ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനോടനുബന്ധിച്ച് അല്ലാഹുവിന്റെ അനുഗ്രഹമായി ഖുര്‍ആനില്‍ പ്രത്യേകം പരാമര്‍ശിച്ച കാര്യമാണ് രാപകലുകള്‍. നൂറോളം സ്ഥലങ്ങളില്‍ രാത്രിയെക്കുറിച്ച് പറയുന്നുണ്ട് അവയില്‍ അധികവും രാവും പകലും മാറി മാറി വരുന്നതിനെക്കുറിച്ചാണ് പറയുന്നത്. കാരണം ഭൂമിയിലെ മനുഷ്യരുടെയും ജീവികളുടെയും സസ്യങ്ങളുടെയും നിലനില്‍പിനും മനുഷ്യന്റെ കാലഗണനക്കും ഇവ രണ്ടും അത്യന്താപേക്ഷിതമാണ്. ഇരുണ്ട രാവും തെളിഞ്ഞ പകലും ഋതുഭേദങ്ങളും ഉള്‍തിരിയുന്ന രൂപത്തില്‍ ഭൂമിയുടെ ചലനം സംവിധാനിച്ച അല്ലാഹു കാരുണ്യവാനും അനുഗ്രഹപൂര്‍ണനുമാണ്.
രാത്രിക്ക് എന്താണിത്ര പ്രത്യേകത എന്നറിയണമെങ്കില്‍ രാത്രി മനുഷ്യ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയേണ്ടതുണ്ട്. ഉദാഹരണമായി മനുഷ്യ മസ്തിഷ്‌ക്കത്തിന്റെ അന്തര്‍ഭാഗത്തുളള പീനല്‍ ഗ്രന്ഥി മെലറ്റോനിന്‍ (Melatonin) എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത് രാത്രിയില്‍ മാത്രമാണ്. ഒരു നിരോക്ഷീകാരം കൂടിയായ ഈ ഹോര്‍മോണ്‍ മനുഷ്യ ശരീരത്തില്‍ സുപ്രധാനമായ പല ദൗത്യങ്ങളും നിര്‍വഹിക്കുന്നുണ്ട്. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, ഹോര്‍മോണ്‍ സന്തുലനം എന്നിവ കാത്തു സൂക്ഷിക്കുന്നതോടൊപ്പം പരിതസ്ഥിതി മാറുന്നതിനനുസരിച്ച് ശരീരം എടുക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് നിര്‍ദേശം നല്‍കുന്നതും ഈ ഹോര്‍മോണ്‍ തന്നെയാണ്. അതുകൂടാതെ മാരകമായ പല രോഗങ്ങളെയും ചെറുത്ത് നില്‍ക്കാന്‍ ശരീരത്തിന് കെല്പ് നല്‍കുന്നതും മെലറ്റോനിന്‍ തന്നെയാണ്. മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിലും ശരീരത്തിന് വിശ്രമം നല്‍കുന്നതിലും ഈ ഹോര്‍മോണ്‍ വളരെ വലിയ ഒരു പങ്ക് വഹിക്കുന്നുവെന്ന കാര്യവും ഇപ്പോള്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനില്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി കാണാം. 'രാത്രിയെ അവന്‍ ശാന്തമായ വിശ്രമ വേളയാക്കിയിരിക്കുന്നു'(6:96), 'അവനത്രെ നിങ്ങള്‍ക്ക് വേണ്ടി രാത്രിയെ ശാന്തമായി കഴിയത്തക്കവിധമാക്കിത്തന്നത്' (10:67).
രാത്രിയിലെ ഇരുട്ട് ശരീരത്തില്‍ മെലാറ്റോനിന്‍ ഉത്പാദിപ്പിക്കുന്നത് പോലെ പകലിലെ സൂര്യപ്രകാശം പീനല്‍ ഗ്രന്ഥിക്ക് സെറോറ്റോനിന്‍ (Serotonin)എന്ന ഹോര്‍മോണ്‍ സ്രവിപ്പിക്കാന്‍ ശക്തി നല്‍കുന്നുണ്ട്. രാത്രിയില്‍ വൈദ്യുത വെളിച്ചത്തിലോ മറ്റോ നില്‍ക്കുന്നത് കൊണ്ട് സെറോറ്റോനില്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല മെലറ്റോനിന്‍ ഉത്പാദനത്തെ അത് തടസ്സപ്പെടുത്തുകയും ചെയ്യും. അത് കൊണ്ട് തന്നെ ഖുര്‍ആനില്‍ ഒരു മൂടുപടം എന്ന് വിശേഷിപ്പിച്ച രാത്രിയുടെ കരിമ്പടം പുതച്ചുറങ്ങുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരമായിട്ടുളളത്. രാത്രിയിലെ നിദ്രയാണ് പകലുറക്കത്തേക്കാള്‍ അഭികാമ്യമെന്ന് വൈദ്യശാസ്ത്രം തെളിയിച്ചതാണ്. അതുപോലെ രാത്രിയിലെ ആദ്യപകുതിയിലെ ഉറക്കത്തിന് രണ്ടാം പകുതിയിലേതിനേക്കാള്‍ മൂന്നിരട്ടി മേന്മയുണ്ട് എന്ന വസ്തുത നേരത്തെ ഉറങ്ങാനുളള പ്രവാചക നിര്‍ദേശത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. അല്ലാഹു പറയുന്നു. 'അവനത്രെ നിങ്ങള്‍ക്കു വേണ്ടി രാത്രിയെ ഒരു വസ്ത്രവും ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ പുനര്‍ജീവനമാക്കുയും ചെയ്തിരിക്കുന്നു(25:47). 'രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു (78:10,11).
മനുഷ്യ നയനങ്ങളില്‍ സൂര്യപ്രകാശ കിരണങ്ങള്‍ പതിയുന്നതോടു കൂടിത്തന്നെ അവന്റെ നാഡീവ്യവസ്ഥയിലൂടെ ഒരു സന്ദേശം തലച്ചോറില്‍ എത്തുകയും മെലറ്റോനിന്‍ ഉത്പാദനം നിലയ്ക്കുകയും ചെയ്യും. അതോടു കൂടി ശരീരം പകല്‍ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറോട്ടോനിന്‍ പോലുളള ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങും. അതുപോലെ സൂര്യന്‍ അസ്തമിക്കുന്നതോടു കൂടി ഇതിനു വിപരീതമായുളള പ്രവര്‍ത്തനങ്ങളും ശരീരത്തില്‍ നടക്കും. രാപകലുകള്‍ മാറി മാറി വരുന്നതിലൂടെ മാത്രമേ ശരീരത്തിലെ ഈ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി നടക്കുകയുളളൂ.
അതുപോലെ പ്രപഞ്ചത്തിലെ വാതകഘടനയിലും കാലാവസ്ഥയിലും ജീവികള്‍ക്കും സസ്യങ്ങള്‍ക്കും അനുഗുണമായിട്ടുളള ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ രാപകലുകളുടെ മാറ്റത്തിലൂടെ സംഭവിക്കുന്നുണ്ട്. അതു കൊണ്ടായിരിക്കാം അല്ലാഹു ഒട്ടേറെ വചനങ്ങളിലൂടെ ഈ രണ്ട് പ്രതിഭാസങ്ങളെക്കുറിച്ച് പറയുന്നത്. 'തീര്‍ച്ചയായും രാപകലുകള്‍ മാറിമാറിവരുന്നതിലും ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുളളവയിലും സൂക്ഷ്മത പാലിക്കുന്ന ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട് (10:6). 'അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുളളവര്‍ക്ക് ഒരു ചിന്താവിഷയമുണ്ട്.' (24:44).
രാത്രിയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നിടത്ത് രണ്ടു തരം രാത്രികളെക്കുറിച്ച് പറയുന്നതായി കാണാം. ഒന്ന് ഭൂമിയിലെ രാത്രി. രണ്ടാമത്തേത് ആകാശത്തിലെ രാത്രി. ഭൂമിയിലെ രാത്രി കൊണ്ടുദ്ദേശിക്കുന്നത് നാം നിത്യവും കാണുന്ന താത്കാലികവും ഏതാനും സമയം കഴിയുമ്പോള്‍ മാറി വരുന്നതുമായ രാത്രിയാണ്. എന്നാല്‍ ആകാശത്തിലെ രാത്രി അനന്തവും അപാരവും പ്രപഞ്ചത്തെ ആകമാനം ഉള്‍കൊളളുന്നതുമാണ്. ആകാശരാത്രിയെക്കുറിച്ച് അല്ലാഹു പറയുന്നു. 'നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുളളവര്‍ അതല്ല ആകാശമാണോ? അതിനെ (ആകാശത്തെ) അവന്‍ നിര്‍മിച്ചിരിക്കുന്നു. അതിന്റെ വിതാനം അവന്‍ ഉയര്‍ത്തുകയും അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിലെ രാത്രിയെ അവന്‍ ഇരുട്ടാക്കുകയും ചെയ്തിരിക്കുന്നു (79:27,28,29). ഈ വചനത്തിലെ 'അതിലെ രാത്രി' എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ആകാശത്തിലെ രാത്രിയാണ്. അതുപോലെ സൂറത്തു ശംസിലെ നാലാം സൂക്തത്തില്‍ 'രാത്രിയെ തന്നെയാണ് സത്യം അത് അതിനെ(സൂര്യനെ) മൂടുമ്പോള്‍' (91:4) എന്ന വചനത്തിലെ രാത്രി കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതും ആകാശത്തിലെ രാത്രിയാണ്. കാരണം ഭൂമിയിലെ രാത്രി സൂര്യന്റെ എതിര്‍ ദിശയില്‍ സംഭവിക്കുന്നത് കൊണ്ട് അത് സൂര്യനെ മൂടുന്നു എന്ന് പറയുന്നതിലര്‍ഥമില്ല. ഗോളശാസ്ത്ര രംഗത്തെ മനുഷ്യന്റെ പഠന ഗവേഷണങ്ങളും ബഹിരാകാശ സഞ്ചാരത്തിലെ നിരീക്ഷണങ്ങളുമാണ് ഇത്തരം വസ്തുതകളിലേക്ക് വെളിച്ചം വീശിയത്. മനുഷ്യന്റെ വിജ്ഞാന ചക്രവാളം വികസിക്കുന്നതിനനുസരിച്ച് അത്ഭുതങ്ങളിലെ അത്ഭുതമായ ഖുര്‍ആന്‍ ദൈവികമാണെന്നതിന് ഇനിയും തെളിവുകള്‍ കണ്ടെത്താന്‍ കഴിയും.