ഖുര്‍ആന്‍ സത്യം ചെയ്തു പറഞ്ഞ മറ്റൊരു ഫലം ഒലീവാണ്. ഒലീവിനെക്കുറിച്ച് ഹദീസുകളിലും വിവരിക്കുന്നുണ്ട്. ഖുര്‍ആനില്‍ നൂറിലധികം സ്ഥലങ്ങളില്‍ സസ്യശാസ്ത്രം പ്രതിപാദിക്കുന്നതില്‍ ആറിടത്ത് ഒലീവ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. അതിനുപുറമെ ഒരിടത്ത് അല്ലാഹുവിന്റെ പ്രകാശത്തെ ഒലിവെണ്ണ കൊണ്ട് കത്തിക്കപ്പെടുന്ന വിളക്കിനോടാണ് ഉപമിച്ചിട്ടുളളത്. 'സീന പര്‍വതത്തില്‍ മുളച്ചുവരുന്ന ഒരു മരവും നാം നിങ്ങള്‍ക്ക് സൃഷ്ടിച്ചു തന്നിരിക്കുന്നു. എണ്ണയും ഭക്ഷണം കഴിക്കുന്നവര്‍ക്ക് കറിയും അത് ഉത്പാദിപ്പിക്കുന്നു' ( മുഅ്മിനൂന്‍ 20).
നബി(സ്വ) പറഞ്ഞു 'നിങ്ങള്‍ ഒലിവെണ്ണ കഴിക്കുകയും അത് തേക്കുകയും ചെയ്യുക. അത് ഒരു അനുഗൃഹീത വൃക്ഷത്തില്‍ നിന്നുളളതാണ്'. (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്). ആധുനിക വൈദ്യശാസ്ത്രം ഒലീവെണ്ണയുടെ അത്ഭുതകരമായ ഔഷധഗുണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, ചില രോഗങ്ങളെ ചെറുക്കാനും മറ്റു ചില രോഗങ്ങളുടെ ശമനത്തിന് ആക്കം കൂട്ടാനും ഇത് സഹായകമാണ്. ഖുര്‍ആനില്‍ അനുഗൃഹീതം എന്ന് വിശേഷിപ്പിക്കപ്പെട്ട ഒലീവിന്റെ ഔഷധഗുണത്തെക്കുറിച്ച് ഒട്ടേറെ പഠനഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയമായത് ഭക്ഷണത്തില്‍ ഒലീവ് എണ്ണ ഉപയോഗിക്കുന്ന മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ നിവാസികള്‍ക്ക് കാന്‍സറും ഹൃദ്രോഗവും താരതമ്യേന കുറവാണ് എന്നതാണ്.
ഒട്ടുമിക്ക സസ്യഎണ്ണകളും ആട്ടിയെടുത്ത് സംസ്‌കരിച്ചതിന് ശേഷമേ കഴിക്കാനാവുകയുളളൂ. എന്നാല്‍ ഒലീവെണ്ണ വെളിച്ചെണ്ണയെപ്പോലെ ശുദ്ധീകരിക്കാതെ തന്നെ ഉപയോഗിക്കാനാവും. ഒട്ടേറെ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുളള ഒലിവെണ്ണയില്‍ പ്രോട്ടീന്‍, ഫോസ്ഫറസ്, പൊട്ടാസിയം, ഇരുമ്പ്, കാല്‍സിയം, കാര്‍ബോ ഹൈഡ്രൈറ്റ്, വൈറ്റമിന്‍ എ, ബി എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഒലീവെണ്ണ മനുഷ്യന് ലഭിച്ച ഒരു ദൈവിക വരദാനമാണ്. പൂര്‍വീകര്‍ അതിന്റെ ചില പ്രയോജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രം അതിന്റെ മറ്റു വേറെ ചില നേട്ടങ്ങളും കണ്ടെത്താന്‍ തുടങ്ങിയിരിക്കുന്നു. കൊളസ്‌റ്റ്രോള്‍ ഉളളവര്‍ പൊതുവെ എണ്ണ ഒഴിവാക്കേണ്ടതാണ്, എന്നാല്‍ ഒലീവെണ്ണ കൊളസ്‌റ്റ്രോള്‍ കുറക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രമേഹം, രക്തസമ്മര്‍ദം ചിലയിനം കാന്‍സറുകള്‍ എന്നിവക്കെല്ലാം ഒലീവ് ഫലപ്രദമായ ഔഷധം തന്നെയാണ്.
സ്‌പെയിനില്‍ എലികളിള്‍ നടത്തിയ ഒരു പരീക്ഷണത്തില്‍ നിന്നും കാന്‍സറിനെ തടയാന്‍ ഒലീവെണ്ണക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണശാലയില്‍ വളര്‍ത്തുന്ന എലികളില്‍ ഒരു വിഭാഗത്തിന് ഒലീവെണ്ണയും മറ്റൊരു വിഭാഗത്തിന് മത്സ്യ എണ്ണയും വേറെ ചിലതിന് സണ്‍ഫ്‌ളവര്‍ എണ്ണയും നല്‍കുകയുണ്ടായി. പിന്നീട് ഒരോ വിഭാഗത്തിലും കാന്‍സറിന് കാരണമാകുന്ന വസ്തുക്കള്‍ കുത്തിവെച്ചപ്പോള്‍ ഒലീവെണ്ണ നല്‍കിയ വിഭാഗത്തിന് താരതമ്യേന കുറച്ച് മാത്രമെ കാന്‍സര്‍ ബാധിക്കുകയുണ്ടായുളളൂ. ഭക്ഷണത്തില്‍ അഞ്ച് ശതമാനം ഒലീവെണ്ണ ഉള്‍പെടുത്തിയാല്‍ തന്നെ കോശങ്ങളിലെ അര്‍ബുദ വ്യാപനത്തിന് തടയിടാനാകും എന്നാണ് ഈ പരീക്ഷണസംഘത്തിന്റെ മേധാവി അവകാശപ്പെടുന്നത്.
ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഒരു പറ്റം മധ്യവയസ്‌കരില്‍ നടത്തിയ പഠനം ഒലീവെണ്ണ സന്ധിവേദന ലഘൂകരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാനഡയിലെ പാരമ്പര്യ വൈദ്യന്മാര്‍ പിത്താശയക്കല്ലിന് പ്രധാനമായും നല്‍കുന്നത് ഒലീവെണ്ണതന്നെയാണ്. പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഒലീവെണ്ണ സഹായകമാണെന്നാണ് അമേരിക്കയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നടത്തിയ പഠനം തെളിയിക്കുന്നത്. എങ്കിലും ഈ രംഗത്ത് ഇനിയും ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയത് കൊണ്ട് ഒലീവെണ്ണ ഊര്‍ജസ്വലത നിലനിര്‍ത്താനും വാര്‍ധക്യത്തെ അകറ്റാനും സഹായിക്കും. തലച്ചോറിന്റെ ശക്തി കാത്തുസൂക്ഷിക്കുന്നതു കൊണ്ട് ബൗദ്ധിക കര്‍മങ്ങള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കാനും വാര്‍ധക്യത്തില്‍ ഓര്‍മശക്തി നശിക്കുന്നത് തടയാനും ഇതിന്റെ നിത്യോപയോഗം മൂലം സാധ്യമാണ്. കാരണം വാര്‍ധക്യത്തില്‍ മസ്തിഷ്‌ക്കത്തെ പ്രവര്‍ത്തനക്ഷമമാക്കുന്ന ഒട്ടേറെ ഫാറ്റ് അമ്‌ളങ്ങള്‍ ഈ എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഒലീവ് അനുഗൃഹീതമായതും ഇത്തരം നേട്ടങ്ങള്‍ ഉള്ളത് കൊണ്ട് കൂടിയാകാം.
യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണകാരണങ്ങളില്‍ ആദ്യത്തെ അഞ്ചെണ്ണത്തില്‍ ഒന്ന് കാന്‍സറാണ്. എങ്കിലും ഒലീവ് പ്രധാന എണ്ണയായി ഉപയോഗിക്കുന്ന യൂറോപ്പിലെ തന്നെ വടക്ക് പടിഞ്ഞാന്‍ മേഖലയില്‍ കാന്‍സര്‍ മരണനിരക്ക് താരതമ്യേന കുറവാണ്. ആമാശയ അര്‍ബുദം, സ്തനാര്‍ബുദം തുടങ്ങി കാന്‍സറിന്റെ ഒട്ടേറെ ഇനങ്ങളുടെ അനുപാതം കുറയ്ക്കാന്‍ ഈ അനുഗൃഹീത എണ്ണക്ക് കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതോടൊപ്പം ദഹനം എളുപ്പമാക്കുകയും വിരശല്യം ഇല്ലാതാക്കുകയും ആമാശയത്തിലെ അസിഡിറ്റി ഒഴിവാക്കി അള്‍സറിനെ അകറ്റുകയും ചെയ്യും. തലയില്‍ തേക്കുന്നത് മുടികൊഴിച്ചിലും അകാലനരയും തടയാന്‍ സഹായകമാകും. ഇത് ചൊറി, ചിരങ്ങ് പോലുളള ത്വഗ്‌രോഗങ്ങള്‍ക്ക് ശമനം നല്‍കുമെന്ന് ഇബ്‌നു സീന രേഖപ്പെടുത്തിയിട്ടുണ്ട്.