പ്രപഞ്ചം അതിന്റെ ഉത്ഭവം മുതല്‍ വികസിച്ചു കൊണ്ടിരിക്കുന്നു എന്നാണ് ഖുര്‍ആനിലെ സൂചന. ''ആകാശമാകട്ടെ നാം അതിനെ കരങ്ങളാല്‍ നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു.'' (ദാരിയാത്ത്47). പ്രപഞ്ചോത്പത്തിവരെ കാലത്തിനൊപ്പം നാം പുറകോട്ട് സഞ്ചരിക്കുകയാണെങ്കില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം ഒരു കേന്ദ്രീകൃത പിണ്ഡത്തില്‍ ഒരുമിച്ച് കൂടുന്നതായി കാണാം. ഇക്കാര്യവും ഖുര്‍ആനില്‍ സൂചിപ്പിക്കുന്നുണ്ട്. ''ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും എന്നിട്ട് നാം അവയെ വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ.'' (അമ്പിയാഅ്: 30).
ഖുര്‍ആനില്‍ പരാമര്‍ശിച്ചത് പോലെ പ്രപഞ്ചം വികസിക്കുന്നു എന്ന വസ്തുത ശാസ്ത്രത്തിന് ബോധ്യപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്. ഖുര്‍ആനിന്റെ അവതരണകാലത്തോ അതിന് ശേഷമുളള സുദീര്‍ഘമായ കാലഘട്ടത്തിനിടയിലോ ഇക്കാര്യം മനുഷ്യര്‍ക്ക് അറിയുമായിരുന്നില്ല. മനുഷ്യന്റെ വിജ്ഞാന ചക്രവാളം വികസിക്കുന്നതിനനുസരിച്ച് ഇനിയും ഇനിയും ഖുര്‍ആനിന്റെ ദൈവികതക്ക് അനവധി ദൃഷ്ടാന്തങ്ങള്‍ കണ്ടെത്താന്‍ കഴിയും. നക്ഷത്രങ്ങളില്‍ നിന്നു വരുന്ന പ്രകാശ കിരണങ്ങള്‍ വിശകലനം ചെയ്തതില്‍ നിന്നാണ് ഗാലക്‌സികള്‍ പരസ്പരം അകലുന്നത് പോലെ അവ നമ്മില്‍ നിന്നും അകന്നു പോകുന്നതായി കണ്ടെത്തിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഇത് ഗോള ശാസ്ത്രജ്ഞരുടെ ഇടയില്‍ വിവാദമുണ്ടാക്കിയ ഒന്നാണെങ്കിലും പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ച വികാസം സ്ഥിരീകരിക്കുകയുണ്ടായി.
ആരംഭത്തില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനം (51:47) ഇക്കാലമത്രയും ജനങ്ങള്‍ക്കറിയാത്ത ഒട്ടനവധി പ്രാപഞ്ചിക വസ്തുതകള്‍ അനാവരണം ചെയ്യുന്നുണ്ട്. അതിലൊന്ന് ആകാശം ശക്തവും ഭദ്രവും സൂക്ഷ്മവുമായ ഒരു നിര്‍മിതിയാണെന്നതാണ്. ആകാശമെന്നത് കേവലം ശൂന്യതയല്ല. ആകാശ പിണ്ഡങ്ങള്‍ക്കിടയിലുളള ഒഴിഞ്ഞ സ്ഥലം അതീവ സൂക്ഷ്മമായ വാതക മണ്ഡലമാണ്. പ്രധാനമായും ഹൈഡ്രജന്‍ കൊണ്ട് നിറഞ്ഞ ഈ പ്രതലത്തില്‍ കാല്‍സ്യം, സോഡിയം, പോട്ടാസ്യം, ഇരുമ്പ് തുടങ്ങിയവയുടെ കണികകളും അമോണിയ പോലുളള രാസവസ്തുക്കളും നീരാവിയും കാണപ്പെടുന്നുണ്ട്. നക്ഷത്രങ്ങള്‍ക്കിടയിലുളള ഈ വികസിക്കുന്ന പ്രദേശത്ത് ഈ പദാര്‍ഥങ്ങളോടൊപ്പം കാന്തിക പ്രഭാവവമുണ്ട്. അത് കൊണ്ടാണ് ആകാശപിണ്ഡങ്ങള്‍ പരസ്പരം ബന്ധിക്കപ്പെടുന്നത്.
രണ്ടാമതായി, പ്രസ്തുത ഖുര്‍ആന്‍ സൂക്തത്തിലെ ''കരങ്ങളാല്‍ നിര്‍മിച്ചു'' എന്ന വാക്യം ദൈവത്തിന്റെ കഴിവും ശക്തിയും കൊണ്ട് ആകാശം നിര്‍മിച്ചു എന്നാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ വിസ്മയകരമായ വ്യാപ്തിയും നിര്‍മാണത്തിലെ ഭദ്രതയും താളം തെറ്റാതെയുളള അതിന്റെ നിലനില്‍പും സംവിധാനിച്ചതിന്റെ പിന്നില്‍ അല്ലാഹുവിന്റെ അപാരമായ ശക്തി തന്നെയാണ് പ്രവര്‍ത്തിച്ചിട്ടുളളത്.
മൂന്നാമതായി, നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ച വ്യാപ്തിയിലേക്കും ഈ വചനം വിരല്‍ ചൂണ്ടുന്നുണ്ട്. അല്ലാഹു ഉദ്ദേശിക്കുന്ന കാലമത്രയും അതവന്‍ വികസിപ്പിച്ചു കൊണ്ടിരിക്കും. നാലാമതായി, വികസിക്കുന്ന പ്രപഞ്ചത്തിന്റെ വ്യാപ്തിക്കനുസരിച്ച് വികസിച്ച പ്രദേശത്ത് പദാര്‍ഥങ്ങള്‍ നിറക്കേതുണ്ട്. പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് ഈ വിടവ് നിലവിലുളള പദാര്‍ഥങ്ങള്‍ കൊണ്ടും വാതകങ്ങള്‍ കൊണ്ടും നികത്തപ്പെടേണ്ടത് അതിന്റെ നിലനില്‍പിന് അനിവാര്യമാണ്. പ്രപഞ്ചം വികസിക്കുന്നതിനുസരിച്ച് ഈ ശൂന്യപ്രദേശത്ത് അതിശയകരമായ വേഗത്തില്‍ ഊര്‍ജവും പദാര്‍ഥങ്ങളും നിറയ്ക്കുന്നത് ആരാണ്? അല്ലെങ്കില്‍ എവിടെ നിന്നാണ് പ്രസ്തുത വസ്തുക്കള്‍ വന്നു ചേര്‍ന്ന് ഈ ശൂന്യത നികത്തപ്പെടുന്നത്. ആധുനിക ശാസ്ത്രത്തിന് വ്യക്തമായ ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യങ്ങളുടെ പട്ടികയിലൊന്നായിട്ടാണ് ഇതും പരിഗണിക്കപ്പെടുന്നത്.
ഈ പ്രപഞ്ചം ഒരു പിണ്ഡത്തില്‍ നിന്നാരംഭിച്ച് വികസനം തുടങ്ങിയതാണെങ്കില്‍ അതിന് പിന്നില്‍ ഒരു ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. അതുപോലെ ഒരിക്കല്‍ ഈ പ്രപഞ്ചത്തിന് ഒരു അന്ത്യവും അനിവാര്യമാണ്. പ്രപഞ്ചം ഇവിടെ നിലനില്‍ക്കുന്നതാണെന്നും അനന്തമായി ഇവിടെ നിലനില്‍ക്കുന്നതാണെന്നുമുളള വാദം ദൈവ നിഷേധികളുടേതാണ്. എന്നാല്‍ പ്രപഞ്ചോത്പത്തിയെക്കുറിച്ചുളള ഖുര്‍ആനിലെ വിവരണം അറിവും ബുദ്ധിയുമുളള ഏവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്നതാണ്.
വികസിച്ചു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിന്റെ ഭാവി എന്തായിരിക്കും? അന്ത്യ ദിനത്തെ അംഗീകരിക്കാത്ത ഒരു പറ്റം ശാസ്ത്രജ്ഞര്‍ പറയുന്നത് ഇത് അനന്തമായി വികസിച്ചു കൊണ്ടിരിക്കുമെന്നാണ്. പ്രപഞ്ചത്തെ അതിന്റെ കേന്ദ്ര ബിന്ദുവിലേക്ക് ആകര്‍ഷിക്കുന്നതിനേക്കാളും ശക്തി വികാസഗതിക്കുണ്ട് എന്നാണവരുടെ വാദം. എന്നാല്‍ ഖഗോള വിജ്ഞാനത്തില്‍ നിന്ന് ഇതുവരെ കെണ്ടത്തിയ വിവരങ്ങള്‍ വിശകലനം ചെയ്താല്‍ തന്നെ ഈ വാദം തെറ്റാണെന്ന് മനസ്സിലാകും. കാരണം നക്ഷത്രങ്ങള്‍ കെട്ടടങ്ങുകയും തമോഗര്‍ത്തങ്ങളായി മാറുകയും ചെയ്യുന്ന പ്രതിഭാസങ്ങള്‍ പ്രപഞ്ചത്തിന്റെ അനന്ത വികാസത്തെ നിഷേധിക്കുന്ന തെളിവുകളാണ്. ഉദാഹരണമായി സൂര്യന് ഓരോ സെക്കന്റിലും ഏകദേശം 4.6 മില്യണെങ്കിലും പദാര്‍ഥ നഷ്ടം സംഭവിക്കുന്നുണ്ട്. പ്രപഞ്ച വികാസം തുടര്‍ന്നാല്‍ ജ്വലിക്കുന്ന താരങ്ങള്‍ തണുത്ത ഗ്രഹങ്ങളായി മാറുകയും വികാസഗതി വിപരീതമായിത്തീരുകയും ചെയ്യും.
പ്രപഞ്ചത്തിന്റെ വികാസം ഇനി മന്ദഗതിയിലായിത്തീരുമെന്നാണ് മറ്റൊരു വിഭാഗം ഗോള ശസ്ത്രജ്ഞരുടെ കാഴ്ചപ്പാട്. ഇവരുടെ വീക്ഷണത്തില്‍ മഹാ വിസ്‌ഫോടന സമയത്ത് പ്രവഹിച്ച താപവും ആകാശ പിണ്ഡങ്ങള്‍ക്ക് ആകര്‍ഷണശക്തിയില്‍ നിന്ന് രക്ഷപ്പെടാനുളള ത്വരയുമാണ് വികാസത്തിന് കാരണമായിത്തീരുന്നത്. വിസ്‌ഫോടന സമയത്തുണ്ടായ വര്‍ധിച്ച ഊഷ്മാവിന്റെ അനുപാതം ഇപ്പോള്‍ കുറഞ്ഞതായി കെണ്ടത്തിയിട്ടുണ്ട്. ഇത് ഇനിയും കുറയുകയും ആകര്‍ഷണ ശക്തി വര്‍ധിക്കുകയും ചെയ്യുന്നതോട് കൂടി പ്രപഞ്ച കേന്ദ്രത്തില്‍ നിന്ന് അകന്നുപോയ പിണ്ഡങ്ങള്‍ വീണ്ടും ഒരുമിച്ച് കൂടി പൂര്‍വ സ്ഥിതി പ്രാപിക്കാനിടയുണ്ട്. മഹാ വിസ്‌ഫോടനത്തിന് വിപരീതമായി ഒരു മഹാ സങ്കോചമായിരിക്കും അപ്പോള്‍ സംഭവിക്കുക. വിശുദ്ധ ഖുര്‍ആനില്‍ ഇക്കാര്യം സൂചിപ്പിക്കുന്നതായി കാണാം. ''ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചതുപോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം അത് നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്'' (അമ്പിയാഅ്:104). അല്ലാഹു ഈ പ്രപഞ്ചതാളിനെ അതുള്‍ക്കൊളളുന്ന പദാര്‍ഥവും ഊര്‍ജവും കൂട്ടി ചുരുട്ടി മഹാ വിസ്‌ഫോടനത്തിന് മുമ്പുളളതിന് സമാനമായ പരുവത്തിലാക്കും എന്നാണ് ഈ വചനത്തില്‍ നിന്ന് ഗ്രഹിക്കാന്‍ കഴിയുന്നത്. പിന്നീട് ഇതില്‍ നിന്ന് അനന്തവും അനശ്വരവുമായ പാരത്രിക ജീവിതത്തിന് വേണ്ടി മറ്റൊരു സൃഷ്ടിപ്പ് കൂടി നടത്തുമെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. ''ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അതുപോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ടു വരികയും ചെയ്യുന്ന ദിവസം'' (ഇബ്‌റാഹീം 48).
പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം ഒരു മഹാ വിസ്‌ഫോടനത്തിലൂടെ സംഭവിച്ചുവെന്നത് പോലെ ഇതിന്റെ അന്ത്യം The Big Crunch എന്ന ഒരു മഹാ വിനാശത്തിലൂടെയായിരിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ ഈ രണ്ട് സിദ്ധാന്തങ്ങളെക്കുറിച്ചുമുളള പരാമര്‍ശം ഖുര്‍ആനിലെ ഒരു അധ്യായത്തില്‍ തന്നെ (അമ്പിയാഅ്: 30,104) പ്രസ്താവിച്ചുവെന്നതും ശ്രദ്ധേയമാണ്.