മനുഷ്യന്റെ ലൈംഗികത അവന്റെ വ്യക്തിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. മനുഷ്യന്റെ ജീവിതത്തില്‍ ഒറ്റപ്പെട്ടുനില്ക്കുന്ന ഒരവസ്ഥാവിശേഷമല്ല ലൈംഗികത. വ്യക്തിയിലെ ചിന്തകളെയും പ്രവര്‍ത്തനങ്ങളെയും അതു സ്വാധീനിച്ച് മൂല്യസങ്കല്പങ്ങളും മനോഗതിയും രൂപപ്പെടുത്തുന്നതില്‍ അനല്പമായ പങ്കുവഹിക്കുന്നു. വ്യക്തിത്വത്തിന്റെ വികസനത്തെ സ്വാധീനിക്കുന്ന സുപ്രധാന ഘടകം എന്നനിലയ്ക്ക് ലൈംഗികതയെക്കുറിച്ചുള്ള കൃത്യമായ ബോധ്യവും ദാമ്പത്യത്തില്‍ ലൈംഗികതയുടെ റോളുകള്‍ മനസ്സിലാക്കിയുള്ള ജീവിതവുമാണ് വിജയത്തിന് നിദാനം. ലൈംഗിക പക്വതയോടുകൂടി ജീവിക്കണമെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ തെറ്റിദ്ധാരണകളില്ലാത്ത കൃത്യമായ അറിവ് അനിവാര്യമാണെന്ന് ആരോഗ്യശാസ്ത്ര വിശാരദന്മാര്‍ അഭിപ്രായപ്പെടുന്നു. ലൈംഗികതയെക്കുറിച്ചുള്ള വികലധാരണകളും അപക്വമായ സമീപനങ്ങളും ദാമ്പത്യബന്ധത്തിലെ പരാജയത്തിലേക്ക് നയിക്കുന്നതിനാല്‍ പ്രായപൂര്‍ത്തി എത്തുന്നതിനു മുമ്പുതന്നെ ശാസ്ത്രീയമായലൈംഗിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് ആധുനിക വൈദ്യശാസ്ത്രവും മനഃശാസ്ത്രവും സിദ്ധാന്തിക്കുന്നുണ്ട്.
ലൈംഗിക വിവേകവും ലൈംഗിക വ്യക്തിത്വവും നേടിയെടുക്കാനുതകുന്ന ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും വിശുദ്ധ ഖുര്‍ആനിലൂടെ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികത പാപമാണെന്നോ അതിനെക്കുറിച്ചുള്ള ചര്‍ച്ച തന്നെ വര്‍ജ്യമാണെന്നോ ഇസ്‌ലാം കരുതുന്നില്ല. ലൈംഗികത എന്നവികാരത്തെ പൂര്‍ണമായി അടിച്ചമര്‍ത്താനോ അനിയന്ത്രിതമായി കയറൂരിവിടാനോ ശ്രമിക്കുന്നതിനുപകരം വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കുവേണ്ടി ചില ധാര്‍മിക നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അത് ഉപയോഗിക്കണമെന്നാണ് ഖുര്‍ആനും പ്രവാചകവചനങ്ങളും പഠിപ്പിക്കുന്നത്.
അതുകൊണ്ടുതന്നെ മനുഷ്യജീവിതത്തിന്റെ സുപ്രധാന ഘടകമെന്ന നിലയ്ക്ക് ലൈംഗിക പ്രശ്‌നങ്ങളെ കുറ്റബോധത്തിന്റെ ലാഞ്ഛന ഇല്ലാതെയും സദാചാര സീമകളെ ലംഘിക്കാതെയും ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ ഗ്രഹിക്കേണ്ടത് അനിവാര്യമാണ്. അക്കാരണത്താലാണ് വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലുമൊക്കെ ഇസ്‌ലാമിക അനുഷ്ഠാനമുറകള്‍ ശീലിക്കുന്നതിന്റെ ഭാഗമായിസ്വീകരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നിടത്ത് ലൈംഗിക സംബന്ധമായ വിഷയങ്ങളിലേക്കുള്ള സൂചനകകള്‍ കാണാന്‍ കഴിയുന്നതും.ലൈംഗിക വിശുദ്ധി ഉറപ്പുവരുത്തുന്ന ജീവിതക്രമം ശീലിക്കാന്‍ വിശ്വാസികള്‍ അനുശാസിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു.
ഏഴു വയസ്സുമുതല്‍ തന്നെ കുട്ടികളെ നമസ്‌കാരം ശീലിപ്പിക്കണമെന്ന നബി(സ്വ)യുടെ നിര്‍ദേശമനസരിച്ച് അതിന്റെ സ്വീകാര്യതയ്ക്ക് നിര്‍ബന്ധമായ ശരീര ശുദ്ധിയെക്കുറിച്ച് കുട്ടി ബോധവാനാവേണ്ടിവരുന്നു. അപ്പോള്‍ സ്വാഭാവികമായും ലൈംഗിക കാര്യങ്ങളെക്കുറിച്ച് ശരിയായ ശിക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള സാഹചര്യമുണ്ടാകുന്നു. 'മതകാര്യങ്ങളില്‍ ലജ്ജയില്ല' എന്ന ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ(ഫിഖ്ഹ്) അംഗീകൃത തത്വപ്രകാരം നബി(സ്വ)യുടെ അനുചരരര്‍ യാതൊരു ലജ്ജയോ കുറ്റബോധമോ ഇല്ലാതെ ലൈംഗികകാര്യങ്ങള്‍ നബി(സ്വ)യോട് ചോദ്യങ്ങള്‍ ചോദിച്ച് സംശയദൂരീകരണം നടത്തിയിരുന്നു. നബി(സ്വ)യുടെകിടപ്പറ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ അറിയാനും അത് ചര്യയായി പിന്തുടരാനും ആഇശ(റ)യോട് പോലും സ്വഹാബികള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അവര്‍ കൃത്യമായി മറുപടി നല്‍കുകയും കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അബ്ദുല്ലാഹിബ്‌നു ഖൈസ്(റ) പറയുന്നു. ഞാന്‍ ആഇശ(റ)യോട്‌ചോദിച്ചു. വലിയ അശുദ്ധിയുണ്ടാകുമ്പോള്‍ എങ്ങനെയായിരുന്നു നബി(സ്വ)യുടെ ചര്യ? ഉറങ്ങുന്നതിനു മുമ്പ് കുളിക്കാറുണ്ടായിരുന്നോ? അതല്ല കുളിക്കുന്നതിനു മുമ്പ് ഉറങ്ങാറുണ്ടോ? ആഇശ(റ) പറഞ്ഞു. ചിലപ്പോള്‍ കുളിച്ച് ഉറങ്ങും. ചിലപ്പോള്‍ വുദൂ എടുത്ത് ഉറങ്ങും. അപ്പോള്‍ ഞാന്‍ (നിവേദകന്‍) പറഞ്ഞു. ഓരോ കാര്യത്തിലും വിശാലത നല്‍കിയ അല്ലാഹുവിന് സര്‍വസ്തുതിയും (മുസ്‌ലിം, അബൂഉവാന, അഹ്മദ്).
വിവാഹപൂര്‍വ ജീവിതത്തിലും വിവാഹാനന്തര ജീവിതത്തിലും ലൈംഗിക സദാചാരവും ഇസ്‌ലാമിക വ്യക്തിത്വവും കാത്തുസൂക്ഷിച്ചുകൊണ്ട് ജീവിക്കാന്‍ ഖുര്‍ആന്‍ അധ്യാപനങ്ങളും പ്രവാചകജീവിതത്തില്‍ നിന്നുള്ള പാഠങ്ങളും വിശ്വാസികള്‍ക്ക് എന്നും പ്രയോഗവത്കരിക്കാവുന്നതാണ്. ധാര്‍മികവും മനഃശാസ്ത്രപരവുമായ സമീപനത്തിലൂടെ കുട്ടികള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കുട്ടികളുടെ പ്രായവും മാനസിക നിലവാരവും ബൗദ്ധികമായ കഴിവും പരിഗണിച്ചുകൊണ്ട് ലൈംഗികതയെക്കുറിച്ച യഥാര്‍ഥമായ വിജ്ഞാനം നേടാനുള്ള സാഹചര്യമാണുണ്ടാവേണ്ടത്. നബി(സ്വ)യുടെ സ്വകാര്യ ജീവിതത്തിലെ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിന് ലജ്ജ തടസ്സമാവേണ്ടതില്ലെന്ന് സ്ത്രീകളടക്കമുള്ളവരെ ആഇശ(റ) പഠിപ്പിക്കുന്നു. ആഇശ(റ) പറഞ്ഞു. അന്‍സ്വാരി സ്ത്രീകളെ അല്ലാഹു അനുഗ്രഹിക്കട്ടെ. മതകാര്യങ്ങളെക്കുറിച്ച് വിജ്ഞാനം നേടുന്നതില്‍ നിന്ന് ലജ്ജ അവരെ തടഞ്ഞില്ല.
സമൂഹമാധ്യങ്ങള്‍ വഴി അശ്ലീലതകള്‍ പരന്നൊഴുകാനുള്ള വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ലൈംഗിക ആഭാസങ്ങളും കുറ്റകൃത്യങ്ങളും സദാചാരബോധത്തെ അപകടപ്പെടുത്തുന്നതില്‍ നിതാന്ത ജാഗ്രത കൂടിയേതീരു. ലൈംഗികാതിക്രമങ്ങളിലേക്കും രതിവൈകൃതങ്ങളിലേക്കും അപഥസഞ്ചാരം നടത്തുന്നതില്‍നിന്നും മനുഷ്യരെ തടയാന്‍ ഇസ്ലാമിക മൂല്യങ്ങളിലൂന്നിയ ലൈംഗിക വിദ്യാഭ്യാസം മാത്രമാണ് പരിഹാരം.