1) അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുടെ മരണം സ്ഥിരീകരിക്കണം
a ) ശാരീരിക മരണം
മരണം സംഭവിക്കുകയും അതിന് മറ്റുള്ളവര്‍ സാക്ഷിയാവുകയും ചെയ്യുക
b ) കോടതി മുഖേന മരിച്ചതായുള്ള വിധി
അനന്തരമെടുക്കപ്പെടുന്ന വ്യക്തിയെ കാണാതാവുകയും അയാളെക്കുറിച്ച് ഒരു നിശ്ചിത കാലം കഴിഞ്ഞിട്ടും യാതൊരു അറിവുമില്ലാതിരിക്കുകയും ചെയ്താല്‍ കോടതികള്‍ അയാള്‍ മരണപ്പെട്ടതായി വിധി പ്രഖ്യാപിക്കാറുണ്ട്. അത്തരം വിധികള്‍ മരണസ്ഥിരീകരണമായി കണക്കാക്കാം.
2) അനന്തരാവകാശി അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുടെ മരണശേഷം ജീവിച്ചിരുന്നിരിക്കണം
അനന്തരമെടുക്കുന്ന വ്യക്തിയുടെ മരണശേഷം ജീവിച്ചിരിക്കുന്ന അനന്തരാവകാശികള്‍ക്കു മാത്രമേ അവകാശം ലഭിക്കുകയുള്ളൂ. ഇത് സെക്കന്റുകളുടെ വ്യത്യാസത്തിലായാലും ശരി.
a) അനന്തരാവകാശിയും അനന്തരമെടുക്കപ്പെടുന്നയാളും ഒരേ സമയം മരണപ്പെട്ടു. അല്ലെങ്കില്‍ ആരാണ് ആദ്യം മരിച്ചതെന്ന് അറിയില്ല. എങ്കില്‍ അവകാശം ലഭിക്കുകയില്ല. (പിതാവ് പുത്രന്‍ എന്നിവരെപ്പോലെ പരസ്പരം അനന്തരമെടുക്കുന്ന രണ്ടു പേരാണെങ്കില്‍ രണ്ടുപേര്‍ക്കും അനന്തരാവകാശം ലഭിക്കുകയില്ല).
b) അവകാശി അനന്തരമെടുക്കപ്പെടുന്നയാളുടെ മരണത്തിനു ശേഷം അനന്തരസ്വത്ത് ഓഹരി വെക്കുന്നതിനു മുമ്പായി അവകാശി മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഓഹരി അദ്ദേഹത്തിന്റെ അനന്തരാവകാശികള്‍ക്ക് ലഭിക്കുന്നതാണ്.
c) അനന്തതരാവകാശി ഗര്‍ഭസ്ഥ ശിശുവണെങ്കില്‍ ജീവനോടെ ജനിച്ചാല്‍ ആ ശിശുവിനു അനന്തരാവകാശം ലഭിക്കുന്നതാണ്. അവകാശികളില്‍ ഒരാള്‍ ഗര്‍ഭാവസ്ഥയിലാ യിരിക്കുമ്പോള്‍ അനന്തര സ്വത്ത് ഓഹരി വെക്കുന്നതിനെ കുറിച്ച് കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങളാണുള്ളത്.
ഒന്ന്: ശിശു ഗര്‍ഭത്തിലായിരിക്കുന്ന അവസ്ഥയില്‍ തന്നെ ആ ശിശുവിനുള്ള ഓഹരി നീക്കിവെച്ചു കൊണ്ട് ബാക്കി ഓഹരി വെക്കുക. ഹനഫി, ഹമ്പലി മദ്ഹബുകളിലും മാലികി മദ്ഹബിലെ ചിലരും അഭിപ്രായപ്പെട്ടിരിക്കുന്നത് ഇതാണ്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിനായി മാറ്റി വെക്കേണ്ടത് എത്രയാണെന്നതില്‍ ഫുഖഹാക്കള്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്. നാലു കുട്ടികള്‍ വരെ ജനിക്കാമെന്നതു കൊണ്ട് നാലു ആണ്‍ കുട്ടികളുടെ ഓഹരി നീക്കിവെക്കണമെന്നു ചിലരും അതല്ല രണ്ടു കുട്ടികളുടെ ഓഹരി മതിയെന്ന് മറ്റു ചിലരും ഒരു കുട്ടിയുടേതു മതിയെന്ന് വേറെ ചില പണ്ഡിതരും അഭിപ്രായപ്പെടുന്നു. ആണ്‍ കുട്ടിയുടെയും പെണ്‍ കുട്ടിയുടെയും ഓഹരി പരിഗണിക്കുമ്പോള്‍ കൂടുതല്‍ ആര്‍ക്കാണോ അതാണു നീക്കി വെക്കേണ്ടത്.
രണ്ട്: ശിശുവിനെ പ്രസവിക്കുന്നത് വരെ ഓഹരി വെക്കുന്നത് നീട്ടിവെക്കുക മാലികി മദ്ഹബിന്റെ പ്രബലമായ അഭിപ്രായവും ശാഫിഈ മദ്ഹബിന്റെ അഭിപ്രായവും ഇതാണ്.
രണ്ടാമത്തെ അഭിപ്രായത്തിനാണ് പ്രാമുഖ്യം നല്‍കേണ്ടത്. കാരണം ഒന്നോ ഒന്നില്‍ കൂടുതലോ കുട്ടികള്‍ ആവാം. ആണോ പെണ്ണോ ആവാം. ജീവനോടെയോ അല്ലാതെയോ ജനിക്കാം. ഓഹരിവെക്കാന്‍ ധൃതി വെക്കുന്നത് പലപ്പോഴും ഗര്‍ഭത്തിലിരിക്കുന്ന കുട്ടിയുടെ ഓഹരി നഷ്ടപ്പെടുന്നതിന് കാരണവുമായേക്കാം. നിലവിലുള്ളവരിലേക്ക് അതിന്റെ ഓഹരി മടങ്ങുകയും തിരിച്ചു കിട്ടാത്ത അവസ്ഥ വരികയും ചെയ്‌തേക്കാം. മാത്രമല്ല ഓഹരി വെക്കുന്നതില്‍ അവ്യക്തതകള്‍ നിലനില്ക്കുന്നതിനും അത് കാരണമായി മാറും.
3.പരേതനുമായുള്ള ബന്ധം സ്ഥിരീകരിക്കപ്പെടണം
അനന്തരവകാശിക്ക് അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുമായി അനന്തരാവകാശം ലഭിക്കാനുള്ള ബന്ധമുള്ളതായി സ്ഥിരീകരിക്കണം.