Skip to main content

ബ്രഹ്മാണ്ഡ വല

ദശലക്ഷക്കണക്കിന് താരാപഥങ്ങളുളള വാന ലോകത്തിന് അനേകം നൂലിഴകള്‍ കൊണ്ട് നെയ്‌തെടുക്കപ്പെട്ട ഒരു വലക്ക് സമാനമായ രൂപമാണുളളതെന്നാണ് ആധുനിക ഗോള ശാസ്ത്രജ്ഞന്മാര്‍ ഏറ്റവും പുതിയ ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുളളത്. ബ്രഹ്മാണ്ഡത്തില്‍ അനേകം ഗാലക്‌സികളുണ്ട്. അവയില്‍ ഓരോ ഗാലക്‌സിയിലും ബില്യണ്‍ കണക്കിന് നക്ഷത്രങ്ങളുണ്ട്. പ്രകാശിക്കുന്ന കോടിക്കണക്കിന് താരഗണങ്ങളും അവയുള്‍കൊളളുന്ന താരാപഥവും കൂടിച്ചേരുമ്പോള്‍ ആകാശ ലോകം തലങ്ങും വിലങ്ങും പ്രകാശ നൂലുകള്‍ കൊണ്ട് കോര്‍ത്തെടുത്ത ഒരു വലയുടെ രൂപത്തിലാണ് ദൃശ്യമാകുന്നത് (http://cosmicweb.kimalbrecht.com/). 

Cosmic Web

ഗോള ശാസ്ത്രജ്ഞര്‍ കമ്പ്യൂട്ടറില്‍ അനേകം താരാപഥങ്ങള്‍ ഉള്‍കൊളളുന്ന പ്രപഞ്ചത്തിന്റെ ചിത്രം തയ്യാറാക്കുന്നതിനിടയിലാണ് ഈ അത്ഭുത പ്രതിഭാസം ശ്രദ്ധയില്‍ പെട്ടത്. പ്രപഞ്ചത്തില്‍ രണ്ട് ലക്ഷം മില്യണിലധികം ഗാലക്‌സികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സൂപ്പര്‍ കമ്പ്യൂട്ടറില്‍ ഇതുവരെ കണ്ടെത്തിയ ഗാലക്‌സികളുടെ ഡാറ്റകള്‍ അപഗ്രഥനത്തിന് നല്‍കിയതിന് ശേഷം കമ്പ്യൂട്ടറിന്റെ സഹായത്തോട് കൂടി അതിന്റെ രേഖാ ചിത്രം തയ്യാറാക്കിയപ്പോള്‍ ഒരു ചിലന്തിവലയുടെ രൂപത്തിലുളള ചിത്രമാണ് അവര്‍ക്ക് ലഭിച്ചത്. ഈ കണ്ടെത്തലിനെ തുടര്‍ന്നാണ് കോസ്മിക് വെബ് എന്ന പദപ്രയോഗം രംഗത്ത് വന്നത്.  

പ്രാപഞ്ചിക സത്യങ്ങള്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. അവയെപ്പറ്റി നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ കാണുന്നില്ലേ എന്നിങ്ങനെയുള്ള ഖുര്‍ആനിലെ നിരവധി സ്ഥലങ്ങളില്‍ കാണുന്ന പരാമര്‍ശങ്ങള്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുന്നു. ഈ ചിന്തകളാണ് മധ്യനൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്ത് ഉദിച്ചുയര്‍ന്ന നിരവധി ശാസ്ത്രജ്ഞരുടെ പിറവിക്കു കാരണം. ആധുനിക വിജ്ഞാനത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ഇന്ന് നാം ഖുര്‍ആന്‍ വായിക്കുമ്പോള്‍ മുകളില്‍പ്പറഞ്ഞ ശാസ്ത്ര നിഗമനങ്ങളിലേക്ക് വിശുദ്ധ വചനങ്ങള്‍ ചൂണ്ടുന്നില്ലേ എന്ന് ചിന്തിക്കാവുന്നതാണ്. വസ്സമാഇ ദാതില്‍ ഹുബുക് (51:7) എന്ന ആയത്തിലെ ഹുബുക് എന്നതിന് നെയ്‌തെടുത്തത് എന്ന ആശയമുണ്ട്.  cosmic web അഥവാ ബ്രഹ്‌മാണ്ഡ വല എന്ന് വിശേഷിപ്പിച്ചതും ഹുബുക് എന്ന ഖുര്‍ആന്‍ വചനത്തിന്റെ താത്പര്യവും സദൃശ്യമുള്ളതായി തോന്നുന്നു. ശാസ്ത്രജ്ഞമാര്‍ തങ്ങള്‍ കണ്ടെത്തിയ കാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ഞങ്ങള്‍ കാണുന്നു (we see) എന്ന് പറയുന്നത്, നിങ്ങള്‍ കാണുന്നില്ലേ എന്ന ഖുര്‍ആനിലെ ചോദ്യത്തിന്റെ ഉത്തരമല്ലേ എന്നും ചിന്തിക്കാവുന്നതാണ്. 

നിങ്ങള്‍ കാണുന്നവയെക്കൊണ്ടും നിങ്ങള്‍ക്ക് കാണാനാവാത്തതിനെക്കെണ്ടും ഞാന്‍ സത്യം ചെയ്യുന്നു (69: 38,39) എന്ന ഖുര്‍ആന്‍ വചനം നമുക്ക് മുകളിലുള്ള അദ്ഭുത ലോകത്തേക്ക് സൂചന നല്കുന്നു എന്നതില്‍ സംശയമില്ല.
 

Feedback