ്ങനെയുള്ള പ്രാര്‍ഥനയോടെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ദമ്പതിമാരില്‍നിന്നുണ്ടാവുന്ന കുഞ്ഞിനെ പിശാച് വഴി തെറ്റിക്കുകയില്ലെന്ന് നബി(സ്വ) ഉണര്‍ത്തി. 

സന്താനലബ്ധി ആഗ്രഹിക്കുകയും പ്രാര്‍ഥനയോടെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കല്പിക്കപ്പെടുകയും ചെയ്ത ദമ്പതികള്‍ക്ക് സന്താനനിയന്ത്രണത്തിന് മതം അനുവാദം നല്‍കുന്നുണ്ടോ എന്നത് ചിന്താര്‍ഹമായ വിഷയമാണ്. ജനനനിയന്ത്രണം, കുടുംബാസൂത്രണം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ സമ്പ്രദായത്തെ പാടെ നിഷിദ്ധമായോ പൂര്‍ണമായി അനുവദനീയമായോ കാണുന്നതിന് പിന്‍ബലമേകുന്ന തെളിവുകള്‍ വിശുദ്ധ ഖുര്‍ആനില്‍ ഇല്ല. അജ്ഞാനകാലത്ത് (ജാഹിലിയ്യ കാലത്ത്) അറബികളില്‍ ചിലര്‍ ദാരിദ്ര്യത്തെ ഭയന്ന് ജനിച്ചുകഴിഞ്ഞ കുട്ടികളെ ജീവനോടെ കൊല്ലുന്ന ക്രൂരസമ്പ്രദായം നടപ്പില്‍ വരുത്തിയിരുന്നു. ഈ ഹീന കൃത്യത്തെ നിരോധിച്ചുകൊണ്ട് അവതീര്‍ണമായ ദൈവികസൂക്തം ഇപ്രകാരമാണ്: 'ദാരിദ്ര്യത്തെ ഭയന്ന് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ കൊല്ലരുത്. അവര്‍ക്കും നിങ്ങള്‍ക്കും നാം ഉപജീവനം നല്‍കും. നിശ്ചയം അവരെ കൊല്ലുന്നത് മഹാപാപമാകുന്നു' (17:31).   

ആധുനിക കാലത്ത് വളര്‍ച്ചയെത്തിയ ജീവനുള്ള ഭ്രൂണത്തെ നശിപ്പിക്കുന്ന 'ഗര്‍ഭഛിദ്ര' സമ്പ്രദായം പ്രസ്തുത നിരോധനത്തിന്റെ പരിധിയില്‍ പെടുന്നു.  എന്നാല്‍ ഗര്‍ഭസ്ഥശിശു ജനിക്കുന്നത് മാതാവിന്റെ മരണത്തിന് കാരണമാകുമെന്ന് വ്യക്തമായി ബോധ്യപ്പെട്ടാല്‍ ഗര്‍ഭഛിദ്രത്തിലൂടെ അതിനെ നശിപ്പിക്കുന്നത് അനുവദനീയമാണ്. അനിവാര്യമായ രണ്ട് തിന്മകളില്‍ ഏറ്റവും ലഘുവായത് തെരഞ്ഞെടുക്കുക എന്ന ഇസ്ലാമിക ശരീഅത്തിന്റെ പൊതുതത്ത്വമനുസരിച്ചാണിത്. വിദഗ്ധമായ വൈദ്യോപദേശത്തിന്റെയോ അനുഭവത്തിന്റെയോ അടിസ്ഥാനത്തില്‍ ഗര്‍ഭധാരണവും പ്രസവവും മാതാവിന്റെ ആരോഗ്യത്തിനും ജീവനും ഹാനികരമോ മാരകമോ ആകുമെന്ന് ന്യായമായും ഭയപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ജനനനിയന്ത്രണം ആകാവുന്നതാണെന്നതിന് ഖുര്‍ആന്‍ സൂക്തം (2:195) തെളിവ് നല്‍കുന്നു. 'നിങ്ങള്‍ സ്വന്തം കൈകളെ നാശത്തില്‍ ഇടരുത്'. 

ശൈഖ് ശല്‍തൂത്തിന്റ ഫത്‌വ ശ്രദ്ധേയമാണ്. 'ഗര്‍ഭസ്ഥശിശു നിലനില്ക്കുന്നത് മാതാവിന്റെ മരണത്തിന് കാരണമാവുകയും മറ്റുമാര്‍ഗങ്ങളില്ലാതിരിക്കുകയും ചെയ്യുമ്പോള്‍, ഗര്‍ഭഛിദ്രം അനിവാര്യമാകും. കുട്ടിയെ രക്ഷിക്കാനായി മാതാവിനെ ബലി നല്കരുത്. കാരണം, അവരാണ് അടിസ്ഥാനം. അവരുടെ ജീവിതം മുമ്പെ നിലവിലുള്ളതാണ്. ജീവിതത്തില്‍ അവര്‍ക്ക് സ്വതന്ത്രമായ ഓഹരിയും ബാധ്യതയും കടമകളും ഉണ്ട്. കുടുംബത്തിന്റെ താങ്ങായ അവളെ സ്വതന്ത്രമായ ജീവിതം ഇനിയും കരുപ്പിടിപ്പിച്ചിട്ടില്ലാത്ത ഗര്‍ഭസ്ഥ ശിശുവിനുവേണ്ടി ബലിയര്‍പ്പിക്കുക എന്നത് ശരിയല്ല (ശൈഖ് ശല്‍ത്തൂത്തിന്റെ ഫത്‌വകള്‍, പേജ് 464). 
മുലകുടിക്കുന്ന ഒരു കുട്ടി ഉണ്ടായിരിക്കുമ്പോള്‍ മാതാവ് ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും ആ കുട്ടിയുടെ സംരക്ഷണത്തെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന ഭയം ഉണ്ടാകുന്ന സാഹചര്യത്തില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്താമെന്ന് പ്രസിദ്ധ പണ്ഡിതനായ യൂസുഫുല്‍ ഖറദാവി അഭിപ്രായപ്പെടുന്നു. (അവലംബം: വിധി വിലക്കുകള്‍ പേജ് 363).

നബി(സ്വ)യുടെ കാലത്ത് തന്നെ സന്താനനിയന്ത്രണ മാര്‍ഗങ്ങള്‍ മുസ്ലിംകള്‍ സ്വീകരിച്ചിരുന്നുവെന്നതിന് സ്വഹീഹായ പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകളില്‍ നിന്ന് വ്യക്തമാവുന്നു. പുരുഷന്‍, സ്ഖലനസമയത്ത് സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ ബീജം കടക്കാനനുവദിക്കാതെ അത് പുറത്തുകളയുന്ന ജനനനിയന്ത്രണമാര്‍ഗം 'അസ്ല്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ജാബിര്‍ (റ) പറയുന്നു: 'റസൂലി(സ്വ)ന്റെ കാല ത്ത് ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരിക്കെത്തന്നെ ഞങ്ങള്‍ 'അസ്ല്‍' ചെയ്തിരുന്നു. അത് നിഷിദ്ധമായ ഒരു കാര്യമായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ അതില്‍ നിന്ന് ഞങ്ങളെ വിലക്കുമായിരുന്നു (മുത്തഫഖുന്‍ അലയ്ഹി). എന്നാല്‍ സ്ത്രീയുടെയും പുരുഷന്റെയും സ്വാഭാവിക ലൈംഗിക ഹോര്‍മോണുകളെയും പ്രകൃതിപരമായ നൈസര്‍ഗികതയെയും നശിപ്പിക്കുന്ന തരത്തില്‍ സ്ഥിരമായ സന്താനനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അനുവദനീയമല്ല. കുട്ടികളുണ്ടായാല്‍ തങ്ങളുടെ അമിത ഭോഗാസക്തിയെ തൃപ്തിപ്പെടുത്താനും ജീവിതസുഖം ആസ്വദിക്കാനും കഴിയുകയില്ലെന്ന ഭയം കാരണം സന്താനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. 
 
സന്താനനിയന്ത്രണ മാര്‍ഗങ്ങള്‍ മനുഷ്യശരീരത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനരീതികളില്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെ കണക്കിലെടുത്ത് സുരക്ഷിതദിനങ്ങളില്‍ മാത്രം രതിയില്‍ ഏര്‍പ്പെടുന്ന സ്വാഭാവിക മാര്‍ഗങ്ങളാണ് അനിവാര്യ ഘട്ടത്തില്‍ പിന്തുടരേണ്ടത്.

Feedback