Skip to main content

ഭൗമ പാളികള്‍

ഭൂമിയുടെ അന്തര്‍ഭാഗത്തെ ഭൗമ ശാസ്ത്രജ്ഞര്‍ മുമ്പ് മൂന്നു തട്ടുകളായിട്ടാണ് ഗണിച്ചിരുന്നത്. പിന്നീട് അതിനെ നാലായും അഞ്ചായും അവര്‍ തരം തിരിച്ചു. എന്നാല്‍ ഇന്ന് ആധുനിക ഭൗമ ശാസ്ത്രജ്ഞര്‍ ഭൂമിയുടെ അകക്കാമ്പില്‍ ഒരു കേന്ദ്രബിന്ദുവടക്കം ഭൂമിക്ക് ഏഴു അടുക്കുകളുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഈ കണ്ടെത്തല്‍ ഖുര്‍ആനിലെ സൂറത്ത് ത്വലാഖിലെ പന്ത്രണ്ടാം വചനത്തിലെ ഒരു പ്രസ്താവനയുടെ ആശയത്തിലേക്ക് കൂടി വെളിച്ചം വീശുന്നുണ്ട്. അല്ലാഹു പറയുന്നു. ''അല്ലാഹുവാകുന്നു ഏഴു ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്‍'' (65:12). ചില വ്യാഖ്യാതാക്കള്‍ ഈ വചനത്തെ വിശദീകരിച്ച് കൊണ്ട് പറഞ്ഞത് ഏഴു ആകാശങ്ങള്‍ ഉളളത് പോലെ ഏഴു ഭൂമികളും ഉണ്ട് എന്നാണ്. എന്നാല്‍ സൂക്ഷ്മായി വിശകലനം നടത്തിയാല്‍ ഇത് ഏഴു ഭൂമികളെ കുറിച്ചല്ല മറിച്ച് ഭൂമിയുടെ ഏഴു പാളികളെക്കുറിച്ചാണ് പറയുന്നത് എന്നു കണ്ടെത്താന്‍ കഴിയും. 

ഖുര്‍ആനില്‍ ആകാശത്തെക്കുറിച്ച് പ്രസ്താവിച്ച അധിക സ്ഥലങ്ങളിലും സമാവാത്ത് എന്ന് ബഹുവചന രൂപത്തിലാണ് പ്രയോഗിച്ചിട്ടുളളത്. ഏഴു ആകാശങ്ങള്‍ എന്നു തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ആകാശങ്ങളെ ഏഴു തട്ടുകളായി സൃഷ്ടിച്ചുവെന്നും പറയുന്നുണ്ട്. ''ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍'' (67:3). ആകാശങ്ങളെക്കുറിച്ച് പറഞ്ഞ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ രണ്ട് കാര്യമാണ് പ്രതിപാദിക്കുന്നത് ഒന്ന് അവയുടെ എണ്ണം മറ്റൊന്ന് അവയുടെ ഘടനാ രൂപം. അതായത് ചില സ്ഥലങ്ങളില്‍ ഏഴു ആകാശങ്ങള്‍ എന്നും മറ്റ് ചില സ്ഥലങ്ങളില്‍ അടുക്കുകളായി ഏഴു ആകാശങ്ങള്‍ എന്നും പറയുന്നുണ്ട്. ആ സ്ഥിതിക്ക് ഭൂമിയില്‍ നിന്ന് ആകാശങ്ങള്‍ക്ക് തുല്യമായത് സൃഷ്ടിച്ചവന്‍ എന്ന് പ്രയോഗം കൊണ്ട് ഏഴു ഭൂമികള്‍ എന്നതിലുപരി ഭൂമിയില്‍ നിന്ന് ഏഴു തട്ടുകള്‍ അല്ലെങ്കില്‍ അടുക്കുകള്‍ എന്നാതായിരിക്കാം ഉദ്ദേശ്യമെന്ന് നമുക്ക് വ്യഖ്യാനിക്കാനാകും. ഖുര്‍ആനില്‍ ഭൂമിയെക്കുറിച്ച് പറഞ്ഞ സ്ഥലത്തെല്ലാം ഏകവചനം മാത്രമാണ് പ്രയോഗിച്ചത് എന്ന വസ്തുതയും ഇതിന് ഉപോദ്ബലകമായി ഗണിക്കാനാകും. അതിലുപരി ഖുര്‍ആന്‍ ഏഴു ആകാശങ്ങളുടെ ഘടനയെക്കുറിച്ച് പറയുന്നിടത്ത് ത്വിബാക് അഥവാ അടുക്കുകള്‍ എന്നാണ് പ്രയോഗിച്ചിട്ടുളളത്. അതുപോലെ ഭൗമ ശാസത്രജ്ഞരും ഭൂമിയുടെ ഘടനയെക്കുറിച്ച് പറയുന്നിടത്ത് Layers അഥവാ അടുക്കുകള്‍ എന്ന് തന്നെയാണ് പ്രയോഗിക്കുന്നത്. 

ഹദീസുകളില്‍ ഏഴു ഭൂമികള്‍ എന്ന ഒരു പദപ്രയോഗം ബഹുവചനരൂപത്തില്‍ തന്നെ കാണാം എന്നാല്‍ അത് കൊണ്ടുളള ഉദ്ദേശ്യവും ഏഴ് സ്വതന്ത്ര ഭൂമികളല്ല മറിച്ച് ഈ ഭൂമിയുടെ തന്നെ ഒന്നിന് പുറമെ മറ്റൊന്ന് എന്ന രൂപത്തിലൂളള ഏഴു തട്ടുകളാണ് എന്ന് വ്യഖ്യാനിക്കാനാകും.  

പിളര്‍പ്പുളള ഭൂമി. 

ഖുര്‍ആനില്‍ ഭൂമിയെ കൊണ്ട് സത്യം ചെയ്ത പറയുന്നിടത്ത് വല്‍ അര്‍ദി ദാതി സ്വദ്അ് അതായത് പിളര്‍പ്പുളള ഭൂമി തന്നെയാണ് സത്യം (ത്വാരിഖ് 12) എന്ന് പറയുന്നുണ്ട്. ഈ വചനത്തിന് ചില വ്യാഖ്യാതാക്കള്‍ സസ്യലതാധികള്‍ മുളക്കുന്ന ഭൂമി എന്നാണ് ഭാഷാന്തരം ചെയ്തിട്ടുളളത്. സസ്യങ്ങള്‍ മുളക്കുന്നതിനു വേണ്ടി ഭൂമി പിളരുന്നതായിരിക്കാം അത്തരത്തിലൊരു വ്യഖ്യാനത്തിന് അവരെ പ്രേരിപ്പിച്ചത്. ഖുര്‍ആനിലെ പ്രസ്തുത വചനത്തില്‍ പിളരുന്ന ഭൂമി എന്നാണ് പറഞ്ഞതെങ്കില്‍ ഇത്തരത്തിലൊരു വിശദീകരണത്തിന് സാധ്യതയുണ്ടായിരുന്നു എന്നാല്‍ ഖുര്‍ആനില്‍ പിളര്‍പ്പുളള ഭൂമി എന്നാണ് പറഞ്ഞിട്ടുളളത് ആ സ്ഥിതിക്ക് ഭൂമിക്ക് ഒരു പിളര്‍പ്പുണ്ടാകുക അനിവാര്യമാണ്. ജിയോളജിയിലെ ഏറ്റവും പുതിയ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള ഭൗമ വിടവ് ഖുര്‍ആന്‍ സത്യം ചെയ്ത ഈ വസ്തുത അനാവരണം ചെയ്യുന്നുണ്ട്. 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഭൗമ ശാസ്ത്രജ്ഞര്‍ ഭൂമിയുടെ പുറന്തോട് അനേക പാളികള്‍ കൂടിച്ചേര്‍ന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പാളികള്‍ക്കിടയില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീണ്ടു കിടിക്കുന്ന വിടവുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയും അതിന്റെ രേഖാ ചിത്രം അവര്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈയടുത്ത കാലത്ത് കണ്ടെത്തിയ വളരെ സുദീര്‍ഘമായ ഭൂമിയുടെ ഒരു പിളര്‍പ്പ് ഭൗമശാസ്ത്രജ്ഞര്‍ക്ക് വളരെ വിസ്മയമുണ്ടാക്കിയിട്ടുണ്ട്. ഏകദേശം നാല്‍പതിനായിരം കിലോമീറ്റര്‍ നീളമുളള ഒരു പിളര്‍പ്പ് ശാന്ത സമുദ്രത്തില്‍ നിന്ന് തുടങ്ങി അമേരിക്ക ജപ്പാന്‍ ഫിലിപ്പൈന്‍ ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലൂടെ കടന്ന് ന്യൂസിലാന്റ് വരെ എത്തുന്നുണ്ട്. ഭൂചലനങ്ങളില്‍ 90 ശതമാനവും സംഭവിക്കുന്നത് ഈ മേഖലയിലാണ് എന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വെളിപ്പെടുത്തുന്നത്. 

ഭൂമുഖത്ത് ഒട്ടനവധി വിടവുകളും പിളര്‍പ്പുകളും ഉണ്ടെങ്കിലും മുകളില്‍ സൂചിപ്പിച്ച പിളര്‍പ്പാണ് അതില്‍ ഏറ്റവും ദൈര്‍ഘ്യമുളളത്. അതോടൊപ്പം ഭൗമശാസ്ത്രജ്ഞരെ സംബന്ധിച്ചേടത്തോളം അത് അങ്ങേയറ്റം വിചിത്രവും അത്ഭൂതകരവും അതുല്യവുമാണ്. അതു കൊണ്ട് തന്നെ ഖുര്‍ആനില്‍ സത്യം ചെയ്ത് പറഞ്ഞ പിളര്‍പ്പുളള ഭൂമി എന്ന വചനം ഈ വിടവിനെക്കുറിച്ചായിരിക്കും പ്രതിപാദിക്കുന്നത്. ഭൂമിക്ക് പിളര്‍പ്പുളള വിവരം പരാമര്‍ശിക്കുക മാത്രമല്ല മറിച്ച് ഇതിനെക്കുറിച്ച് അല്ലാഹു സത്യം ചെയത് പറയുക കൂടി ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ അവതരിക്കുന്ന കാലത്ത് ഈ അത്ഭുത പ്രതിഭാസം ഒരാള്‍ക്കും അറിയാത്തതായിരുന്നു. അതു കൊണ്ട് തന്നെ ഇക്കാര്യം ഖുര്‍ആനിന്റെ ദൈവികതക്ക് ഒരു തെളിവു കൂടിയാണ്. അല്ലാഹു അഅ്‌ലം.

എന്തിന് വേണ്ടിയാണ് ഖുര്‍ആനില്‍ ഇത്തരത്തിലുളള ഭൗമ ശാസ്ത്ര പ്രതിഭാസങ്ങള്‍ പരാമര്‍ശിക്കുന്നത് എന്ന ചോദ്യത്തിനുത്തരവും ഖുര്‍ആനില്‍ തന്നെയുണ്ട്. ''പിളര്‍പ്പുളള ഭൂമി തന്നെ സത്യം'' എന്നു പറഞ്ഞതിന് ശേഷം തുടര്‍ന്നുളള വചനങ്ങളില്‍ അല്ലാഹു പറയുന്നു. ''തീര്‍ച്ചയായും ഇത് നിര്‍ണായകമായ ഒരു വാക്കാകുന്നു. ഇത് തമാശയല്ല'' (താരിഖ് 13,14). ഇത്തരത്തിലുളള ഭൗമ രഹസ്യങ്ങളും മറ്റും ഖുര്‍ആന്‍ വിവരിക്കുന്നത് അതിന്റെ ദൈവികതക്ക് ഒരു തെളിവായിട്ടുകൂടിയാണ് എന്നാണ് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത്. മനുഷ്യന്‍ എത്രമാത്രം വിവരം ആര്‍ജിച്ചാലും ലോകത്തുളള മുഴുവന്‍ രഹസ്യങ്ങളും പ്രതിഭാസങ്ങളും ഒരു വ്യക്തിക്ക് അറിയാന്‍ സാധിക്കുകയില്ല. അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം അവന്‍ ആകാശ ഭൂമികളിലെ ദൃശ്യവും അദൃശ്യവുമായ മുഴുവന്‍ കാര്യങ്ങളുമറിയുന്നത് കൊണ്ട് അവന്‍ അവതരിപ്പിച്ച വേദഗ്രന്ഥമായ ഖുര്‍ആനില്‍ ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയതും ഇനി കണ്ടെത്താനിരിക്കുന്നതും അതോടൊപ്പം മനുഷ്യന്റെ പരിമിതമായ അറിവിന് ഒരിക്കലും കണ്ടെത്താന്‍ കഴിയാത്തതുമായ ഒട്ടനവധി വിവരങ്ങള്‍ ഉള്‍കൊളളുന്നുണ്ട്. 

Feedback