പ്രസിദ്ധ ഖുര്‍ആന്‍ പാരായണ വിദഗ്ധന്‍. ഈജിപ്തില്‍ ഖിയാനയിലെ അര്‍മിന ഗ്രാമത്തില്‍ 1345/1926ല്‍ ജനിച്ചു. ഏഴു വയസ്സായപ്പോള്‍ ഖുര്‍ആന്‍ പാരായണ പരിശീലനം തുടങ്ങി. പത്താം വയസില്‍ ഖുര്‍ആന്‍ മനഃപാഠമാക്കി. ശൈഖ് മുഹമ്മദുല്‍ ഹമ്മാദിയുടെ ശിഷ്യത്വം സ്വീകരിച്ച് ഖുര്‍ആന്റെ ഏഴു പാരായണ രീതികളും അഭ്യസിച്ചു.
1945ല്‍ അല്‍അഖ്‌സര്‍, ഖിനാ എന്നിവിടങ്ങളില്‍ ആദ്യമായി പൊതുസദസ്സില്‍ ഖുര്‍ആന്‍ പാരായണം ചെയ്തു. ഈ സദസില്‍ പങ്കെടുത്ത ഈജിപ്ഷ്യന്‍ പാരായണവിദഗ്ധരുടെ ഉപദേശ്രപകാരം തജ്‌വീദില്‍ പ്രാവീണ്യം നേടി. 1950ല്‍ 24ാം വയസില്‍ കൈറോയില്‍ നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ഖുര്‍ആന്‍ പാരായണം ശ്രോതാക്കളെ ഇളക്കിമറിച്ചു. റേഡിയോയില്‍ ഖുര്‍ആന്‍ പാരായണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച തോറും ഈജിപ്ഷ്യന്‍ റേഡിയോ അദ്ദേഹത്തിന്റെ പാരായണം പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി. അതോടെ അബ്ദുല്‍ ബാസിത്ത് ഖുര്‍ആന്‍ പാരായണ വിദഗ്ദന്‍ എന്ന നിലയില്‍ ലോകമാകെ അറിയപ്പെട്ടു.
ഖുര്‍ആന്‍ പാരായണാര്‍ഥം നൂറോളം രാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. അതിനിടയില്‍ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകള്‍ പഠിച്ചു. 1960ല്‍ മൊറോക്കോ രാജാവ് അദ്ദേഹത്തെ ഉയര്‍ന്ന പുരസ്‌കാരം നല്‍കി ആദരിച്ചു. പാകിസ്താന്‍, ഇന്തോനേഷ്യ, സിറിയ, തുനീഷ്യ, ലബ്‌നാന്‍, ഇറാഖ്, സോമാലിയ തുടങ്ങിയ രാജ്യങ്ങളും മെഡലുകള്‍ സമ്മാനിച്ച് ആദരിച്ചിട്ടുണ്ട്. 1984ല്‍ മൊറോക്കോ രാജാവിന്റെ ആ്രഗഹ്രപകാരം മൊറോക്കോ റേഡിയോക്ക് വേണ്ടി അദ്ദേഹം വര്‍ശിന്റെ (ഏഴ് ഖുര്‍ആന്‍ പാരായണ വിദഗ്ധരിലൊരാളായ നാഫിഇന്റെ ഖുര്‍ആന്‍ പാരായണം നിവേദനം ചെയ്ത വ്യക്തി) നിവേദനമനുസരിച്ച് ഖുര്‍ആന്‍ മുഴുവന്‍ ഓതി റിക്കാര്‍ഡ് ചെയ്തു. കേവലം 10 ദിവസം കൊണ്ടാണ് അബ്ദുല്‍ ബാസിത്ത് ഈ സംരംഭം പൂര്‍ത്തീകരിച്ചത്.
അബ്ദുല്‍ ബാസിത്ത് സ്വന്തം ഗ്രാമമായ അര്‍മിനയില്‍ ഒരു പള്ളിയും ദീനീകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. 1980ല്‍ ഇന്ത്യയിലെ ദാറുല്‍ ഉലൂം ദയൂബന്‍ദിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തത് അബ്ദുല്‍ ബാസിത്തായിരുന്നു. ഇരുപതാം വയസില്‍ പിതൃവ്യ പുത്രിയെ വിവാഹം ചെയ്തു. 11 പുത്രന്‍മാരും ഒരു പുത്രിയുമുണ്ട്. അബ്ദുല്‍ ബാസിതിന്റെ കര്‍ണാനന്ദകരമായ ഖുര്‍ആന്‍ പാരായണം ശ്രവിച്ച് നിരവധി പേര്‍ ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. 1988 നവംബര്‍ 20 ബുധനാഴ്ച 62ാമത്തെ വയസില്‍ മരിച്ചു.