Skip to main content

ഖുര്‍ആനിലെ ഉപമകള്‍ (26)

അല്ലാഹുവില്‍ നിന്നുള്ള ഗ്രന്ഥമായ ഖുര്‍ആന്‍ കേവലം വിധിവിലക്കുകള്‍ പരാമര്‍ശിക്കുന്ന ഒരു ഗ്രന്ഥമല്ല. മാനവ സമൂഹത്തിന് സമഗ്രവും സമ്പൂര്‍ണ്ണവുമായ വെളിച്ചം നല്‍കാന്‍ പര്യാപ്തമായ ഒരു മഹദ് ഗ്രന്ഥമാണ്. നിയമാവലികളും ശിക്ഷണപാഠങ്ങളും ഗുണപാഠങ്ങളും അതില്‍ ഏറെയുണ്ട്. വഴികാട്ടിയും മാര്‍ഗദര്‍ശിയുമാണ് അതിന്റെ വചനങ്ങള്‍. വിവരണം, കഥാകഥനം, ആഖ്യാനം തുടങ്ങി പല രൂപത്തിലും ഖുര്‍ആന്‍ മനുഷ്യമനസ്സുകളെ സമീപിക്കുന്നുണ്ട്. ഉപമകളിലൂടെയും ഉദാഹരണങ്ങളിലൂടെയും കാര്യങ്ങള്‍ എളുപ്പത്തില്‍ ഗ്രാഹ്യമാക്കുന്നതിനും ഖുര്‍ആനില്‍ ഉദാഹരണങ്ങള്‍ കാണാം.

ഭാഷയില്‍ ഉപമാലങ്കാരങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. വായനക്കാരന്റെ ആസ്വാദ്യത വര്‍ധിപ്പിക്കുന്നതോടൊപ്പം എളുപ്പത്തില്‍ കാര്യം ഗ്രഹിക്കാന്‍ അതുപകരിക്കുന്നു. ഖുര്‍ആനില്‍ നാല്‍പതിലേറെ സ്ഥലങ്ങളില്‍ വ്യക്തമായ ഉപമകളും ഒട്ടേറെ സ്ഥലങ്ങളില്‍ വ്യംഗ്യമായ ഉപമകളും കാണാവുന്നതാണ്. ഏറെ പ്രയാസമുള്ള ഒരു വിഷയം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഉപമകളാണ് നല്ലത്. മനസ്സില്‍ ആഴത്തില്‍ തറക്കുന്നതാവും ചില ഉദാഹരണങ്ങള്‍. സംക്ഷിപ്തവും ആശയവിനിമയക്ഷമവും സൗന്ദര്യാത്മകവും ആയിരിക്കും മിക്ക ഉപമകളും. ഉദ്‌ബോധനങ്ങളിലും താക്കീതുകളിലും ഗുണദോഷപാഠങ്ങളിലുമെല്ലാം ഖുര്‍ആനില്‍ ഈ ഘടകത്തിന് പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നു.

എന്തിനോടുപമിക്കുന്നു എന്നതല്ല, ഉപമയിലെ പ്രമേയമാണ് ശ്രദ്ധിക്കേണ്ടത്. കാര്യബോധമുള്ളവര്‍ വിഷയപ്രാധാന്യം കല്‍പ്പിക്കുമ്പോള്‍, കാര്യശേഷി കുറഞ്ഞവര്‍ അതിന്റെ പുറമ്പോക്കുകളില്‍ തപ്പിത്തടയും. അല്ലാഹു പറയുന്നത് കാണുക;- 'ഏതൊരു വസ്തുവെയും ഉപമയാക്കുന്നതില്‍ അല്ലാഹു ലജ്ജിക്കുകയില്ല. അതൊരു കൊതുകോ അതിനേക്കാള്‍ നിസ്സാരമോ ആകട്ടെ. എന്നാല്‍ വിശ്വാസികള്‍ക്ക് അത് തന്റെ നാഥന്റെ പക്കല്‍ നിന്നുള്ള സത്യമാണെന്ന് ബോധ്യമാകുന്നതാണ്. സത്യനിഷേധികളാവട്ടെ, ഈ ഉപമകൊണ്ട് അല്ലാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിക്കുകയാണ് ചെയ്യുക. ആ ഉപമ ചിലരെ പിഴവിലാക്കുന്നു, ചിലരെ നേര്‍വഴിയിലേക്ക് നയിക്കുന്നു. എന്നാല്‍ അധര്‍മകാരികളല്ലാത്ത ആരും അതിനാല്‍ വഴിപിഴപില്‍പെടുകയില്ല' (ഖുര്‍ആന്‍ 2:26).

ഉപമകളും ഉദാഹരണങ്ങളും നല്‍കി കാര്യങ്ങള്‍ വിവരിച്ചു കൊടുത്താലും വലിയൊരു വിഭാഗം അവയെ അവഗണിക്കുന്ന സ്വഭാവക്കാരാണ് എന്നാണ് അല്ലാഹു പറയുന്നത്. ''തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ അധികപേരും നിഷേധിക്കാനേ തയ്യാറാവുന്നുള്ളൂ'' (ഖു:17:89).

ഉദാഹരണസഹിതം കാര്യങ്ങള്‍ വിവരിക്കുന്നത് ജനങ്ങള്‍ കൂടുതല്‍ ചിന്തിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടിയാണ്. കാരുണ്യവാനായ അല്ലാഹു തന്റെ അടിമകള്‍ സന്മാര്‍ഗചാരികളായി വിജയം കൈവരിക്കണമെന്നാണാഗ്രഹിക്കുന്നത്. അവന്റെ കാരുണ്യമാണ് കോപത്തേക്കാള്‍ മികച്ചു നില്‍ക്കുന്നത്. അറിവുള്ളവര്‍ അത് ചിന്തിച്ച് മനസ്സിലാക്കണമെന്ന് അല്ലാഹു ഓര്‍മപ്പെടുത്തുന്നു.

''ഉപമകള്‍ നാം മനുഷ്യര്‍ക്ക് വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുകയില്ല'' (29:43).

ശുദ്ധമായ അറബി ഭാഷയില്‍, വളച്ചു കെട്ടലുകളോ അവ്യക്തതകളോ ഇല്ലാതെ, കാര്യങ്ങള്‍ ഗ്രഹിക്കാനും ചിന്തിക്കാനും അതുമുഖേന സൂക്ഷ്മതയാര്‍ന്ന ജീവിതം നയിക്കാനും സഹായകമാവുന്ന ഉദാഹരണങ്ങളാണ് ഖുര്‍ആനില്‍ പറയുന്നത്. ''തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ ജനങ്ങള്‍ക്ക് വേണ്ടി നാം എല്ലാ വിധത്തിലുള്ള ഉപമകളും വിവരിച്ചിട്ടുണ്ട്. അവര്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി, അതെ ഒട്ടും വക്രതയുള്ളതല്ലാത്ത, അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍, അവര്‍ സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടി'' (39: 27, 28).
 
എന്നാല്‍ ലോക രക്ഷിതാവും പരാശ്രയം ആവശ്യമില്ലാത്തവനും സര്‍വശക്തനുമായ അല്ലാഹുവിനെ, തന്റെ സൃഷ്ടികളില്‍ ഒന്നിനോടും താരതമ്യപ്പെടുത്താവതല്ല. അവന്റെ കഴിവും കാഴ്ചയും കേള്‍വിയും കേവലം പേരില്‍ ഒഴികെ മറ്റാരോടെങ്കിലും ഉപമിച്ചു കൂടാ. അവന് സമാനമായി ഒന്നും ഈ പ്രപഞ്ചത്തിലില്ല എന്നതാണ് സത്യം. ''ആകയാല്‍ അല്ലാഹുവിന് നിങ്ങള്‍ ഉപമകള്‍ പറയരുത്. തീര്‍ച്ചയായും അല്ലാഹു അറിയുന്നു, നിങ്ങള്‍ അറിയുന്നില്ല'' (16:74).

സത്യനിഷേധം മുഖമുദ്രയാക്കുന്നവര്‍ക്ക് ഉപമകളും ഉദാഹരണങ്ങളും പുച്ഛമായിരിക്കും. മനസ്സ് തുറന്ന് വസ്തുതകള്‍ മനസ്സിലാക്കാന്‍ അവരുടെ അഹങ്കാരം അനുവദിക്കുകയില്ല. അല്ലാഹു പറയുന്നു ''മനുഷ്യര്‍ക്കു വേണ്ടി ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും നാം നിവരിച്ചിട്ടുണ്ട്. നീ വല്ല ദൃഷ്ടാന്തവും കൊണ്ട് അവരുടെ അടുത്തു ചെന്നാല്‍ അവിശ്വാസികള്‍ പറയും; നിങ്ങള്‍ അസത്യവാദികള്‍ മാത്രമാണെന്ന്'' (30:58).

തര്‍ക്കവിതര്‍ക്കങ്ങളിലൂടെ വസ്തുതകള്‍ തമസ്‌കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഉപമകളും ഉദാഹരണങ്ങളും ഫലം ചെയ്യണമെന്നില്ല ''നിശ്ചയം ജനങ്ങള്‍ക്ക് വേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അത്യധികം തര്‍ക്ക സ്വഭാവമുള്ളവനത്രെ''(18:54).

വിശുദ്ധ ഖുര്‍ആനിലെ ഏതാനും ഉപമകളാണ് തുടര്‍ന്നുള്ള പേജുകളില്‍.


 

Feedback