ലോക പ്രശസ്തനായ ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍ (ഖാരിഅ്). മുഴുവന്‍ പേര് ശെയ്ഖ് മിശാരി ബിന്‍ റാഷിദ് അല്‍ഫാസി. അബു നൂറ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.
1976 സെപ്തംബര്‍ അഞ്ചിന് കുവൈത്തില്‍ ജനിച്ചു. നിലവില്‍ കുവൈത്തിലെ ഗ്രാന്റ് മസ്ജിദിലെ മുഫ്തി ഇമാമാണ്. മദീനയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഖുര്‍ആന്‍ ആന്റ് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഉന്നത പഠനം നടത്തി. പത്തു തരം ശബ്ദ വിന്യാസത്തിലൂടെ ഖുര്‍ആന്‍ പാരായണം നടത്താന്‍ കഴിയുന്ന മിശാരി റാഷിദ് അല്‍ അഫാസി ഖുര്‍ആന്‍ വിവര്‍ത്തനത്തില്‍ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുണ്ട്.
ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ ഇദ്ദേഹം നടത്തുന്ന മനോഹരമായ ഖുര്‍ആന്‍ പാരായണം ശ്രോതാക്കള്‍ക്കിടയില്‍ സ്ഥിരപ്രതിഷ്ഠ നേടിയതാണ്. മുഅ്മിന്‍ ടി വിയിലും യൂടൂബിലും അല്‍അഫാസിയുടെ ഖുര്‍ആന്‍ പാരായണം ശ്രവിക്കാനാവും. റമദാന്‍ മാസത്തില്‍ കുവൈത്ത് സിറ്റിയിലെ ഗ്രാന്റ് മസ്ജിദില്‍ തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് നടത്തുന്ന ഖുര്‍ആന്‍ പാരായണം ശ്രവിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും വിശ്വാസികള്‍ പള്ളിയില്‍ എത്താറുണ്ട്. അല്‍അഫാസിക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. ഖുര്‍ആന്‍ പാരായണവും ഇസ്‌ലാമിക ചിന്തകളും പ്രചരിപ്പിക്കാനായി അല്‍അഫാസി, അല്‍അഫാസി ക്യൂ എന്നീ പേരികളിലായി സ്വന്തമായി രണ്ട് സാറ്റലൈറ്റ് ചാനലുകള്‍ ഉണ്ട്. തലഅല്‍ ബദ്ര്‍, ഇന്‍ത മീന്‍ എന്നീ രണ്ട് ആല്‍ബങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ഈജിപ്തിലെ അറബ് ക്രിയേറ്റിവിറ്റി യൂണിയന്റെ അറബ് ക്രിയേറ്റിവിറ്റി ഒസ്‌കാര്‍ അവാര്‍ഡ് 2008ല്‍ അല്‍അഫാസിക്കാണ് സമ്മാനിച്ചത്. ഇസ്‌ലാമിക പഠനരംഗത്ത് ഇദ്ദേഹം നല്‍കിയ മഹത്‌സംഭാവന മാനിച്ച് അവാര്‍ഡ്ദാന ചടങ്ങ് സംഘടിപ്പിച്ചത് അറബ് ലീഗിന്റെ ജനറല്‍ സെക്രട്ടറി ജനറലായിരുന്ന അമീര്‍ മൂസയായിരുന്നു.
2007ല്‍ അമേരിക്കയിലെ ഇര്‍വിനിലെ ഇസ്‌ലാമിക് സെന്ററും കാലിഫോര്‍ണിയയിലെ ഇസ്‌ലാമിക സെന്ററും സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ ഖുര്‍ആന്‍ പാരായണം വെബ്‌സൈറ്റുകളില്‍ സജീവമാണ്.